യുട്യൂബ് വരുമാനം പെട്ടെന്നൊരു ദിവസം നിലയ്ക്കുമോ? പറ്റിച്ചാൽ പണം മുടങ്ങും, ‘പണി’ തരും !
Mail This Article
കഴിഞ്ഞയാഴ്ച ഓയൂർ കേസിൽ കേട്ടതുപോലെ, യുട്യൂബ് വരുമാനം പെട്ടെന്നൊരു ദിവസം നിലയ്ക്കുമോ ? അങ്ങനെ സംഭവിക്കാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം ?
ഹൃദയം സിനിമയിൽ പ്രണവിന്റെ കഥാപാത്രത്തോട് യുട്യൂബറായ കാമുകി (ദർശന) പറയുന്നുണ്ട്– ‘പട്ടിപ്പണി, പിച്ചക്കാശ്, രാജപദവി – ഇതാണ് യുട്യൂബിൽനിന്നുള്ള വരുമാനത്തിന്റെ അവസ്ഥ.’ ഏതാനും വർഷങ്ങൾക്കിപ്പുറം അതേ കഥാപാത്രംതന്നെ യുട്യൂബിൽനിന്നു ലക്ഷങ്ങൾ വരുമാനമുണ്ടാക്കി തിളങ്ങുന്നതും കാണാം. എന്നാൽ പെട്ടെന്നൊരുനാൾ ഈ വരുമാനം നിലച്ചുപോയാലോ ! കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ യുവതിക്ക് ഇങ്ങനെ സംഭവിച്ചതായി പൊലീസ് പറഞ്ഞതോർമയില്ലേ ? മാസം അഞ്ചു ലക്ഷം രൂപ വരെയുണ്ടായിരുന്ന വരുമാനം പെട്ടെന്നങ്ങനെ നിലയ്ക്കുമോ, യുട്യൂബെന്താ വെള്ളരിക്കാപ്പട്ടണമാണോ, എന്നൊക്കെ ചോദിച്ചവരുണ്ട്.യുട്യൂബ് വെള്ളരിക്കാപ്പട്ടണമല്ല. അതുകൊണ്ടുതന്നെ പകർപ്പവകാശ വ്യവസ്ഥകളും യുട്യൂബിന്റെ കമ്യൂണിറ്റി ഗൈഡ്‌ലൈനുകളും പാലിച്ചില്ലെങ്കിൽ ‘പണി’ കിട്ടും, ഉറപ്പ്. യുട്യൂബ് വരുമാനമാർഗമാക്കാൻ ആഗ്രഹിക്കുന്നയാളാണു നിങ്ങളെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളെ ഓർമിപ്പിക്കുന്നു ഈ സംഭവം.
പകച്ചുപോകുന്ന ‘പകർപ്പവകാശ ലംഘനം’
മറ്റൊരാൾ തയാറാക്കിയ കണ്ടന്റ്– വിഡിയോ, ഓഡിയോ, ഫോട്ടോ, വിഡിയോ ഗെയിം അങ്ങനെയെന്തും – ആ വ്യക്തിയുടെ അനുവാദമില്ലാതെ നമ്മൾ ഉപയോഗിച്ചാൽ പകർപ്പവകാശ ലംഘനമായി. അത്തരം വിഡിയോയോ ഓഡിയോയോ നമ്മുടെ യുട്യൂബ് ചാനലിലുള്ളതായി ശ്രദ്ധയിൽപെട്ടാൽ അവർക്കു ‘കോപ്പിറൈറ്റ് സ്ട്രൈക്ക്’ കൊടുക്കാം. ഇക്കാര്യം യുട്യൂബ് നമ്മളെ അറിയിക്കും. 90 ദിവസത്തേക്ക് ചാനലിൽ സ്ട്രൈക്ക് നിലനിൽക്കും. നമ്മുടെ ഭാഗത്തു തെറ്റില്ലെങ്കിൽ അതിനിടെ അപ്പീൽ കൊടുക്കാം. അല്ലെങ്കിൽ സ്ട്രൈക്ക് തന്ന വ്യക്തിയെ/ കമ്പനിയെ ബന്ധപ്പെട്ട് തെറ്റ് ഏറ്റുപറഞ്ഞ് സ്ട്രൈക്ക് മാറ്റാൻ അഭ്യർഥിക്കാം. അവർ ആവശ്യപ്പെട്ടാൽ ആ ഭാഗം ഒഴിവാക്കേണ്ടി വന്നേക്കാം. അല്ലാതെ ആദ്യമേതന്നെ പേടിച്ച് വിഡിയോ ഡിലീറ്റ് ചെയ്തുകളയരുത്.
ആദ്യ കോപ്പിറൈറ്റ് സ്ട്രൈക്ക് നിലനിൽക്കുന്ന 90 ദിവസത്തിനിടെ രണ്ടെണ്ണം കൂടി വന്നാൽ പ്രശ്നമാണ്. മൂന്നാമത്തെ സ്ട്രൈക്ക് വന്ന് ഏഴു ദിവസത്തിനകം ഒരു സ്ട്രൈക്കെങ്കിലും ഒഴിവാക്കാനാകണം. അല്ലെങ്കിൽ എന്നെന്നേക്കുമായി ചാനൽ തന്നെ നഷ്ടമാകും. ആ ചാനൽ ക്രിയേറ്റ് ചെയ്യാൻ ഉപയോഗിച്ച ഇമെയിലോ ഫോൺ നമ്പറോ വച്ച് പിന്നീടൊരു ചാനൽ ആരംഭിക്കാൻ പോലും കഴിയില്ല.
അതേസമയം, നാം പകർപ്പവകാശം ലംഘിച്ചിട്ടില്ലെന്ന് ഉറപ്പാണെങ്കിൽ അക്കാര്യം യുട്യൂബിനെ അറിയിക്കാം. ‘ഫെയ്ക്ക് സ്ട്രൈക്ക്’ ആണെന്നുറപ്പായാൽ സ്ട്രൈക്ക് നൽകിയവരോട് യുട്യൂബ് തെളിവു ചോദിക്കും. അതു നൽകാനായില്ലെങ്കിൽ സ്ട്രൈക്ക് അയച്ചയാൾക്കെതിരെയാകും നടപടി ! യുട്യൂബിന്റെ ‘ഫെയർ യൂസ് പോളിസി’ അനുസരിച്ചുള്ള വിഡിയോ ആണെങ്കിൽ പകർപ്പവകാശ പ്രശ്നത്തിൽനിന്നു രക്ഷപ്പെടാം.
മിത്തും സത്യവും
യുട്യൂബ് വിഡിയോയുമായി ബന്ധപ്പെട്ട ചില ‘കോപ്പിറൈറ്റ് മിത്തു’കളും കണ്ടന്റ് ക്രിയേറ്റർമാരെ കുഴിയിൽ ചാടിക്കാറുണ്ട്. അവയുടെ യാഥാർഥ്യം ഇതാണ്:
കോപ്പിറൈറ്റ് ഉടമയ്ക്ക് വിഡിയോയിൽ ക്രെഡിറ്റ് കൊടുത്തെന്നു കരുതി ഏതു കണ്ടന്റും ഉപയോഗിക്കാനാകില്ല.
വിഡിയോയിൽ ‘നോൺ–പ്രോഫിറ്റ്’ എന്നെഴുതിയാലും പ്രശ്നം ഒഴിവാകില്ല.
മറ്റുള്ളവർ പകർപ്പവകാശം ലംഘിച്ച് വിഡിയോ ചെയ്തല്ലോ, എനിക്കും ചെയ്യാം എന്നു കരുതരുത്. ഏതാനും സെക്കൻഡ് വരുന്ന കണ്ടന്റ് പോലും പ്രശ്നമാണ്.
ടിവി, തിയറ്റർ, റേഡിയോ തുടങ്ങിയവയിൽനിന്നു പകർത്തി ഉപയോഗിക്കുന്ന കണ്ടന്റിനും പകർപ്പവകാശ പ്രശ്നമുണ്ട്.
വിഡിയോ തംബ്നെയിലിൽ ഉപയോഗിക്കുന്ന ഫോട്ടോയുടെ പേരിൽ വരെ കോപ്പിറൈറ്റ് പ്രശ്നമുണ്ടാകാം.
വിഡിയോ റിയാക്‌ഷൻ, റിവ്യു പോലുള്ള കണ്ടന്റിനു വേണ്ടിയാണ് മറ്റൊരാളുടെ വിഡിയോ ഉപയോഗിക്കുന്നതെങ്കിൽ, അക്കാര്യം കോപ്പിറൈറ്റ് ഉടമയെ ബോധ്യപ്പെടുത്തി അനുമതി വാങ്ങണം. മ്യൂസിക്കിലാണെങ്കിൽ കോപ്പിറൈറ്റ് പ്രശ്നമുള്ള ഭാഗം ഒഴിവാക്കുകയോ, മ്യൂട്ട് ആക്കുകയോ, മറ്റൊരു മ്യൂസിക് പകരം വയ്ക്കുകയോ ചെയ്യണം.
കണ്ണു തുറന്നു വായിക്കണം ‘കമ്യൂണിറ്റി ഗൈഡ്‌ലൈൻസ്’
കമ്യൂണിറ്റി ഗൈഡ്‌ലൈൻസ് തരുന്നത് യുട്യൂബ് നേരിട്ടാണ്. വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിനു കമ്പനി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ആദ്യം വരിക കമ്യൂണിറ്റി ഗൈഡ്‌ലൈൻ വാണിങ് ആയിരിക്കും. അത് എന്നെന്നേക്കുമായി ചാനലിൽ കാണും; പക്ഷേ മറ്റു പ്രശ്നങ്ങളില്ല. അതേസമയം, കമ്യൂണിറ്റി ഗൈഡ്‌ലൈൻ സ്ട്രൈക്ക് വന്നാൽ പ്രശ്നമാണ്. പകർപ്പവകാശ ലംഘനത്തിലെന്ന പോലെ ഇവിടെയും 90 ദിവസം സമയമുണ്ട്. അതിനിടെ മൂന്നു സ്ട്രൈക്ക് കൂടി കിട്ടിയാൽ പിന്നെ ചാനലിനെ മറന്നേക്കുക. വിഡിയോ അപ്‌ലോഡ് ചെയ്ത് ഏതാനും മിനിറ്റുകൾക്കകമോ വർഷങ്ങൾക്കു ശേഷമോ പോലും കമ്യൂണിറ്റി ഗൈഡ്‌ലൈൻ സ്ട്രൈക്ക് വരുമെന്നോർക്കുക. താഴെപ്പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ സ്ട്രൈക്കിൽനിന്നു രക്ഷപ്പെടാം.
തേഡ് പാർട്ടിക്ക് പണവും മറ്റും നൽകി കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ശ്രമിക്കരുത്.
മറ്റൊരാളുടെ ചാനലിലെ അതേ കണ്ടന്റ് അതേ പേരും ഡിസ്ക്രിപ്ഷനും സഹിതം കൊടുക്കരുത്.
യുട്യൂബിലെ കണ്ടന്റ്, സിനിമ, പലതരം സോഫ്റ്റ്‌വെയറുകൾ, പ്ലേസ്റ്റോറിൽ ഇല്ലാത്ത ആപ് തുടങ്ങിയവ എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നു പറഞ്ഞ് വിഡിയോ ചെയ്യരുത്.
തെറ്റിദ്ധരിപ്പിക്കുന്ന തരം കണ്ടന്റും ചിത്രങ്ങളും വാക്കുകളുമൊക്കെയാണ് കാഴ്ചക്കാരെ ആകർഷിക്കാനായി ഉപയോഗിക്കുന്നതെങ്കിലും പണികിട്ടും.
കുട്ടികളുമായി ബന്ധപ്പെട്ട വിഡിയോകളിൽ അവരുടെ സ്വകാര്യതയെ ഉൾപ്പെടെ മാനിക്കണം. ലഹരി, ആയുധം, വിദ്വേഷപ്രസംഗം, ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സെക്‌ഷ്വൽ കണ്ടന്റ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചാലും യുട്യൂബ് ചാനൽ പൂട്ടി വീട്ടിലിരിക്കാം.
സംശയം ചോദിക്കാം,സഹായം തേടാം
ഓരോ വരിയും ഒരായിരം വട്ടം ശ്രദ്ധിച്ചു വായിക്കേണ്ടതാണ് യുട്യൂബിന്റെ പകർപ്പവകാശ നിയമങ്ങളും കമ്യൂണിറ്റി ഗൈഡ്‌ലൈൻസും. ശ്രദ്ധിച്ചു മുന്നോട്ടുപോയാൽ പിന്നൊന്നും പേടിക്കേണ്ട. നിങ്ങളെ ഈ വിഷയത്തിൽ സഹായിക്കാനും ഒട്ടേറെപ്പേരുണ്ട്. youtube.com/@shijopabraham പോലുള്ള ചാനലുകളിൽ യുട്യൂബുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും വിഡിയോ കാണാം. support.google.com/youtube/community എന്ന ലിങ്കിൽ കയറിയാൽ യുട്യൂബിനോട് നിങ്ങളുടെ ഏതു സംശയവും ചാറ്റ് ചെയ്തു ചോദിക്കാനുള്ള അവസരവുമുണ്ട്.