പിഎം ശ്രീ പദ്ധതി: കേരളത്തിലെ 32 കേന്ദ്രീയ വിദ്യാലയങ്ങൾ പങ്കാളികളായി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിനു കേന്ദ്രസർക്കാർ ആവിഷ്കരിച്ച പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎം–ശ്രീ) പദ്ധതിയിൽ കേന്ദ്രീയ വിദ്യാലയ സംഘടന്റെ (കെവിഎസ്) എറണാകുളം മേഖലയുടെ കീഴിലുള്ള 32 സ്കൂളുകളും പങ്കാളികളായി.
ഈ സ്കൂളുകളുടെ പേരിനൊപ്പം ‘പിഎംശ്രീ’ എന്നു ചേർത്തിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 6448 സ്കൂളുകളാണു പദ്ധതിയിലേക്കു തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ 733 കേന്ദ്രീയ വിദ്യാലയങ്ങളും 317 നവോദയ സ്കൂളുകളും ഉൾപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനവും പാഠ്യ–പാഠ്യേതര രംഗത്തെ വികസനവുമെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. ഇതേസമയം, കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന ചില വ്യവസ്ഥകളിലെ വിയോജിപ്പുകാരണം കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങൾ പദ്ധതിയിൽ ചേരാൻ സമ്മതമറിയിച്ചിട്ടില്ല. കേരളത്തിനു പുറമേ ഡൽഹി, ബംഗാൾ, ബിഹാർ, ഒഡീഷ, തമിഴ്നാട്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഇതുവരെ ധാരണാപത്രം ഒപ്പിടാത്തത്.
രാജ്യത്തെ 14,500 സ്കൂളുകൾ നവീകരിക്കാനുള്ള പിഎം ശ്രീ പദ്ധതി കഴിഞ്ഞ വർഷം സെപ്്റ്റംബറിലാണു പ്രഖ്യാപിച്ചത്. 5 വർഷത്തേക്കുള്ള പദ്ധതിക്ക് 27,360 കോടി രൂപയാണു ചെലവഴിക്കുന്നത്.