ഇഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നവരെ അകറ്റി നിർത്താറുണ്ടോ? തന്നിഷ്ടങ്ങളും മുൻവിധികളും നാശത്തിലേക്ക് നയിക്കുമെന്ന് മറക്കരുത്!
Mail This Article
മുത്തച്ഛനും കൊച്ചുമകളും ഉത്സവത്തിനിറങ്ങിയതാണ്. മുത്തച്ഛന്റെ കയ്യിൽനിന്നു പിടിവിട്ട് ആൾക്കൂട്ടത്തിനിടയിലൂടെ ഓടുന്നത് അവൾക്കു ഹരമാണ്. പലതവണ ആവർത്തിച്ചപ്പോൾ ഒരുതവണ അദ്ദേഹം അവളുടെ കയ്യിൽ പിടിമുറുക്കി. പക്ഷേ, തൊട്ടുമുൻപു മേടിച്ച് കയ്യിലണിഞ്ഞിരുന്ന കുപ്പിവളകളെല്ലാം പൊട്ടി നിലത്തുവീണു. അവൾക്ക് കൈ വേദനിക്കുകയും ചെയ്തു. അവൾ സങ്കടത്തോടെ ചോദിച്ചു: മുത്തച്ഛനെന്തിനാണ് എന്റെ വളകൾ പൊട്ടിച്ചത്? അദ്ദേഹം പറഞ്ഞു: ആ വളകൾ പൊട്ടിയില്ലായിരുന്നെങ്കിൽ നീ ആ കാറിനടിയിൽ പോകുമായിരുന്നു.
കരുതലിന്റെ മറുവശം കാർക്കശ്യവും ക്രമവുമാണ്. കരുണയുടെയും കനിവിന്റെയും വഴികളിലൂടെ മാത്രം ആരും കരുത്തും കർമനൈപുണിയും സ്വന്തമാക്കില്ല. ജീവിതവഴിയിലെ കർശന പരിശീലനങ്ങളും അനിഷ്ടസംഭവങ്ങളുമാണ് അടുത്തഘട്ടത്തിൽ മുതൽക്കൂട്ടാകുന്നത്. ശിക്ഷണക്രമങ്ങൾക്കു വഴങ്ങിക്കൊടുക്കുമ്പോഴാണ് പൂർണവളർച്ച സാധ്യമാകുന്നത്. അതിന് ചില കാര്യങ്ങൾ ചെയ്തേ മതിയാകൂ. മുൻഗാമികളുടെ അനുഭവങ്ങളെ ബഹുമാനിക്കണം. അവരിൽ അറിവു കുറഞ്ഞവരും അലിവില്ലാത്തവരും ഉണ്ടാകും. പക്ഷേ, നേരിട്ടനുഭവിച്ചവരുടെ നേർക്കാഴ്ചകളോളം വരില്ല തന്നിഷ്ടങ്ങളും മുൻവിധികളും. മാർഗനിർദേശകരെ ചിലപ്പോഴെങ്കിലും കണ്ണടച്ചു വിശ്വസിക്കണം. എല്ലാം എപ്പോഴും അവർക്കു വിശദീകരിക്കാനായെന്നു വരില്ല. എത്ര വിശദീകരിച്ചാലും പ്രായവ്യത്യാസംകൊണ്ടും അനുഭവക്കുറവുകൊണ്ടും അവയെല്ലാം അപ്രസക്തമായേ തോന്നൂ.
ഇഷ്ടങ്ങൾ അനുവദിക്കാത്തവരെയും ഇഷ്ടപ്പെടണം. ആദ്യമായി സ്കൂളിൽ പോയത് അനിഷ്ടത്തോടെയാണ്, അപരിചിതർ തന്നതൊന്നും വാങ്ങിക്കഴിക്കാതിരുന്നത് വിലക്കുള്ളതുകൊണ്ടാണ്, അതിമനോഹരമായ വസ്തുക്കൾ അടുത്തിരിക്കുന്നയാളുടെ പക്കലുണ്ടെങ്കിലും തട്ടിപ്പറിക്കാതിരുന്നത് ശാസന പേടിച്ചാണ്. അനിഷ്ടങ്ങളുടെ പിന്നാമ്പുറങ്ങളിൽ സുരക്ഷയുടെയും വളർച്ചയുടെയും ഘടകങ്ങളുണ്ട്.
കുപ്പിവളകളല്ല കുട്ടിച്ചോറാകരുതാത്ത ജീവിതങ്ങളാണ് പ്രധാനം. നൈമിഷിക സുഖങ്ങൾ സമ്മാനിക്കുന്നവർക്ക് അപ്പോഴത്തെ സുവർണനിമിഷങ്ങളിൽ മാത്രമേ താൽപര്യമുള്ളൂ. പുതിയ ആളുകളെ കിട്ടുന്നതിനനുസരിച്ച് അവരുടെ സൗഹൃദവും ആത്മാർഥതയും മാറിമറിയും. സംരക്ഷകർക്ക് പിടിവാശികളുണ്ടെങ്കിലും ലക്ഷ്യം നല്ലതായിരിക്കും. അത്യാഹിതങ്ങളിലകപ്പെടാതെ കാത്തുസൂക്ഷിക്കുന്നവരിൽനിന്നു ചെറിയ വേദനകൾ ലഭിക്കും. അവ തുടർജീവിതത്തിനുള്ള മുന്നറിയിപ്പാണ്.