മാറ്റങ്ങൾ കൃത്യമായി മനസ്സിലാക്കിയെഴുതാം ജിമാറ്റ് : പരീക്ഷാഘടനയെക്കുറിച്ചും വിശദമായറിയാം
Mail This Article
ചോദ്യം: ജിമാറ്റ് പരീക്ഷാ ഘടനയിൽ വന്നിട്ടുള്ള മാറ്റങ്ങൾ വിശദീകരിക്കാമോ?
ഷാൻ
ഉത്തരം: ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് അഥവാ ജിമാറ്റ് (GMAT) യുഎസ്, കാനഡ, യുകെ , ഓസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങളിൽ മാനേജ്മെന്റ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് പ്രവേശനത്തിനുള്ള അഭിരുചിപരീക്ഷയാണ്. ലോകമെമ്പാടുമുള്ള രണ്ടായിരത്തിനാനൂറിലധികം ബിസിനസ് സ്കൂളുകളിൽ എംബിഎ, മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് മാർക്കറ്റിങ്, മാസ്റ്റർ ഓഫ് അക്കൗണ്ടൻസി തുടങ്ങിയ കോഴ്സുകളിലേക്കുള്ള അഡ്മിഷന് ജിമാറ്റ് സ്കോർ ഉപയോഗിക്കുന്നു.
നിലവിലെ മാതൃകയിലുള്ള ജിമാറ്റ് പരീക്ഷ ഈ മാസത്തോടെ പിൻവലിക്കുകയാണ്. പുതുക്കിയ പാറ്റേണിലുള്ള ജിമാറ്റ് ഫോക്കസ് എഡിഷനാകും ഫെബ്രുവരി മുതലുള്ളത്. അതേസമയം ഇതിനകം നേടിയ ജിമാറ്റ് സ്കോറിന് 5 വർഷം സാധുതയുണ്ടാവും. പഴയ മാതൃകയിലുണ്ടായിരുന്ന അനലിറ്റിക്കൽ റൈറ്റിങ് അസസ്മെന്റ് (AWA) പിൻവലിച്ച് ഡേറ്റാ ഇൻസൈറ്റ്സ് എന്ന വിഭാഗം പുതുതായി കൂട്ടിച്ചേർത്തതാണ് ഫോക്കസ് എഡിഷനിലെ പ്രധാന മാറ്റം. വെർബൽ എബിലിറ്റി വിഭാഗത്തിലെ സെന്റൻസ് കറക്‌ഷൻ എന്ന ഭാഗവും ഒഴിവാക്കിയിട്ടുണ്ട്.
പുതിയ പരീക്ഷാഘടന ഇങ്ങനെ
ആകെ ചോദ്യങ്ങൾ: 64
സമയം : 2 മണിക്കൂർ 15 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് റീസണിങ് : 21 ചോദ്യങ്ങൾ, 45 മിനിറ്റ്
വെർബൽ റീസണിങ് : 23 ചോദ്യങ്ങൾ: 45 മിനിറ്റ്
ഡേറ്റാ ഇൻസൈറ്റ്സ് : 20 ചോദ്യങ്ങൾ, 45 മിനിറ്റ്
ഈ വിഭാഗങ്ങൾ ഏതു ക്രമത്തിൽ വേണമെങ്കിലും എഴുതാം. സ്കോറുകൾ 205-805 എന്ന സ്കെയിലിലാകും രേഖപ്പെടുത്തുക.
പരീക്ഷയിലെ ക്വാണ്ടിറ്റേറ്റീവ്, വെർബൽ വിഭാഗങ്ങൾ കംപ്യൂട്ടർ അഡാപ്റ്റീവ് ആണ്. ചോദ്യങ്ങളോടുള്ള പരീക്ഷാർഥിയുടെ പ്രതികരണങ്ങളിൽനിന്നു നിലവാരം വിലയിരുത്തി അതനുസരിച്ചു തുടർചോദ്യങ്ങൾ നൽകുന്ന രീതിയാണിത്. ടെസ്റ്റ് സെന്ററിലോ ഓൺലൈനായോ പരീക്ഷ എഴുതാം. ഫീസ് യഥാക്രമം 275, 300 ഡോളർവീതം.
ജിമാറ്റ് സ്കോറുകൾ സ്വീകരിക്കുന്ന ചില ഇന്ത്യൻ സ്ഥാപനങ്ങൾ
ഐഐഎം അഹമ്മദാബാദ് (PGP X)
ഐഐഎം കൊൽക്കത്ത (MBAEx)
ഐഐഎം ബാംഗ്ലൂർ (EPGP)
XLRI ജംഷഡ്പുർ ( PGDM-General Management)
ഐഐഎം ഇൻഡോർ (EPGP)
ജിമാറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് https://www.mba.com/