ഖാദി ബോർഡിൽ എൽഡി ക്ലാർക്ക് പരീക്ഷ: ഗണിതം വലച്ചു, ഏകദേശം 30 മാർക്ക് നഷ്ടപ്പെടാൻ സാധ്യത
Mail This Article
ഖാദി ബോർഡിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള അഞ്ചാംഘട്ട പ്രിലിമിനറി പരീക്ഷയും പൂർത്തിയായി. പൊതുവേ പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിലും ഗണിതം വലച്ചു. നന്നായി പഠിച്ച ഉദ്യോഗാർഥിക്കുപോലും ഈ ഭാഗത്തുനിന്നു പരമാവധി 10 മാർക്കേ സ്കോർ ചെയ്യാൻ സാധിക്കൂ. മറ്റു മേഖലകൾ എല്ലാം ശരാശരി ഉദ്യോഗാർഥികൾക്കുപോലും എളുപ്പമുള്ളതായിരുന്നു. വിവിധ ഘട്ടങ്ങളായി പ്രിലിമിനറി പരീക്ഷ നടത്തുമ്പോൾ മൂന്നാംഘട്ടക്കാർക്കും അഞ്ചാംഘട്ടക്കാർക്കുമാണു സാധാരണ വലിയ വെല്ലുവിളി ഉണ്ടാവാറുള്ളത്. ഇത്തവണ മൂന്നാംഘട്ടക്കാരെ അൽപം കുഴപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം നടത്തിയ അഞ്ചാംഘട്ടത്തിൽ പരീക്ഷ എഴുതിയവർക്ക് കാര്യമായ പ്രതിസന്ധി ഉണ്ടായിട്ടില്ല.
പൊതുവിജ്ഞാനം, മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി എന്നീ ഭാഗങ്ങളിൽ നിന്ന് 12 ചോദ്യങ്ങൾ വീതം ഉദ്യോഗാർഥികൾ ഒഴിവാക്കേണ്ടുന്നവയായിരുന്നു. പരീക്ഷ ഹാളിലെ പരിഭ്രമത്തിനിടെ ശരാശരി 6 മാർക്കിന്റെ ഉത്തരങ്ങളും തെറ്റാൻ സാധ്യതയുണ്ട്. ഇതെല്ലാം ചേർത്താൽ ഏകദേശം 30 മാർക്ക് ഉദ്യോഗാർഥിക്ക് നഷ്ടപ്പെട്ടേക്കാം. അതായത് 70 -80 മാർക്ക് സ്കോർ ചെയ്യാൻ കഴിയുന്ന പരീക്ഷയായിരുന്നു ഇതെന്നു ചുരുക്കം. പബ്ലിക് സർവീസ് കമ്മിഷന്റെ എൽഡി ക്ലാർക്ക് തസ്തികയിലെ പ്രിലിമിനറി പരീക്ഷണം ഈ പരീക്ഷയ്ക്കു കൂടിയായിരുന്നു ബാക്കിയുണ്ടായിരുന്നത്.
ഇനിമുതൽ തസ്തികയിലേക്കു പ്രിലിമിനറി പരീക്ഷ ഉണ്ടാവില്ലെന്നത് ഉദ്യോഗാർഥികൾക്ക് ആശ്വാസം. എൽഡി ക്ലാർക്ക് എല്ലാ ഘട്ടങ്ങളും പൂർത്തിയായ സ്ഥിതിക്ക് ഇനി മെയിൻ പരീക്ഷയ്ക്കുള്ള കട്ട് ഓഫ് മാർക്ക് എത്രയാണെന്ന് അറിയണം. നോർമലൈസേഷൻ, സ്റ്റാൻഡേർഡൈസേഷൻ നടപടികൾ പൂർത്തിയായി ഇതുസംബന്ധിച്ച് കൃത്യമായ ധാരണ ലഭിക്കൂ. എന്തായാലും പ്രിലിമിനറി പരീക്ഷയ്ക്കു നന്നായി സ്കോർ ചെയ്തു എന്നുറപ്പുള്ളവർ മെയിൻ പരീക്ഷയ്ക്കായുള്ള തയാറെടുപ്പുകൾ ആരംഭിക്കുകയാണു വേണ്ടത്.