ADVERTISEMENT

ജോലികിട്ടി പുതിയ നാട്ടിൽ എത്തുമ്പോൾ അപരിചിതത്വത്തിനും അപ്പുറം ചില കൗതുകങ്ങൾ കൂടി ആ നാട് കാത്തുവച്ചിട്ടുണ്ടാകും. വടക്കു ദേശങ്ങളിലേക്ക് പോകുന്നവരെ ഒരേ സമയം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നത് ഭാഷയിലുള്ള വ്യത്യാസമാണ്. പുത്തൻ വാക്കുകൾ തന്നെ പഠിപ്പിച്ച കാസർകോടിനെക്കുറിച്ചുള്ള ഓർമകൾ മലബാർ ഡയറി എന്ന പംക്തിയിലൂടെ പങ്കുവയ്ക്കുകയാണ് തൃശൂർ സ്വദേശിനിയും കാസർകോട് ജിഎച്ച്എസ് തയ്യേനിയിലെ  അധ്യാപികയുമായ കെ.പി.ജയലക്ഷ്മി.

കാസർകോടിന്റെ മണ്ണിൽ എത്തിയ നാൾ മുതൽ വടക്കിന്റെ ഭാഷാപ്രയോഗങ്ങൾ എന്നെ വല്ലാണ്ട് ആകർഷിച്ചിട്ടുണ്ട്. എന്റെ സംസാരഭാഷയിലെ നീട്ടലും കുറുകലും തൃശൂരിന്റെ വാമൊഴിച്ചുവ എടുത്തുപറയുമെങ്കിലും ഇവിടുത്തെ നാട്ടുഭാഷ അനുഭവിച്ചറിയേണ്ടതു തന്നെയാണ്. ഒരിക്കൽ സ്കൂളിലെ ഓണാഘോഷ പരിപാടി പൊടിപൊടിക്കയാണ്. വലിയ ഹാളിൽ വരിയായി ഇലയിട്ട് കുട്ടികൾ ഇരുന്ന് പാങ്ങിൽ സദ്യയുണ്ട്. വയറും മനസ്സും നിറഞ്ഞ കുട്ടിക്കൂട്ടം ആട്ടവും പാട്ടും തുടങ്ങി. അതു കേൾക്കെ കലവറിൽ നിന്നൊരാളുടെ കമന്റ്: ‘ കുമ്പ നെറഞ്ഞപ്പം എന്താ കൂറ്റ് പിള്ളേർക്ക്’. കൂറ്റോ? ഇനി കൂറ്റൻ എന്നാണോ ഉദ്ദേശിച്ചെ? അങ്ങനെ ഒരു വാക്കുണ്ടോ? ഇങ്ങനെ പലതരം സംശയങ്ങൾ മനസ്സിലൂടെ നിറഞ്ഞോടവെ സുഹൃത്താണു പറഞ്ഞത്, ഉച്ചത്തിലുള്ള ശബ്ദത്തിനാണ് നാട്ടുഭാഷയിൽ കൂറ്റ് എന്നു പറയുന്നതെന്ന്. അങ്ങനെ ചൊട്ട (പൊട്ട്) മുതൽ പാങ്ങ് (ചന്തം) വരെ എത്രയെത്ര വാക്കുകൾ കേട്ടിരിക്കുന്നു...

ഒരിക്കൽ രണ്ട് വിദ്യാർഥികൾ ക്ലാസിൽ എത്താൻ വൈകി. എന്താ വരാൻ താമസിച്ചത് എന്നു ഞാൻ ചോദിച്ചപ്പോൾ ഒരാളുടെ മറുപടി ഇപ്രകാരമായിരുന്നു‘ ഇവൻ ബൈക്കിന്ന് കൊരട്ട പെറക്കീറ്റു ചാല്ന്ന് മീൻ പിടിച്ചിറ്റും ബൈതു പോയി’. വഴിയിൽ നിന്ന് കശുവണ്ടി പെറുക്കിയും തോട്ടിൽ നിന്ന് മീൻ പിടിച്ചും വരാൻ താമസിച്ചുപോയി എന്നാണു പറഞ്ഞതെന്നു തിരിച്ചറിയാൻ ഞാൻ കുറച്ചു സമയമെടുത്തു. അങ്ങനെ ഓർമയിൽ എത്രയോ സന്ദർഭങ്ങൾ. ഓരോ പുതിയ വാക്കും അറിവാണെന്നതിനാൽ കാസർകോട് എനിക്കു സമ്മാനിക്കുന്ന പുത്തൻ അറിവുകൾ ഞാൻ നെഞ്ചോടു ചേർക്കുന്നു.

Content Summary :

Exploring Regional Dialects: How a New Job Led to Linguistic Revelations in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com