എല്ലാം നേടിയിട്ടും സന്തോഷം കിട്ടുന്നില്ലേ?; വല്ലപ്പോഴും തോറ്റു കൊടുക്കാനും പഠിക്കാം , എതിരാളികളുടെ എണ്ണം കുറയ്ക്കാം
Mail This Article
യുവാവ് ആശ്രമാധിപനോടു പറഞ്ഞു: ‘എനിക്കും യോഗി ആകണമെന്നുണ്ട്. പക്ഷേ, അതിനുതകുന്ന പാഠങ്ങളൊന്നും പഠിച്ചിട്ടില്ല. ആകെ അറിയുന്നത് ചെസ് കളിക്കാനാണ്. അതു ജ്ഞാനത്തിലേക്കു നയിക്കില്ലെന്നറിയാം. മത്സരങ്ങൾ പാപങ്ങളിലേക്കു നയിക്കുന്നുവെന്നും കേട്ടിട്ടുണ്ട്’. ഗുരു ശിഷ്യരെ വിളിച്ചു പറഞ്ഞു: ‘ഒരു ചെസ് ബോർഡ് കൊണ്ടുവരിക. ഇയാളുമായി ആർക്കും മത്സരിക്കാം. തോൽക്കുന്നയാൾ പിന്നെ ആശ്രമത്തിലുണ്ടാകില്ല’.
വെല്ലുവിളി ഏറ്റെടുത്ത ശിഷ്യനുമായി യുവാവ് മത്സരം ആരംഭിച്ചു. വളരെ വേഗം തനിക്കു ജയിക്കാനാകുമെന്നു യുവാവിനു മനസ്സിലായി. അപ്പോഴാണ് അയാൾ എതിരാളിയുടെ കണ്ണിലേക്കു നോക്കിയത്. ആ മുഖത്തെ നിസ്സഹായത കണ്ട യുവാവ് സ്വയം തോറ്റുകൊടുക്കാൻ തുടങ്ങി. എല്ലാം കണ്ടുനിന്ന ഗുരു ചെസ് ബോർഡ് മറിച്ചുകളഞ്ഞിട്ട് യുവാവിനോടു പറഞ്ഞു: ‘നിനക്കു മത്സരവീര്യം മാത്രമല്ല മഹാമനസ്കതയുമുണ്ട്. ആശ്രമത്തിലേക്കു സ്വാഗതം’.
തോറ്റുകൊടുത്താൽ മാത്രം ജയിക്കുന്ന ചില മത്സരങ്ങളുണ്ട് ജീവിതത്തിൽ. കിരീടങ്ങൾക്കോ വെന്നിക്കൊടികൾക്കോ യാതൊരു പ്രാധാന്യവുമില്ലാത്ത കളികളാണവ. മത്സരക്ഷമതയുണ്ടായിട്ടും പിൻവാങ്ങുന്ന മത്സരാർഥികൾ മുന്നോട്ടുവയ്ക്കുന്ന ചില സത്യങ്ങളുണ്ട്. ജയിക്കാൻ വേണ്ടി മാത്രം ജനിച്ചു എന്നവകാശപ്പെടുന്ന പലരുടെയും ജീവിതം പരാജയമാണ്. കീർത്തിമുദ്രകളൊന്നും നേടാത്ത പലരും പിന്നീടു മാർഗദർശികളാകും.
തോൽവിയും ജയവും മത്സരത്തിന്റെ പരിണതഫലം മാത്രമല്ല, പങ്കെടുക്കുന്നവരുടെ മാനസികനില കൂടിയാണ്. രണ്ടാം സ്ഥാനം നേടിയിട്ടും ഒന്നാം സ്ഥാനക്കാരനെ നോക്കി അസൂയപ്പെടുന്നവന് ഒരിക്കലെങ്കിലും വിജയനിമിഷങ്ങൾ ഉണ്ടാകുമോ. അവസാനസ്ഥാനത്തെത്തുമ്പോഴും തന്നിലെ മത്സരശേഷിയെക്കുറിച്ച് അഭിമാനിക്കുന്നവന് മെഡലുകളെക്കാൾ വലുതാണ് ജീവിതപാഠങ്ങൾ.
ജയിക്കുമെന്നുറപ്പുള്ള ഒരു മത്സരം തോറ്റു കൊടുക്കണം. അപ്പോൾ, തോൽക്കുമെന്നുറപ്പിച്ച ഒരാൾ ജയിച്ചുകയറും. തകർന്നുവീഴുമെന്നു തീർച്ചപ്പെടുത്തിയിടത്തുനിന്നു തിരിച്ചുകയറിയ ആളോടൊപ്പം കുറച്ചു നിമിഷങ്ങൾ ചെലവഴിക്കണം. ആത്മവിശ്വാസത്തിന്റെയും നന്ദിയുടെയും തിളക്കങ്ങൾ ഒരേ സമയം ആ കണ്ണുകളിൽ ദർശിക്കാം.
രണ്ടുതരം എതിരാളികളുണ്ട്; തോൽപിക്കുന്നവരും തോൽവിയിലും ആത്മവിശ്വാസം സംരക്ഷിക്കുന്നവരും. എല്ലാവരെയും തോൽപിച്ചു മുന്നേറുന്നവർക്ക് എതിരാളികൾ മാത്രമേ ഉണ്ടാകൂ. ഒരിക്കലെങ്കിലും തോറ്റുകൊടുത്തവർക്ക് സഹചാരികളുമുണ്ടാകും.