ചെറിയ നേട്ടങ്ങളിൽ ഒതുങ്ങിപ്പോകുന്നവരോട്; അസാധാരണ കാര്യങ്ങൾ സ്വന്തമാക്കാനുള്ള അവസരം സ്വയം നിഷേധിക്കരുത്
Mail This Article
അഞ്ചുവയസ്സുകാരിയുടെ വലിയ ആഗ്രഹമായിരുന്നു പവിഴമാല. അമ്മയോടു ചോദിച്ചപ്പോൾ ജോലിചെയ്തു വാങ്ങിക്കൊള്ളാൻ പറഞ്ഞു. അമ്മയെ ജോലികളിൽ സഹായിച്ചാൽ പണം നൽകാമെന്ന നിർദേശവും വച്ചു. അവൾ അങ്ങനെ മാസങ്ങൾ ജോലി ചെയ്ത് പ്ലാസ്റ്റിക് കൊണ്ടുള്ള മാല വാങ്ങി. എപ്പോഴും അതു ധരിച്ചാണു നടപ്പ്. അച്ഛൻ പറയുന്ന കഥയും കേട്ടാണ് എന്നും അവളുടെ ഉറക്കം. ഒരു ദിവസം അവളുടെ മാല അച്ഛൻ ചോദിച്ചു. അവൾ കൊടുത്തില്ല.
പല ദിവസവും അവൾ അച്ഛന്റെ ആവശ്യം നിഷേധിച്ചു. മാലയും കയ്യിൽ പിടിച്ച് അവൾ ഉറങ്ങി. രാത്രികളിൽ അവളുടെ കയ്യിൽനിന്നു മാലയെടുക്കാൻ ശ്രമിച്ചെങ്കിലും അവൾ അച്ഛന്റെ കയ്യിൽ പിടിച്ച് ചോദിച്ചു: എന്തിനാ എന്റെ മാലയെടുക്കുന്നത്? അച്ഛൻ പറഞ്ഞു: നിന്റെ മാല നിലത്തുവീണിരുന്നു, അതെടുത്ത് ഞാൻ നിന്റെ കയ്യിൽവച്ചതാണ്. ഇതുപറഞ്ഞ് അയാൾ താൻ മകൾക്കുവേണ്ടി വാങ്ങിയ യഥാർഥ പവിഴമാല അവളുടെ കയ്യിൽ കൊടുത്തു.
അമൂല്യമായവ ആസ്വദിക്കണമെങ്കിൽ സാധാരണമായവയോടു വിടപറയേണ്ടി വരും. എളുപ്പത്തിൽ എത്തിച്ചേരാവുന്നവയിൽ അതിവേഗമെത്തി അവിടെ കുടിലുകെട്ടിയുള്ള താമസമാണ് അസാധാരണവും അനന്യവുമായവയെ അടുത്തറിയാതെ പോകുന്നതിന്റെ കാരണം. വില കുറഞ്ഞവ വേഗത്തിൽ സമ്പാദിക്കാനാകും, അധികം വിയർപ്പൊഴുക്കാതെയും വിലകൊടുക്കാതെയും. അത്തരം നേട്ടങ്ങളിൽ സംതൃപ്തരാകുന്നവർക്ക് അധികമൂല്യമുള്ളവയൊന്നും സ്വന്തമാകില്ല.
ചെറുതിൽ അവസാനിപ്പിക്കുമ്പോഴുള്ള ചില ഗുണങ്ങളുണ്ട്. പരാജയസാധ്യത കുറവാണ്, നേരത്തെ സ്ഥിരവരുമാനത്തിലെത്തി എന്നവകാശപ്പെടാം, നിലവിലുള്ള വഴികളിലൂടെ മാത്രം സഞ്ചരിച്ചാൽ മതി. ആരുടെയും കുറ്റപ്പെടുത്തലോ അവഹേളനമോ കേൾക്കേണ്ടി വരില്ല.
ഉത്കൃഷ്ടമായതും വ്യാജമായതും ഒരേസമയം പ്രത്യക്ഷപ്പെടുമ്പോൾ നേടാനുള്ള എളുപ്പത്തിന്റെ പേരിൽ ഉൽകൃഷ്ടമായതിനെ ഉപേക്ഷിക്കുന്നതാണ് ഏറ്റവും വലിയ സ്വയാവഹേളനം. അസാധാരണമായതിനെ സ്വന്തമാക്കാനുള്ള എല്ലാ അർഹതയുമുണ്ടായിട്ടും അതിനുവേണ്ടി ഒരു ശ്രമം പോലും നടത്താതെ പിൻവാങ്ങുന്നത് ആത്മദുരന്തമാണ്.