‘ഫ്രീ ഹിറ്റ് ’ ചോദ്യങ്ങളിലൂടെ എളുപ്പമെന്ന് തോന്നിപ്പിച്ച് കെണിയിലാക്കി സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷ
Mail This Article
സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് മെയിൻ പരീക്ഷ പൂർത്തിയായി. പ്രസ്താവന രൂപത്തിലുള്ള ചോദ്യങ്ങൾ ധാരാളമുണ്ടായിരുന്നു. ‘ശരിയായത് ഏത് ?’, ‘തെറ്റായത് ഏത് ?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഒന്നിടവിട്ടു മാറിമാറി ചോദിച്ചു. ശരിയായത് ഏതെന്നു പഠിച്ചു ശീലിച്ച പലരും തെറ്റായത് ഏതെന്ന ചോദ്യത്തിന്റെ കെണിയിൽ വീണു. ചില ചോദ്യങ്ങൾ ആവർത്തിച്ചു. ചില ഉത്തരങ്ങൾ ചോദ്യത്തിൽ തന്നെ നൽകിയിരുന്നു. ഇത്തരം ‘ഫ്രീ ഹിറ്റ് ’ ചോദ്യങ്ങളിലൂടെ നാലോ അഞ്ചോ മാർക്ക് എളുപ്പത്തിൽ നേടാമായിരുന്നു.
അതേസമയം ആദ്യം എളുപ്പമെന്നു തോന്നിപ്പിച്ച് പിന്നീട് ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ സംബന്ധിച്ചു ശരിയായ പ്രസ്താവന എഴുതുക എന്ന ചോദ്യത്തിൽ ആദ്യ ഓപ്ഷൻ ‘ഇന്ത്യ ഏഴു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു’ എന്നായിരുന്നു. കര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏഴാണ്. എന്നാൽ, സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങളും ഉള്ളതിനാൽ ഇതു ശരിയാണോയെന്ന് സംശയം തോന്നാം. പക്ഷേ, ഇതു ശരിയായ പ്രസ്താവനയായി കണക്കാക്കിയാണ് ഉത്തരമെഴുതേണ്ടത്.
‘ഭാരത്തിന്റെ അടിസ്ഥാന യൂണിറ്റ് ഏത്’ എന്ന മറ്റൊരു ചോദ്യമാണ് കൂടുതൽ പേർക്കു കെണിയായത്. ആദ്യ ഓപ്ഷൻ ‘കിലോ ഗ്രാം’ ആയിരുന്നു. ഒൻപതാം ക്ലാസിലെ ഫിസിക്സിന്റെ നാലാമത്തെ പാഠത്തിൽനിന്നു നേരിട്ട് കോപ്പി പേസ്റ്റ് ചെയ്ത ചോദ്യമാണിത്. ‘ഒരു വസ്തുവിനെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്ന ബലമാണ് ആ വസ്തുവിന്റെ ഭാരം. അതിന്റെ യൂണിറ്റ് ന്യൂട്ടൻ ആയിരിക്കും’ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. മൂന്നാം ഓപ്ഷനായി ന്യൂട്ടൻ നൽകിയിട്ടുണ്ട്. കൃത്യമായി പഠിക്കാത്ത ഉദ്യോഗാർഥി സാധാരണയായി ഭാരത്തിന്റെ യൂണിറ്റായി പറയുന്നത് കിലോഗ്രാം ആണല്ലോ എന്ന ചിന്തയിൽ ആദ്യ ഓപ്ഷൻ തിരഞ്ഞെടുക്കും.
‘ശരിയായവ ഏത് ?’, ‘തെറ്റായവ ഏത് ?’ എന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുമ്പോൾ തെറ്റാണോ, ശരിയാണോ, ചോദിച്ചിരിക്കുന്നത് എന്നത് ആദ്യമേ അടിവരയിട്ടു വയ്ക്കണം. അതിനുശേഷം ഉത്തരമെഴുതാൻ ശീലിച്ചവർ നെഗറ്റീവിലേക്ക് വീഴില്ല.മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി ഭാഗത്ത് 10 -12 മാർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടാകും. പൊതുവിജ്ഞാനത്തിൽ ഉൾപ്പെടുന്ന 80 മാർക്കിൽ 60 എങ്കിലും സ്കോർ ചെയ്യാൻ കഴിയണം. ലിസ്റ്റിൽ പരമാവധി ആയിരം പേർ ആയിരിക്കും ഉൾപ്പെടുക. അതിനാൽ, 70- 80 കട്ട് ഓഫ് മാർക്ക് വരാനാണ് സാധ്യത. വരാനിരിക്കുന്ന എൽഡിസി, എൽജിഎസ് പരീക്ഷ എഴുതുന്നവർ ഈ ചോദ്യപ്പേപ്പറിന് ഉത്തരമെഴുതി നോക്കണം.
Content Summary : How to Ace Your University's Final Grade Mains Exam