ADVERTISEMENT

വിളവുകളെല്ലാം നശിച്ച് രാജ്യം പട്ടിണിയിലായി. വളരെ കഷ്ടപ്പെട്ടാണ് ഖജനാവ് കാലിയാകാതെ രാജാവ് സംരക്ഷിച്ചത്. പക്ഷേ, ദുരിതകാലത്തിനുശേഷം രാജാവ് കൂടുതൽ സമ്മർദത്തിലായി. ഇനിയും വരൾച്ച ഉണ്ടാകുമോ, അങ്ങനെ സംഭവിച്ചാൽ ജനങ്ങൾ വിപ്ലവമുണ്ടാക്കുമോ, മന്ത്രിയും പരിവാരങ്ങളും തന്നെ അട്ടിമറിക്കുമോ തുടങ്ങിയ ചിന്തകൾ ഉറക്കം കെടുത്തി. ഗുരുവിനോടു  പറഞ്ഞപ്പോൾ രാജ്യഭരണം മറ്റൊരാളെ ഏൽപിക്കാൻ നിർദേശിച്ചു. രാജാവ് ഗുരുവിനു തന്നെ അധികാരം നൽകി. തന്റെ കീഴുദ്യോഗസ്ഥനായിരുന്ന് രാജ്യം ഭരിക്കാൻ ഗുരു നിർദേശിച്ചു. കൃത്യതയോടെ ജോലി ചെയ്ത രാജാവിന് ഉറക്കവും തിരിച്ചുകിട്ടി. തനിക്കുവന്ന മാറ്റത്തിന്റെ കാരണമന്വേഷിച്ച രാജാവിനോടു ഗുരു പറഞ്ഞു: ജോലി ബാധ്യതയായി കാണാതെ ചുമതലയായി കണ്ടതാണ് താങ്കളിലെ മാറ്റത്തിനു കാരണം. 

ആസ്വദിച്ചും ആശങ്കപ്പെട്ടും ജോലി ചെയ്യാം. ഒരു ജോലിയും അതിൽത്തന്നെ സുരക്ഷിതമോ ഹാനികരമോ അല്ല. സമ്പൂർണ സംതൃപ്തിയും പരിപൂർണ അതൃപ്തിയും സമ്മാനിക്കുന്ന ഒരു കർമവീഥിയുമുണ്ടാകില്ല. ഏതു മേഖല തിരഞ്ഞെടുത്താലും ആ തിരഞ്ഞെടുപ്പ് പ്രസ്തുതവഴികളിലെ അസ്വസ്ഥതയും ആനന്ദവും അംഗീകരിച്ചുള്ള സമ്മതപത്രമാണ്. തൊഴിലിന്റെ പ്രത്യേകതകൊണ്ടോ ഏറ്റെടുക്കുന്ന ആളിന്റെ ശൈലികൊണ്ടോ പ്രവൃത്തിപഥങ്ങളിൽ വിഘ്നങ്ങളുണ്ടാകും. സമരസപ്പെടാനും മറികടക്കാനുമുള്ള കഴിവാണ് ചുവടുകളെ ചലനാത്മകമാക്കുന്നത്. 

പ്രതിരോധിക്കാനും പ്രതിപ്രവർത്തിക്കാനും തയാറാകാത്തവരെല്ലാം പാതിവഴിയിൽ രാജിവച്ചൊഴിയും. അർധവിരാമങ്ങൾ നല്ലതാണ്. വിശ്രമിക്കാനും വിചിന്തനം ചെയ്യാനും സ്വയം പ്രചോദിപ്പിക്കാനും അത്തരം ഇടവേളകൾ ഉപകരിക്കും. പൂർണവിരാമമിട്ടാൽ പിന്നൊരു തിരിച്ചുവരവില്ല. അതിജീവനാഭ്യാസങ്ങൾ സ്വയം പരിശീലിക്കുക എന്നതു മാത്രമാണു മാർഗം. ഏതു പ്രവൃത്തിയും ആസ്വാദ്യകരമാകുന്നത് ആ പ്രവൃത്തിയോടുള്ള സമീപനം മൂലമാണ്.

ഒരാളും മറ്റൊരാളുടെ പ്രശ്നത്തിനു പരിഹാരമാകില്ല. ആർക്കും വേറൊരാൾക്കു പകരം നിൽക്കാനുമാകില്ല. പകരക്കാരൻ എന്നത്  താൽക്കാലിക സംവിധാനം മാത്രമാണ്. ആവേശം കുറയുമ്പോഴോ അരുതാത്തതു സംഭവിക്കുമ്പോഴോ ഹ്രസ്വമായ ബദലായി മറ്റൊരാൾ വന്നേക്കാം. എത്രയുംവേഗം ഊർജസംഭരണം നടത്തി കളത്തിലിറങ്ങുക എന്നതാണ് നല്ല കളിക്കാരന്റെ കർത്തവ്യം.

Content Summary:

Self-Reliance in the Workplace: Mastering the Art of Perseverance and Enjoyment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com