ജിആർഇ പരീക്ഷ എങ്ങനെ, ആർക്കൊക്കെ ?
Mail This Article
ചോദ്യം: ജിആർഇ പരീക്ഷയുടെ വിശദാംശങ്ങൾ സൂചിപ്പിക്കാമോ?
ഉത്തരം: യുഎസും കാനഡയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിൽ (മാസ്റ്റേഴ്സ്, പിഎച്ച്ഡി) പ്രവേശനത്തിനുവേണ്ടി നടത്തുന്ന അഭിരുചിപരീക്ഷയാണ് ഗ്രാജ്വേറ്റ് റെക്കോർഡ് എലിജിബിലിറ്റി പരീക്ഷ. അനലിറ്റിക്കൽ റൈറ്റിങ്, ക്വാണ്ടിറ്റേറ്റീവ് റീസണിങ്, വെർബൽ റീസണിങ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പരീക്ഷ. ഏതാണ്ട് 1 മണിക്കൂർ 58 മിനിറ്റ് ദൈർഘ്യം. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ വർഷത്തിൽ പലതവണ വിവിധ ടെസ്റ്റ് കേന്ദ്രങ്ങളിലായി നടക്കും. സൗകര്യപ്രദമായ സമയത്തും തീയതിയിലും എപ്പോൾ വേണമെങ്കിലും വീട്ടിൽ വച്ചും പരീക്ഷയെഴുതാം. ഓൺലൈൻ പരീക്ഷയ്ക്ക് നിർദേശിക്കുന്ന സൗകര്യങ്ങളും പശ്ചാത്തലവും ഉണ്ടാകണമെന്നു മാത്രം.
ബിസിനസ്, ലോ, മാനേജ്മെന്റ്, സയൻസ്, എൻജിനീയറിങ് തുടങ്ങി മിക്കവാറും എല്ലാ മേഖലകളിലും പ്രവേശനത്തിന് ജിആർഇ സ്കോർ പരിഗണിക്കാറുണ്ട്. സ്കോളർഷിപ്പുകൾ ലഭിക്കാനും മികച്ച സ്കോർ സഹായകരമാകും. മാത്‌സ്, ഫിസിക്സ്, സൈക്കോളജി വിഷയങ്ങളിൽ ജിആർഇ സബ്ജക്ട് ടെസ്റ്റുകൾ ലഭ്യമാണ്. ഈ വിഷയങ്ങളിലെ ഉപരിപഠനത്തിനു ചില സ്ഥാപനങ്ങൾ സബ്ജക്ട് ടെസ്റ്റ് സ്കോറും പരിഗണിക്കും. ഒരു ശ്രമത്തിൽ മികച്ച സ്കോർ ലഭിച്ചില്ലെങ്കിൽ വീണ്ടും എഴുതാം. 21 ദിവസത്തെയെങ്കിലും ഇടവേളയുണ്ടാകണമെന്നു മാത്രം. (സബ്ജക്ട് ടെസ്റ്റുകൾക്ക് 14 ദിവസം). സ്കോറിന് 5 വർഷം സാധുതയുണ്ട്. മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് ചേരാനാഗ്രഹിക്കുന്ന അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികൾ പ്രീ-ഫൈനൽ ഇയറിൽ തന്നെ ടെസ്റ്റ് എഴുതുന്നത് അഭികാമ്യം. തിരുവനന്തപുരം കോഴിക്കോട്, കൊച്ചി കോയമ്പത്തൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്. വെബ്സൈറ്റ്: www.ets.org; www.ets india.org/gre/
പ്രവേശന മാനദണ്ഡങ്ങളിൽ ഒന്നു മാത്രമാകും ജിആർഇ. അക്കാദമിക മികവ്, റെക്കമെന്റേഷൻ ലെറ്ററുകൾ, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്, പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവയും പരിഗണിക്കപ്പെടും. ജിആർഇ സ്കോർ നിർബന്ധമല്ലാത്ത സ്ഥാപനങ്ങളുമുണ്ട്.