ജോലിക്കൊപ്പം പഠനം: കൂടുതൽ കോഴ്സുകൾക്ക് എഐസിടിഇ അനുമതി
Mail This Article
ന്യൂഡൽഹി ∙ ജോലിക്കൊപ്പം മാനേജ്മെന്റ്, ഡിസൈൻ, അപ്ലൈഡ് ആർട്സ്, പ്ലാനിങ്, ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലെ കോഴ്സുകളും ഇനി പഠിക്കാം. ഇത്തരം കോഴ്സുകളുള്ള സ്ഥാപനങ്ങളിൽ വർക്കിങ് പ്രഫഷനലുകൾക്കായി അധിക സീറ്റ് അനുവദിക്കാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനിച്ചു. 2024–27 കാലത്തെ അപ്രൂവൽ ഹാൻഡ്ബുക്കിലാണ് (കോഴ്സുകൾക്ക് അനുമതി നൽകുന്നതിനുള്ള മാർഗരേഖ) ഈ നിർദേശമുള്ളത്.
വർക്കിങ് പ്രഫഷനലുകൾക്കായി ബിടെക്, എംടെക്, ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകിയതിന്റെ ചുവടുപിടിച്ചാണു പുതിയ തീരുമാനം. ഫലത്തിൽ ബിബിഎ, ബിസിഎ, എംബിഎ, എംസിഎ തുടങ്ങിയ പ്രഫഷനൽ കോഴ്സുകളും ജോലി ചെയ്തുകൊണ്ടു പഠിക്കാനാകും. എഐസിടിഇയുടെ അഫിലിയേഷനുള്ള ഏതു സ്ഥാപനത്തിനും ഇത്തരം ഡിപ്ലോമ, ബിരുദ, പിജി കോഴ്സുകൾ ആരംഭിക്കാം. ഡിപ്ലോമയ്ക്ക് 60, ബിരുദത്തിന് 30, പിജിക്ക് 15 സീറ്റ് വീതമാണ് അധികമായി അനുവദിക്കുക.
ഇനി പറയുന്ന ഏതെങ്കിലും ഒരു മാനദണ്ഡം ബാധകമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം:
∙ നിലവിലെ കോഴ്സുകളിൽ കഴിഞ്ഞ 3 വർഷങ്ങളിൽ 80 ശതമാനത്തിലേറെ വിദ്യാർഥികളുണ്ടാകണം.
∙ നിതി ആയോഗിന്റെ ആസ്പിരേഷനൽ ജില്ലയുടെ പട്ടികയിലുള്ള സ്ഥാപനങ്ങൾ.
∙ കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെയോ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയോ സ്ഥാപനമായിരിക്കണം. ഈ പ്രദേശങ്ങളിലെ ഉന്നത പഠനസാഹചര്യം പരിഗണിച്ചാണിത്.
∙നിർദേശങ്ങൾ
∙ വർക്കിങ് പ്രഫഷനലുകൾക്കു ക്ലാസുകൾ ഏതു സമയത്തു വേണമെന്നു സ്ഥാപനങ്ങൾക്കു തീരുമാനിക്കാം. ഓഫിസ് സമയത്തിനു ശേഷവും ക്ലാസ് നടത്താം.
∙ തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്നതാകും പാഠ്യപദ്ധതി. റഗുലർ കോഴ്സ് ഘടന തന്നെയായിരിക്കും. ഈവനിങ്, പാർട്‌ടൈം കോഴ്സ് അല്ല.
∙ സാധാരണ വിദ്യാർഥികൾക്കു ലഭിക്കുന്ന ബിരുദം തന്നെയാകും ഇവർക്കും ലഭിക്കുക.
∙ പ്രവേശന മാനദണ്ഡം അതതു സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനിക്കാം.
ഓട്ടോണമസ് കോളജുകൾക്ക് ഓഫ് ക്യാംപസ് സെന്റർ
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർവകലാശാലാ പരിധിയിൽ ഓഫ് ക്യാംപസ് സെന്റർ ആരംഭിക്കാനും എഐസിടിഇ അനുമതി നൽകി. പ്രവർത്തനമാരംഭിച്ചു 10 വർഷമായതും എൻഐആർഎഫ് റാങ്കിങ്ങിൽ ഉൾപ്പെട്ടതും പകുതി കോഴ്സുകൾക്കെങ്കിലും എൻബിഎ അക്രഡിറ്റേഷനുള്ളതുമായ ഓട്ടോണമസ് സ്ഥാപനങ്ങൾക്കാണ് ഇതിന് അനുമതി. കഴിഞ്ഞ 5 വർഷം ആകെയുള്ള സീറ്റിൽ 80 ശതമാനത്തിലും വിദ്യാർഥികൾ പ്രവേശനം നേടിയിരിക്കുകയും വേണം.