ADVERTISEMENT

ചുമലിൽ ഭാണ്ഡവുംപേറി നടക്കുന്ന വയോധികനുണ്ടായിരുന്നു. ഭക്ഷണം മാത്രമേ ഭിക്ഷയായി വാങ്ങിയിരുന്നുള്ളൂ. കൂടെ കുറച്ചു മിഠായികളും കളിപ്പാട്ടങ്ങളും ചോദിക്കും. അവയെല്ലാം താൻ പോകുന്നയിടങ്ങളിലെ കുട്ടികൾക്കു നൽകും. ഒരു ദിവസം കുറെ യുവാക്കൾ അദ്ദേഹത്തോടു ചോദിച്ചു: ഞങ്ങൾക്കുള്ള എന്തെങ്കിലും അറിവ് ഈ ഭാണ്ഡത്തിലുണ്ടോ? വയോധികൻ ഭാണ്ഡം താഴെയിട്ടിട്ടു പറഞ്ഞു: ഞാൻ എന്റെ ഭാരം ഇറക്കി; ഇനി ഞാൻ സ്വതന്ത്രനാണ്. നിങ്ങളുടെ അനാവശ്യചുമടുകൾ താഴെയിറക്കിയാൽ നിങ്ങളും സ്വതന്ത്രരാകും. ഇനി നിങ്ങളെന്തു ചെയ്യുമെന്ന് അവർ ചോദിച്ചപ്പോൾ അദ്ദേഹം ഭാണ്ഡമെടുത്ത് വീണ്ടും ചുമലിൽവച്ചിട്ടു പറഞ്ഞു: എനിക്കിതു ഭാരമല്ല, ഇതിൽ കളിപ്പാട്ടങ്ങളും മിഠായികളുമുണ്ട്. അതു കുട്ടികൾക്കു നൽകി സന്തോഷം പങ്കുവച്ച് ഞാൻ നടന്നകലും.

ചുമടെടുക്കാതെയും ചുമലിലേറ്റാതെയുമുള്ള യാത്രകൾ അനായാസവും ആകർഷകവുമാകാം. പക്ഷേ, അഭിമാനവും ആത്മസംതൃപ്തിയും അകലെയായിരിക്കും. എല്ലാക്കാര്യങ്ങളും എളുപ്പത്തിൽ ചെയ്യാൻ മാത്രം പഠിച്ചാൽ പോരല്ലോ. ഫലപ്രദമായും ചെയ്യേണ്ടേ. നടന്നുപോകുന്ന വഴികളിൽ സുഗന്ധം പരത്തുന്നവരുടെ കൈകളിൽ ഒരു പൂവിന്റെയെങ്കിലും ഭാരമുണ്ടാകും. വെളിച്ചമേകുന്നവർ ഒന്നുകിൽ ഉരുകിത്തീരുന്നുണ്ട്; അല്ലെങ്കിൽ ദീപസ്തംഭമാകുന്നുണ്ട്. ഭാരോദ്വഹനം ഒരു മത്സരയിനം മാത്രമല്ല; ജീവിതത്തിന്റെ അനിവാര്യത കൂടിയാണ്. 

ഒന്നും ഏറ്റെടുക്കാതെ, ഒന്നിലും ഇടപെടാതെ, ആർക്കുവേണ്ടിയും നിലകൊള്ളാതെയുള്ള ദിനവൃത്താന്തങ്ങൾ ആർക്കുപകരിക്കും? അവനവനോ അപരനോ സന്തോഷത്തിന്റെയും വളർച്ചയുടെയും ഒരു കണികപോലും പകരാതെയുള്ള ജീവിതത്തിന് എന്തർഥമാണുള്ളത്? നാളിതുവരെ ആർക്കുവേണ്ടിയും ഒരു ചുമടുപോലും എടുത്തിട്ടില്ലെങ്കിൽ ഒരായുസ്സിന്റെ പ്രയോജനക്ഷമത എന്തുമാത്രമെന്നു പരിശോധിക്കണം. 

പേറുന്ന ഭാണ്ഡം മാത്രമല്ല, ആ ഭാണ്ഡത്തിൽ എന്തുണ്ട് എന്നതും കൂടിയാണ് ചുമടിന്റെ പ്രസക്തി തീരുമാനിക്കുന്നത്. ചുമക്കേണ്ടവ മാത്രമേ ചുമലിലേറ്റാവൂ. അല്ലാത്തവയെല്ലാം മാലിന്യക്കൂടയിൽ തള്ളണം. വേണ്ടാത്തവയെല്ലാം ചുമക്കുകയും വേണ്ടവയെല്ലാം വഴിയിലുപേക്ഷിക്കുകയും ചെയ്യുന്നു എന്നതാണ് പരിഹരിക്കാനാകാത്ത പിഴവ്. സമീപസ്ഥരാകുന്നവർക്ക് എന്തെങ്കിലും ഓരോരുത്തരും നൽകുന്നുണ്ട്. അതു നിസ്സംഗതയാണോ ഉല്ലാസമാണോ  ഊർജമാണോ എന്നതു ഭാണ്ഡത്തിൽ എന്തുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും.

Content Summary:

Journeys of Substance: Choosing the Burdens That Bring Joy and Empowerment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com