നല്ല നേതാവാകണോ? സാഹചര്യങ്ങൾക്കനുസരിച്ചു സ്വയം മാറാം, മറ്റുള്ളവരെ മാറ്റിയെടുക്കാം
Mail This Article
കുരങ്ങൻമാരുടെ നേതാവ് അനുയായികൾക്കു മുന്നറിയിപ്പു നൽകി: ഇവിടെ ധാരാളം വിഷഫലങ്ങളും ഭൂതങ്ങളുള്ള കുളങ്ങളുമുണ്ട്. തന്റെ നിർദേശമില്ലാതെ അപരിചിത ഫലങ്ങൾ കഴിക്കുകയോ കുളങ്ങളിൽ ഇറങ്ങുകയോ അരുത്. ഒരു ദിവസം ഒരു പുതിയ കുളം കുരങ്ങൻമാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ നേതാവിനെ വിളിച്ചുവരുത്തി. സൂക്ഷ്മനിരീക്ഷണം നടത്തിയ നേതാവ് അവരോടു പറഞ്ഞു: അങ്ങോട്ടിറങ്ങിയ മൃഗങ്ങളുടെ കാൽപാടുകളുണ്ട്. ഇങ്ങോട്ടൊന്നും തിരിച്ചുകയറിയിട്ടില്ല. ഇവിടെ ഭൂതമുണ്ട്. ഉടൻ പ്രത്യക്ഷപ്പെട്ട ഭൂതം പറഞ്ഞു: നിങ്ങൾക്കു വെള്ളം കുടിക്കാൻ മറ്റൊരു മാർഗമില്ലാത്തതുകൊണ്ട് നിങ്ങൾ കുളത്തിലിറങ്ങും. നിങ്ങളെ ഞാൻ വിഴുങ്ങും. ചുറ്റും നോക്കിയശേഷം കുരങ്ങൻമാരുടെ നേതാവ് മുളയുടെ ഇളംതണ്ട് ഒടിച്ച് അതിലൂടെ വെള്ളം വലിച്ചു കുടിച്ചു. മറ്റു കുരങ്ങൻമാരും അങ്ങനെ ചെയ്തു. ഭൂതം കുളത്തിൽ മുങ്ങിത്താണു.
കണ്ടറിഞ്ഞു കാര്യങ്ങൾ ചെയ്യാനറിയുന്ന നേതാക്കൾക്കു ചില ഗുണങ്ങളുണ്ട്. അവർ എന്തിലും മുൻപന്തിയിൽ നിൽക്കും, ദുര്യോഗങ്ങൾ മുൻകൂട്ടി കാണും, അരുതാത്തതു സംഭവിച്ചാലും ഉത്തരവാദിത്തം ഏറ്റെടുക്കും, അനുയായികൾക്ക് അത്യാഹിതം സംഭവിക്കാതിരിക്കുക പ്രഥമലക്ഷ്യമാകും, ഏതു പ്രതിസന്ധിക്കും പ്രതിവിധി കണ്ടെത്തും, സാഹചര്യങ്ങൾക്കനുസരിച്ചു സ്വയം മാറാനും മറ്റുള്ളവരെ മാറ്റിയെടുക്കാനും കഴിയും. കാലം മാറുന്നതു മുൻകൂട്ടി കാണാൻ കഴിയാത്തതും ചുറ്റുപാടുകളെ തങ്ങൾക്കനുയോജ്യമാക്കി മാറ്റാനറിയാത്തതുമാണ് ഏതു ജനതയുടെയും പരാജയകാരണം.
ഒരു മുഴം മുൻപേ സഞ്ചരിക്കുന്നവരുടെ കൂടെ രണ്ടുമുഴം പിന്നിൽനിന്നു നിർദേശങ്ങൾ പുറപ്പെടുവിച്ചാൽ അതു കേൾക്കാൻ ആരുമുണ്ടാകില്ല. അണികളെക്കാൾ മുൻപേ സഞ്ചരിക്കാൻ കഴിയുന്ന നേതാവുള്ള സമൂഹം മാത്രമേ ലക്ഷ്യത്തിലെത്തിച്ചേരൂ. അല്ലാത്തവരെല്ലാം മണ്ണിലിഴയും. കാഴ്ചപ്പാടുള്ള നായകർ മാത്രമേ അനുയായികളെ കാലാനുസൃതമായി വളർത്തുകയുള്ളൂ. തങ്ങളില്ലാത്ത സമയത്തും അസാന്നിധ്യം അറിയാത്ത രീതിയിൽ അവർ പിൻഗാമികളെ പ്രവർത്തനസജ്ജരാക്കും. തങ്ങളെക്കാൾ മികവുള്ള അണികളിലൂടെയേ നാട് മുന്നോട്ടുപോകൂ എന്ന തിരിച്ചറിവുള്ള അധികാരികൾ ക്രമാനുഗതമായ നിർദേശങ്ങളിലൂടെയും പരിശീലനത്തിലൂടെയും തന്റെ സംഘത്തെ വൈദഗ്ധ്യമുള്ളതാക്കും.