എല്ലാവരും എന്നെ മാത്രം സ്നേഹിച്ചാൽ മതി എന്ന പിടിവാശിയുണ്ടോ?
Mail This Article
ലിസയും ജീനയും രണ്ടാം ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരാണ്. ഒരു ദിവസം ലിസ ജീനയെ വീട്ടിലേക്കു ക്ഷണിച്ചു. ലിസയുടെ അമ്മയുടെ കൂടെ കാറിൽ വീട്ടിലേക്കു പോകുന്നതിനിടെ ജീന ചോദിച്ചു: ഇവിടൊന്നു നിർത്തുമോ? എനിക്കെന്റെ അമ്മയെക്കൂടി കണ്ടിട്ടു പോകാനാണ്. അവളിറങ്ങി നടന്നതു സെമിത്തേരിയിലേക്കാണ്. തന്റെ അമ്മയുടെ കല്ലറയിൽ പോയി തിരിച്ചുവരുന്ന ജീനയെക്കണ്ട് അദ്ഭുതത്തോടെ ലിസ ചോദിച്ചു: നിന്നെ എല്ലാ ദിവസവും സ്കൂളിൽ വിടുന്നതാരാണ്? അതു മമ്മിയല്ലേ? അവൾ പറഞ്ഞു: അതെന്റെ രണ്ടാമത്തെ മമ്മിയാണ്. ആ മമ്മിയെപ്പോലെ എനിക്കെന്റെ ആദ്യത്തെ മമ്മിയെയും ഇഷ്ടമാണ്. എല്ലാം കേട്ട ലിസയുടെ അമ്മ പറഞ്ഞു: അതാണ് സ്നേഹത്തിന്റെ പ്രത്യേകത. നമ്മുടെ സ്നേഹം ഒരാളിൽ നിന്നെടുത്തു മറ്റൊരാൾക്കു കൊടുക്കേണ്ടതില്ല. എത്രപേരെ വേണമെങ്കിലും സ്നേഹിക്കാനുള്ളതു നമ്മുടെ ഉള്ളിലുണ്ട്.
പരന്നൊഴുകേണ്ടതിനെ ചാലുകീറി വഴിതിരിക്കരുത്. തുടർന്നൊഴുകേണ്ടവയൊന്നും തടയണകെട്ടി തടഞ്ഞു നിർത്തരുത്. നീർച്ചാലുകളെയും ചിറകളെയും മറികടന്ന് ജലമൊഴുകും. എനിക്കു മാത്രം ലഭിക്കണമെന്ന പിടിവാശി യാണ് സ്നേഹവും സ്നേഹിക്കുന്നവരും നേരിടുന്ന വലിയ പ്രതിസന്ധി. ഒരാളെ മാത്രം സ്നേഹിക്കുന്ന ആരുമുണ്ടാ കില്ല. പല മുത്തുകൾ കോർത്തിണക്കിയ മാലയാണ് ഓരോ ജീവിതവും. അതിൽ പല നിറത്തിലും വലുപ്പത്തിലു മുള്ളവയുണ്ടാകും. പക്ഷേ, അതിപ്രധാനമോ അപ്രധാനമോ ആയതൊന്നും ഉണ്ടാകില്ല. എല്ലാം അതതിന്റെ സ്ഥാനങ്ങളിൽ തങ്ങളുടേതായ രീതിയിൽ ഭംഗി വർധിപ്പിക്കുന്നു. ഒന്നിനെ ഒഴിവാക്കണമെന്നു പറയാൻ മറ്റൊരു മുത്തിന് എന്തവകാശം.
അപരനെ കൂടുതൽ സ്നേഹിക്കുന്നു എന്ന പരാതിയുമായിരുന്നാൽ ആരും ആരുടെയും സ്നേഹം ആസ്വദിക്കില്ല. സ്വയം രൂപപ്പെടുത്തിയ അളവുകോലുകൾക്കനുസരിച്ചാണ് ഓരോരുത്തരും സ്നേഹം അളക്കുന്നത്. സ്നേഹം അളന്നെടുക്കാവുന്നതാണ് എന്ന ചിന്തയാണ് പ്രശ്നം. എല്ലാവരും എല്ലാവരെയും സ്നേഹിക്കട്ടെ. കണക്കു പുസ്തകങ്ങളിലൂടെയും സമവാക്യങ്ങളിലൂടെയും സ്നേഹത്തെ നേർരേഖയിൽ കൊണ്ടുവരാൻ ശ്രമിക്കാതിരുന്നാൽ സ്നേഹം എല്ലാവർക്കും തണൽ ലഭിക്കുന്ന വൻമരമാകും, അല്ലെങ്കിൽ ആർക്കും ഉപകരിക്കാത്ത ബോൺസായിയും.