ADVERTISEMENT

ഹലോ ഗയ്സ്...

ഇതു കേൾക്കുമ്പോഴേ പറയാൻ പോകുന്ന വിഷയത്തെക്കുറിച്ചൊരു ‘ക്ലൂ’ കിട്ടിക്കാണുമല്ലോ. അതെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ് എന്ന തൊഴിൽമേഖലയെക്കുറിച്ചുതന്നെ. സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റികളാണ് ഇൻഫ്ലുവൻസേഴ്സ്. പേരിലെ ഗ്ലാമർ ജോലിക്കും ഉള്ളതിനാൽ യുവാക്കളുടെ പ്രിയ കരിയർ ചോയ്സ്.

ലക്ഷം ലക്ഷം പിന്നാലെ

ഇതൊരു സ്വയംതൊഴിലാണ്. ഒരു സ്മാർട്ഫോണും ലാപ്ടോപ്പും ഇന്റർനെറ്റ് കണക്‌ഷനുമുള്ള ആർക്കും കുറഞ്ഞ മുതൽമുടക്കിൽ കടന്നുവരാവുന്ന മേഖല. വ്യത്യസ്തമായ കണ്ടന്റ് വഴി സമൂഹമാധ്യമങ്ങളിൽ ഫോളോവേഴ്സിനെ സൃഷ്ടിക്കുക എന്നതാണ് ആദ്യപടി. ഇതിനായി ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയവയെ ആശ്രയിക്കാം. ഗൂഗിൾ ആഡ്സെൻസിന്റെ അംഗീകാരം ലഭിച്ചാൽ വരുമാനം വന്നുതുടങ്ങും. ഫോളോവേഴ്സിന്റെയും വ്യൂവേഴ്സിന്റെയും എണ്ണം കൂടുന്തോറും വരുമാനവും വർധിക്കും. പെയ്ഡ് പ്രമോഷൻ ലഭിച്ചുതുടങ്ങിയാൽ പിന്നെ ധൈര്യമായി മുന്നോട്ടുപോകാം. കമ്പനികളും സംരംഭങ്ങളും അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും മാർക്കറ്റ് ചെയ്യാൻ നിങ്ങൾക്കു പരസ്യം നൽകുന്നതിനെയാണ് പെയ്ഡ് പ്രമോഷൻ എന്നു പറയുന്നത്. കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കു കൂടുതൽ പ്രതിഫലവും ലഭിക്കും. ഇൻഫ്ലുവൻസർമാരെ ഉപയോഗിച്ചുള്ള സിനിമാ പ്രമോഷൻ കേരളത്തിലുൾപ്പെടെ സാധാരണമായിക്കഴിഞ്ഞു.

സംഗതി ടഫ് ആണ് ഗയ്സ്

ഇന്ത്യയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് മാർക്കറ്റ് 2022ൽ 1275 കോടി രൂപയുടേതായിരുന്നു. 2025 ആകുമ്പോഴേക്കും ഇതു 2800 കോടിയുടേതാകുമെന്നു സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഗണ്യമായി ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് രാജ്യത്ത് ഒരു ലക്ഷത്തിലധികമാണ്. ഇവർക്കിടയിൽ പിടിച്ചുനിൽക്കാനും സാന്നിധ്യമറിയിക്കാനും നിലവാരമുള്ള കണ്ടന്റ് നിർമിക്കാൻ കഴിയണം. ‘ഡൂ ഇറ്റ് യുവേഴ്സെൽഫ്’ (DIY) മാതൃകയിലുള്ള ലളിതമായ കണ്ടന്റ് വഴി കുട്ടികളെയടക്കം ആകർഷിക്കുന്ന എം4ടെക് എന്ന ചാനലിന് യുട്യൂബിൽ 1.22 കോടി സബ്സ്ക്രൈബേഴ്സുണ്ട്. മൊബൈൽ ഫോൺ കൊണ്ട് മിഡിൽഈസ്റ്റ് കീഴടക്കിയ കണ്ണൂരുകാരിയാണ് ജുമാന ഖാൻ. 60 ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ ജുമാനയെ ഫോളോ ചെയ്യുന്നത്. ഏറ്റവും സ്വാധീനമുള്ള മലയാളി ഇൻഫ്ലുവൻസർമാരിൽ ഒരാൾ. ആഗോള കമ്പനികൾ വരെ ഉൾപ്പെട്ട കൊളാബറേഷൻ പട്ടിക.

jumana-khan
ജുമാന ഖാൻ

പഠിക്കാനും അവസരം

അയർലൻഡിലെ സൗത്ത് ഈസ്റ്റ് ടെക്നിക്കൽ യൂണിവേഴ്സിറ്റി 2024 സെപ്റ്റംബറിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസിങ്ങിൽ ത്രിവത്സര ഡിഗ്രി പ്രോഗ്രാം തുടങ്ങുകയാണ്. ബിസിനസ് സ്കിൽസ്, ഓഡിയോ ആൻഡ് വിഡിയോ എഡിറ്റിങ്, ക്രിയേറ്റീവ് റൈറ്റിങ്, കൂടാതെ ക്രിട്ടിക്കൽ ആൻഡ് കൾചറൽ സ്കിൽസ് എന്നിവയാണ് പാഠ്യപദ്ധതിയിലുള്ളത്.

ഇന്ത്യയിൽ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ 4 മാസത്തെ സൗജന്യ മീഡിയ ഇൻഫ്ലുവൻസർ കോഴ്സുണ്ട്. യോഗ്യത പ്ലസ്ടു. കണ്ടന്റ് ക്രിയേഷൻ, ഫോട്ടോഷോപ് വിഡിയോ എഡിറ്റിങ് തുടങ്ങിയവയാണ് പ്രധാനമായും പഠിപ്പിക്കുന്നത്. എങ്ങനെ നല്ല ഇൻഫ്ലുവൻസറാകാമെന്നു പരിശീലിപ്പിക്കുന്ന ഓൺലൈൻ ട്രെയ്നിങ് കോഴ്സുകളും ലഭ്യമാണ്.

നല്ല കണ്ടന്റ് നൽകി ആക്ടീവായി നിന്നാൽ സാധാരണ ജോലിയെ അപേക്ഷിച്ച് നാലിരട്ടി വരുമാനം ലഭിക്കും. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നമ്മുടേതല്ല എന്നതും ഓർക്കണം. അവിടെ നിയമങ്ങളും നിയന്ത്രണങ്ങളും ഏതു നിമിഷവും മാറിമറിയാം. ഈ മാസം കിട്ടുന്ന വരുമാനം അടുത്ത മാസം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുകയുമരുത്. എക്കാലത്തും പിടിച്ചുനിൽക്കാൻ ഫിനാൻഷ്യൽ മാനേജ്മെന്റ് പരിശീലിക്കണം.

jeo-joseph
ജിയോ ജോസഫ്

ജിയോ ജോസഫ്, 

എം4 ടെക്

എട്ടുവർഷം മുൻപ് ഞാൻ സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോൾ അധികം മത്സരമില്ലായിരുന്നു. തുടക്കത്തിൽ പ്രതിഫലമില്ലാതെയാണ് ബ്രാൻഡുകളെ പ്രമോട്ട് ചെയ്തിരുന്നത്. നന്നായി വ്യൂവേഴ്സിനെ കിട്ടിയതോടെ വരുമാനമായി. മികച്ച ഇൻഫ്ലുവൻസർക്കുള്ള രാജ്യാന്തര പുരസ്‌കാരങ്ങളും ലഭിച്ചു. എന്റെ മൂല്യങ്ങളുമായി ചേർന്നുപോകുന്ന ബ്രാൻഡുകളാണെന്ന് ഉറപ്പാക്കാറുണ്ട്. ഇൻഫ്ലുവൻസിങ് മേഖലയിലൂടെയാണ് സിനിമാ / ആൽബം അവസരങ്ങളും കിട്ടിയത്.

ജുമാന ഖാൻ

Content Summary:

The Rise of the Influencers: How Social Media Stars Are Making Big Bucks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com