ADVERTISEMENT

ഒരേ തെറ്റ് സ്ഥിരമായി ആവർത്തിച്ചാൽ അത്തരം കുട്ടികളെ കൈയൊഴിയുക എന്ന രീതി ചില അധ്യാപകർ സ്വീകരിക്കാറുണ്ട്. ‘അടിച്ച വഴിയേ വന്നില്ലെങ്കിൽ പോയ വഴിയേ അടിക്കുക’ എന്നൊരു ചൊല്ലുപോലുമുണ്ട് ഇതിനെ സാധൂകരിക്കാൻ. സ്ഥിരമായി ക്ലാസിൽ വൈകി വരുന്ന കുട്ടിയെ അവഗണിക്കാതെ അവനെ കേൾക്കാൻ ശ്രമിച്ച അധ്യാപകൻ അവന്റെ ജീവിതം തന്നെ മാറ്റി മറിച്ച അനുഭവമാണ് ‘മൈ സ്കൂൾ ഡയറി’യിലൂടെ പങ്കുവയ്ക്കുന്നത്.

കൊല്ലം ഒറ്റക്കൽ ഗവൺമെന്റ് എച്ച്എസ്‌എസിലെ അധ്യാപകനായ ജി. അഞ്ജിത് ‘മൈ സ്കൂൾ ഡയറി’ എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുന്നത് ഹൃദയം നിറയ്ക്കുന്ന ഒരു അനുഭവകഥയാണ്. താൻ തെളിച്ച വഴിയിലൂടെ സഞ്ചരിച്ച് ഒരു വിദ്യാഭ്യാസ വിദഗ്ധനാകാൻ ആഗ്രഹിക്കുന്ന മഹേശ്വർ ദാസ് എന്ന പൂർവ വിദ്യാർഥിയുടെ നിശ്ചയദാർഢ്യത്തിന്റെ കഥ അഞ്ജിത് എന്ന അധ്യാപകൻ പങ്കുവയ്ക്കുന്നതിങ്ങനെ :-

നിരന്തരം ക്ലാസിൽ താമസിച്ചു വരുന്ന കുട്ടി എത്രത്തോളം വിഷമമാണ് ക്ലാസ് ടീച്ചറിന് ഉണ്ടാക്കുന്നത്. അതും ക്ലാസ് തുടങ്ങിക്കഴിഞ്ഞു പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറി വരുന്ന അവസരത്തിൽ. ഒരിക്കൽ ഞാൻ അവനോട് പറഞ്ഞു: ‘‘ഇങ്ങനെ പോയാൽ ശരിയാവില്ല. നീ വീട്ടിൽനിന്ന് രക്ഷിതാക്കളെ കൊണ്ടുവരണം’’. ഒരു കരച്ചിലായിരുന്നു അവന്റെ മറുപടി. മഹേശ്വർ ദാസ് എന്ന ആ കുട്ടി പറഞ്ഞു.  

‘‘സാറേ, എനിക്ക് അച്ഛനില്ല. അമ്മയ്ക്കും അനിയനും ഞാനാണ് ഏക അത്താണി. ഞാൻ രാവിലെ എട്ടു മുതൽ ഒൻപതര വരെ ഒരു ചെരുപ്പുകടയിൽ ജോലി ചെയ്യുന്നുണ്ട്. അതാണ് ക്ലാസിൽ വരാൻ വൈകുന്നത്’’.

എന്നും ക്ലാസ് തുടങ്ങിക്കഴിഞ്ഞ് പത്തു മിനിറ്റ് താമസിച്ച് അവൻ ഓടി  വിയർത്തു വരും. (അന്ന് ഹയർ സെക്കൻഡറി ക്ലാസ് തുടങ്ങുന്ന സമയം ഒന്‍പതര ആയിരുന്നു). അവന്റെ കാര്യം പ്രിൻസിപ്പലിനോട് ഞാൻ പറഞ്ഞു. സാറിനും അലിവു തോന്നി. 

‘‘അവന് എന്തെങ്കിലും കിട്ടുന്നതല്ലേ. പക്ഷേ പഠിത്തത്തെ ബാധിക്കരുത്, ക്ലാസിനെയും’’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ അവൻ ക്ലാസിൽ വരാൻ തുടങ്ങി. ഞാൻ പോലും അറിയാതെ അവൻ ഫ്രണ്ട് ബഞ്ചിന്റെ ഒരറ്റത്ത് വന്നിരിക്കും. പക്ഷേ അദ്ഭുതമെന്നു പറയട്ടെ, ഒരു മണിക്കൂർ ക്ലാസ് എടുത്തു കഴിഞ്ഞ് ചോദ്യം ചോദിക്കുമ്പോൾ പഠിപ്പിച്ചതു മുഴുവൻ പയറു പോലെ അവൻ പറയും. ഈ ചെക്കൻ കൊള്ളാമല്ലോ എന്ന് എനിക്കു തോന്നി.

ഒരു ദിവസം ഞാൻ പറഞ്ഞു. ‘‘ഞാനിന്നു പഠിപ്പിച്ചത് നീ ഒന്നു പറയാമോ?’’. ഒരു സങ്കോചവും ഇല്ലാതെ അവൻ എഴുന്നേറ്റു നിന്ന് വള്ളിപുള്ളി വിടാതെ പറഞ്ഞു. അടുത്ത ദിവസം ഞാൻ ടോൺ മാറ്റി. ‘‘ഇങ്ങനെ പറഞ്ഞാൽ പറ്റില്ല. ഞാൻ ക്ലാസ്സ് എടുക്കുന്നത് ഇമിറ്റേറ്റ് ചെയ്യാമോ?’’ എന്നു ചോദിച്ചു.

‘‘നോക്കട്ടെ സാർ’’ എന്നു പറഞ്ഞു. പിറ്റേ ദിവസം ഞാൻ പഠിപ്പിച്ചു കഴിഞ്ഞതും ചെക്കൻ എഴുന്നേറ്റു. ഞാൻ മാറി നിന്നു. അതാ അവൻ തുടങ്ങുകയായി. ഒരു കുട്ടിയിൽനിന്ന് അധ്യാപകനിലേക്കുള്ള അദ്ഭുത പരിണാമം. എനിക്ക് കൗതുകമായി. കൂട്ടുകാരെല്ലാം കയ്യടിച്ചു. ‘‘കൊള്ളാമല്ലോ’’. ഞാൻ പറഞ്ഞു. ‘‘നാളെ മുതൽ ഞാൻ മുക്കാൽ മണിക്കൂർ പഠിപ്പിക്കും. ബാക്കി പതിനഞ്ച് മിനിറ്റ് ക്ലാസ് എടുക്കുന്നത് മഹേശ്വർ ദാസ്’’. അങ്ങനെ ഞാൻ എത്രയോ നാൾ ക്ലാസ് തുടർന്നുകൊണ്ടു പോയി. ക്ലാസ്സിൽ മറ്റുചില കുട്ടികളും എഴുന്നേറ്റു തുടങ്ങി. എന്റെ അധ്യാപന ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമായി ഈ മോഡൽ. മഹേശ്വർ ദാസ് മോഡൽ.

ഞാൻ 2007 ൽ തുടങ്ങിയ ആ രീതി ഈ 2023 ലും തുടരുന്നു. കാലങ്ങൾ കഴിഞ്ഞു പോയി. ബികോം കഴിഞ്ഞു സിഎ ഇന്ററും കിട്ടി, ഫൈനലിൽ മൂന്നു പേപ്പർ കൂടി കിട്ടാനുള്ള ദാസ് ഇന്ന് മറ്റാരായിത്തീരാൻ. ചാർട്ടേഡ് അക്കൗണ്ടൻസിയുടെ തെക്കൻ കേരളത്തിലെ പ്രഭവ കേന്ദ്രമായ കൊട്ടാരക്കരയിൽ മുന്നൂറിൽപരം കുട്ടികൾ പഠിക്കുന്ന ഒരു ട്യൂട്ടോറിയൽ കോളജിന്റെ ഉടമസ്ഥൻ. ഞാൻ വല്ലപ്പോഴും കടന്നു ചെല്ലുമ്പോൾ ക്ലാസ്സിൽ മുഴങ്ങുന്ന ആ ശബ്ദം കേൾക്കവേ ഓർത്തുപോകുന്നു, ഈ ശബ്ദം ആദ്യം തിരിച്ചറിഞ്ഞത് ഞാനാണല്ലോ.

‘‘ നീയാ ഫൈനൽ കൂടി അങ്ങെഴുതിയെടുക്ക്’’ അപ്പോഴെല്ലാം അവന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘‘സാർ, അത് അവിടെ കിടക്കട്ടെ. അതിനെക്കാളും വലുതല്ലേ ഞാൻ ചെയ്യുന്നത്. ഒരു തുണ്ട് വസ്തു പോലുമില്ലാത്ത എനിക്ക് വീടും വസ്തുവും ഒരു കാറും സമ്മാനിച്ചത് ഈ തൊഴിലാണ്. ഞാനൊരു എഡ്യുപ്രനറാകും. എ ബിഗ് എഡ്യൂപ്രനർ’’.

ഇത് ആദ്യമായല്ല ഞാൻ ദാസിനെക്കുറിച്ചു പറയുന്നത്. ‘പുട്ടുകുറ്റി’ എന്ന ചൊൽക്കഥാ വിഡിയോയിലൂടെ ഞാൻ ഫെയ്സ്ബുക്കിൽ ദാസിനെക്കുറിച്ച് പറയവേ അവൻ കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു. സാറിനെ ഓർക്കാത്ത ദിവസങ്ങളില്ല. ഞാനും പറഞ്ഞു. ‘‘കുട്ടീ, അല്ല, സോറി സാറേ, ഞാനും നിന്നെക്കുറിച്ചോർക്കാത്ത ദിവസങ്ങളില്ല.’’ എ ബിഗ് സല്യൂട്ട് ഫോർ എ ബിഗ് എഡ്യൂ പ്രനർ.

Content Summary:

From Tardy to Top Tutor: The Inspiring Story of a Latecomer's Triumph in the Classroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com