ADVERTISEMENT

ഗുരുവിന് ഒരു പൂച്ചയുണ്ടായിരുന്നു. പ്രാർഥനാസമയത്തു ദീപം തെളിച്ച് അദ്ദേഹം പൂച്ചയുടെ തലയിൽ വയ്ക്കും. പൂച്ച അനങ്ങാതെ ഗുരുവിനോടൊപ്പം പ്രാർഥനയിൽ പങ്കെടുക്കും. പൂച്ചയുടെ അച്ചടക്കത്തിൽ എല്ലാവരും അതിശയിച്ചു. പക്ഷേ, ശിഷ്യരിലൊരാൾ ഒരു ദിവസം ഒരു ചെറിയ പരീക്ഷണം നടത്തി. എലിയുമായി പ്രാർഥനയ്ക്കെത്തി. പതിവുപോലെ ദീപം പൂച്ചയുടെ തലയ്ക്കു മുകളിൽവച്ച് പ്രാർഥന തുടങ്ങിയപ്പോൾ ശിഷ്യൻ എലിയെ തുറന്നുവിട്ടു. പൂച്ച ഉടനെ ദീപവും താഴെയിട്ട് എലിക്കു പിന്നാലെ ഓടി. അവിടെങ്ങും ഇരുട്ടായി.

നിയോഗങ്ങളിലേക്കുള്ള യാത്രയിൽ രണ്ടു ഘടകങ്ങൾ പ്രധാനമാണ്. ഒന്ന്, പ്രവർത്തനസ്ഥിരതയുണ്ടാകുക, രണ്ട് പ്രലോഭനങ്ങളെ മറികടന്ന് പ്രവർത്തനനിരതമായിരിക്കുക. നിർബന്ധിത സാഹചര്യങ്ങൾകൊണ്ടോ ലഭിക്കാനിടയുള്ള പ്രശംസാപത്രങ്ങളുടെ പേരിലോ ഏറ്റെടുക്കുന്ന ഒരു പ്രവൃത്തിക്കും അധികായുസ്സുണ്ടാകില്ല. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ സഹയാത്രികരോ വഴികാട്ടിയോ ഉണ്ടാകുന്നതു നല്ലതുമാണ്. പക്ഷേ, മാർഗദർശനം മാർഗതടസ്സമാകരുത്. 

അർഹിക്കുന്ന ദൂരത്തിനും സമയത്തിനുമപ്പുറം ആർജിച്ചെടുത്ത ആത്മാവബോധത്തിലൂടെ തനിച്ചുള്ള യാത്രകളുണ്ടാകണം. അല്ലാത്തവരെല്ലാം അപരന്റെ നിഴലായി ആജീവനാന്തം തുടരും. അപരൻ അവസാനിക്കുമ്പോൾ സ്വന്തം അസ്തിത്വവും നശിക്കും. പ്രതിസന്ധികളെക്കാൾ നശീകരണശേഷിയുണ്ട് പ്രലോഭനങ്ങൾക്ക്. പ്രതിസന്ധികൾ വെല്ലുവിളിയുയർത്തും, ആവേശം ജനിപ്പിക്കും. പ്രലോഭനങ്ങൾ വഴിതെറ്റിക്കും, ബലഹീനതകൾ കണ്ടെത്തി അവയിലേക്കു ദിശമാറ്റും, തിരിച്ചു നടക്കാനാകാത്തവിധം കെണിയിൽ വീഴ്ത്തും. 

തുടങ്ങുന്ന സമയത്തെ നിശ്ചയദാർഢ്യവും അധ്വാനശീലവും തുടർപ്രക്രിയകളിൽ ചോർന്നുപോകുന്നതാണ് എല്ലാ കർമരംഗങ്ങളും നിർജീവമാകുന്നതിന്റെ കാരണം. പ്രലോഭനങ്ങൾക്കെല്ലാം ചില തനതുസവിശേഷതകളുണ്ട്. അവ ഒരിക്കലും തനിസ്വരൂപം കാണിക്കില്ല. ഇരയുടെ ഇഷ്ടഭാവങ്ങളിലായിരിക്കും പ്രത്യക്ഷപ്പെടുക. അവ ഒരിടത്തും അതിക്രമിച്ചു കയറില്ല, ആകർഷണീയ ഭാവങ്ങളിൽ അടുത്തുകൂടുകയേയുള്ളൂ. കാലിടറി വീഴുന്നുണ്ടെന്നു മനസ്സിലാകാത്തവിധമാണ് ഓരോ ബലിയാടിനെയും അതു സൃഷ്ടിക്കുക. ദൗത്യപൂർത്തീകരണത്തിനുള്ള ആദ്യപടി തന്റെ ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ മുന്നിൽ ‘കെണിയുണ്ട്, സൂക്ഷിക്കുക’ എന്ന ബോർഡ് സ്ഥാപിക്കുകയാണ്.

Content Summary:

How to Overcome Temptations and Sustain Momentum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com