ആരെങ്കിലും പ്രകോപിപ്പിച്ചാൽ തനിനിറം പുറത്തു വരാറുണ്ടോ?; മാറേണ്ടത് പിടിച്ചു കുലുക്കിയവരല്ല, നമ്മളാണ്
Mail This Article
ഗുരുവും ശിഷ്യരും തമ്മിലുള്ള സംവാദം നടക്കുകയാണ്. ഗുരു ചോദിച്ചു: നിങ്ങൾ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഒരാളുടെ കയ്യിൽ തട്ടി, ചായ നിലത്തുവീണു. എന്തുകൊണ്ടാണ് ചായ തുളുമ്പിയത്? മറ്റൊരാളുടെ കൈ തട്ടിയതുകൊണ്ട് എന്നായിരുന്നു ശിഷ്യരുടെ മറുപടി. ഗുരു പറഞ്ഞു: അല്ല, കപ്പിൽ ചായ ഉണ്ടായിരുന്നതുകൊണ്ട്. കപ്പിൽ നാരങ്ങാവെള്ളമാണുണ്ടായിരുന്നതെങ്കിൽ അതിൽനിന്നു ചായ തുളുമ്പില്ലായിരുന്നു. അതിനുള്ളിൽ ഒന്നുമില്ലായിരുന്നെങ്കിൽ എത്ര കൈ തട്ടിയാലും ഒന്നും പുറത്തുപോകില്ലായിരുന്നു. കപ്പിനകത്ത് എന്താണോ ഉള്ളത് അതു മാത്രമാണു പുറത്തുവരിക.
അപ്രതീക്ഷിത ഉലച്ചിൽ ആളുകളുടെ യഥാർഥസ്വഭാവം പുറത്തുകൊണ്ടുവരും. ആരും അകത്തും പുറത്തും ഒരുപോലെ യല്ല. പ്രദർശനസാധ്യതയുള്ള ഇടങ്ങളിൽ തങ്ങൾ വികൃതമാകാൻ ആരും അനുവദിക്കില്ല. അതുകൊണ്ടാണ് വീടിനുള്ളിൽ ഒരു വേഷവും പുറത്ത് മറ്റൊരു വേഷവും എല്ലാവരും അണിയുന്നത്. രാത്രികള്ളൻ പകൽ ദാനശീലനാകും. മരണവീട്ടിലും വിവാഹവീട്ടിലും സന്ദർഭാനുസൃത മുഖഭാവങ്ങൾ പ്രകടിപ്പിക്കും. അസാധാരണ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോഴറിയാം അകക്കാമ്പ് എന്താണെന്ന്. എത്തിപ്പെടുന്ന അവസ്ഥ പ്രകോപനപര മാണെങ്കിൽ പ്രത്യേകിച്ചും. അത്തരം സന്ദർഭങ്ങളെ നേരിടേണ്ടി വരാത്തതുകൊണ്ടുമാത്രം വിശുദ്ധഭാവം ജീവിതത്തിൽ നിലനിർത്തുന്നവരുണ്ട്.
പിടിച്ചുകുലുക്കിയവരെയല്ല ശ്രദ്ധിക്കേണ്ടത്. ഇളകിമറിഞ്ഞപ്പോൾ തുളുമ്പിപ്പോയവയെയാണ് നിരീക്ഷിക്കേണ്ടത്. കുലുക്കം ഇല്ലാതാക്കാനോ കുലുക്കുന്നവരെ അപ്രത്യക്ഷമാക്കാനോ കഴിയില്ല. ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നതു നല്ലതാണ്. അകത്തെന്താണുള്ളത്, ജീവിതം പ്രതിസന്ധിയിലാകുമ്പോൾ എന്തൊക്കെ തുളുമ്പി പുറത്തേക്കു വരും. സന്തോഷം, നന്മ, വിജയം, അതൃപ്തി, ക്രോധം, അഹംഭാവം ഇവയിലേതെല്ലാമായിരിക്കും ആകസ്മിക നിമിഷങ്ങളിൽ അടയാളങ്ങളാകുക. ജീവിതം ചില ഒഴിഞ്ഞ കപ്പുകൾ കൈമാറും. അതിൽ എന്തെല്ലാം നിറയ്ക്കുന്നുണ്ട് എന്നത് ഓരോരുത്തരുടെയും തിരഞ്ഞെടുപ്പാണ്. എന്താണോ നിറച്ചത് അതു പുറത്തേക്ക് ഒഴുകും. ബഹിർഗമിക്കുന്നത് അശുദ്ധമെങ്കിൽ അകം ഉടൻ ശുദ്ധീകരിക്കണം.