പോളിടെക്നിക്കുകൾക്ക് സ്വയംഭരണ പദവി നൽകാൻ എഐസിടിഇ
Mail This Article
ന്യൂഡൽഹി ∙ പോളിടെക്നിക്കുകൾക്കു സ്വയംഭരണ പദവി നൽകാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനിച്ചു. പുതിയ അക്കാദമിക് വർഷം മുതൽ സ്വയംഭരണ പദവി അനുവദിക്കും.
മാനദണ്ഡങ്ങൾ ചുവടെ:
∙ 10 വർഷം പൂർത്തിയാക്കിയ സ്ഥാപനങ്ങളുടെ ആകെ കോഴ്സിന്റെ 30 ശതമാനമെങ്കിലും നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം ലഭിച്ചിരിക്കണം. അഥവാ പ്രവർത്തനമാരംഭിച്ച് 25 വർഷം പൂർത്തിയാക്കണം.
∙ 50% എങ്കിലും സ്ഥിരം അധ്യാപകരാകണം. 60% അധ്യാപകർക്ക് 5 വർഷത്തിലേറെ പ്രവർത്തിപരിചയമുണ്ടാകണം.
∙ അവസാന 3 അക്കാദമിക് വർഷങ്ങളിൽ എല്ലാ സെമസ്റ്ററുകളിലും 60 ശതമാനത്തിനു മുകളിൽ വിജയം നേടണം.
∙ അവസാന 3 വർഷം കുറഞ്ഞത് 80% സീറ്റുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയിരിക്കണം.
∙ കഴിഞ്ഞ 3 വർഷങ്ങളിൽ 75% വിദ്യാർഥികളെങ്കിലും ക്യാംപസ് പ്ലേസ്മെന്റ് നേടുകയോ സ്വയം സംരംഭകരാകുകയോ ഉന്നത പഠനം തിരഞ്ഞെടുക്കുകയോ ചെയ്തിരിക്കണം.
സ്വയംഭരണ സ്ഥാപനങ്ങൾക്കു കോഴ്സുകളും പാഠ്യപദ്ധതിയും പുനഃക്രമീകരിക്കാനും പുതിയ കോഴ്സുകൾ തയാറാക്കാനും സാധിക്കും. പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കാം. ഗവേണിങ് ബോഡി രൂപീകരിക്കാനും ബോർഡ് ഓഫ് സ്റ്റഡീസ്, പരീക്ഷാ കമ്മിറ്റി എന്നിവയെല്ലാം ഒരുക്കാനും അനുമതിയുണ്ട്. ഭരണപരമായി പൂർണ അധികാരം ലഭിക്കും. ആദ്യ ഘട്ടത്തിൽ 5 വർഷത്തേക്കാണു സ്വയംഭരണ പദവി അനുവദിക്കുക. മികച്ച രീതിയിൽ പ്രവർത്തിച്ചാൽ 5 വർഷം കൂടി നീട്ടും.