ഹാക്കത്തണിലൂടെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി നേടി 16 പേർ ; ഈ ബിടെക് പിള്ളേർ പൊളിയാ!
Mail This Article
ഇവി– നമ്മുടെ യാത്രാശീലങ്ങളെ ഭാവിയിൽ അടിമുടി മാറ്റിമറിക്കുമെന്ന് ഉറപ്പുള്ള രണ്ടക്ഷരം. വൈദ്യുതി വാഹനങ്ങൾക്ക് (Electric vehicle) 10 വർഷങ്ങൾക്കപ്പുറം എന്തൊക്കെ മാറ്റങ്ങൾ വേണം ? ഈ ചോദ്യത്തിന് യുവതലമുറയുടെ ഉത്തരങ്ങൾ ഇവയാണ്– ചാർജിങ് സമയം കുറയ്ക്കണം, ഓടിക്കുമ്പോൾ ഓട്ടമാറ്റിക്കായി ചാർജാകണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ സുരക്ഷ കൂട്ടണം.
ഭാവിയിലേക്ക് ഇതെല്ലാം സാധ്യമെന്നു തെളിയിച്ച 24 ബിടെക് വിദ്യാർഥികൾ ഇലക്ട്രോണിക് ടെക്നോളജി രംഗത്തെ ബഹുരാഷ്ട്ര കമ്പനിയായ ബോഷിൽ കരിയർ കണ്ടെത്തിയിരിക്കുന്നു. അതിൽ 16 പേരും മലയാളികൾ. എല്ലാവരും കോതമംഗലം എംഎ എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ബോഷ് ഗ്ലോബൽ സോഫ്റ്റ്‌വെയർ ടെക്നോളജീസും (ബിജിഎസ്ഡബ്ല്യു) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയേഴ്സ് (ഐഇഇഇ) കേരള ഘടകവും ചേർന്നു നടത്തിയ ഇവി ഹാക്ക് 3.0 എന്ന നാഷനൽ ഹാക്കത്തണിലൂടെയാണ് ഇവർക്കു ബോഷിൽ പ്ലേസ്മെന്റ് ലഭിച്ചത്. 6 മാസത്തെ ഇന്റേൺഷിപ്പിനു ശേഷമായിരിക്കും ജോലി.
എൻജിനീയറിങ് വിദ്യാർഥികൾക്കു വൻകിട കമ്പനികളിലേക്കു വഴിതുറക്കുന്നത് പ്ലേസ്മെന്റ് ഇന്റർവ്യൂകളിലൂടെ മാത്രമല്ലെന്നതിനു തെളിവാണ് ഇവി ഹാക്ക് 3.0 പോലെയുള്ള ഹാക്കത്തണുകൾ. നിലവിലെ ഇവി മോട്ടറിന്റെ മാതൃക സോഫ്റ്റ്‌വെയറിൽ രൂപരേഖകളുടെ സഹായമില്ലാതെ തയാറാക്കുകയാണ് ഹാക്കത്തണിൽ ചെയ്തത്. കൂടുതൽ ബാറ്ററി ബാക്കപ്, കൂടുതൽ ഓട്ടമേഷൻ എന്നിങ്ങനെ ഭാവിയിലേക്കുള്ള വിവിധ ആശയങ്ങളും നൽകി. കോതമംഗലം എംഎ കോളജിലെ ടീമുകൾ ഒന്നും രണ്ടും മൂന്നും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബ്രേക്ക് ചെയ്യുമ്പോഴൊക്കെ മോട്ടറിലേക്കു കൂടുതൽ ചാർജ് എത്തിക്കുന്ന റീജനറേറ്റീവ് ബ്രേക്കിങ്ങുമായി ബന്ധപ്പെട്ട ആശയം അവതരിപ്പിച്ച രംഗീല രവി, അഭി മോഹൻ, റിനോഷ് ടി.ഐപ്പ്, ശരത്ത് എം.സജി എന്നിവരുടെ ടീമിനാണ് ഒന്നാം സ്ഥാനം.
രൂപരേഖയുടെയൊന്നും സഹായമില്ലാതെ ഇവി മോട്ടർ രൂപപ്പെടുത്തിയ രോഹൻ ജോർജ് തോമസ്, നെവിൽ സിബി, ജിഷ്ണു സോമൻ, കെ.കെ.നമിൽ എന്നിവരുടെ ടീം രണ്ടാം സ്ഥാനം നേടി. വി.എസ്.വൈഷ്ണവ്, എഡ്‌വിൻ തോമസ്, സി.എൽ.വിഷ്ണു, സ്റ്റീവൻ ജോൺ എന്നിവരുടെ ടീമിനാണ് മൂന്നാം സ്ഥാനം. ഇവരെല്ലാം ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് (ഇഇഇ) നാലാം വർഷ വിദ്യാർഥികളാണ്. ഹാക്കത്തണിലെ അഞ്ചാം സ്ഥാനവും എംഎ കോളജിലെ ടീമിനാണ്.
ഇവി സാങ്കേതികവിദ്യ മനസ്സിലാക്കുന്ന ഒരുപറ്റം വിദ്യാർഥികളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഹാക്കത്തൺ. പല ഘട്ടങ്ങളായി ആറു മാസം നീണ്ട പ്രക്രിയ. വിദ്യാർഥികളെ മത്സരത്തിനൊരുക്കുന്ന ബൂട്ട് ക്യാംപ് ആയിരുന്നു ആദ്യഘട്ടം. ഒരു മാസത്തിനുശേഷം എലിമിനേഷൻ. ടീമുകളുടെ വർക്ക് റിപ്പോർട്ട് വിലയിരുത്തി ബോഷിലെ എൻജിനീയർമാർ 23 ടീമുകളെ ഫൈനലിലേക്കു തിരഞ്ഞെടുത്തു. 5 വിഷയങ്ങൾ നൽകി അതിൽനിന്ന് ആശയങ്ങൾ രൂപീകരിക്കാനായിരുന്നു നിർദേശം. ഒരു മാസം സമയവും അനുവദിച്ചു. ഇങ്ങനെ അവതരിപ്പിച്ച റിപ്പോർട്ടുകൾ വിലയിരുത്തിയാണ് വിജയികളെ നിശ്ചയിച്ചത്. അടുത്ത ഹാക്കത്തൺ ഏപ്രിലിൽ ആരംഭിക്കുമെന്ന് ഐഇഇഇ കേരള സെക്ഷൻ സെക്രട്ടറി ഡോ. കെ.ബിജു അറിയിച്ചു.
അവസാനവർഷ ബിടെക് വിദ്യാർഥികൾ തയാറാക്കുന്നതിലും ഉയർന്ന നിലവാരത്തിലുള്ളവയായിരുന്നു ഹാക്കത്തണിലെ വിജയികൾ രൂപപ്പെടുത്തിയ മോഡലുകൾ. ഭാവിയിലേക്കു വേണ്ട വിവിധ ആശയങ്ങൾ രൂപപ്പെടുത്താൻ വിദ്യാർഥികളെ സഹായിക്കുന്നതാണ് ഇത്തരത്തിലുള്ള ഹാക്കത്തണുകൾ.
∙ആർ.കെ.ഷേണായി,
സീനിയർ വൈസ് പ്രസിഡന്റ്, ബോഷ്
പുതിയ ആശയങ്ങളെക്കാളുപരി നിലവിലുള്ള ഇവി സാങ്കേതികവിദ്യയിൽ നമ്മൾ അതിൽ എത്രത്തോളം അറിവ് നേടിയിട്ടുണ്ടെന്നാണു പരിശോധിച്ചത്. കോളജിലെ പ്ലേസ്മെന്റ് സെൽ വഴിയാണ് ഇനിയുള്ള ഇന്റേൺഷിപ്പിന്റെയും ജോലിയുടെയും കാര്യങ്ങൾ നോക്കേണ്ടത്. ഹാക്കത്തണിനു തയാറെടുക്കാൻ കോളജിലെ അധ്യാപകരും പൂർവ വിദ്യാർഥികളും വളരെയധികം സഹായിച്ചു.
∙രംഗീല രവി,
ഒന്നാം സ്ഥാനം നേടിയ
ടീമിന്റെ ലീഡർ