പ്രഫഷനലുകളെ ക്ഷണിച്ച് കോഴിക്കോട് ഐഐഎം; എക്സിക്യൂട്ടീവ് എംബിഎയ്ക്ക് അപേക്ഷിക്കാം
Mail This Article
മാനേജ്മെന്റ് സ്ഥാപനങ്ങളിലെ തിലകക്കുറികളാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഥവാ ഐഐഎമ്മുകൾ. ഇവിടങ്ങളിൽ പഠിക്കുന്നത് മികച്ച ജോലിയിലേക്കു നയിക്കുമെന്നതു മാത്രമല്ല, മറിച്ച് വിദ്യാഭ്യാസത്തിലെ ഒരു നാഴികക്കല്ല് സ്വന്തമാക്കാനും ഉപകരിക്കുമെന്നത് വിദ്യാർഥികൾക്കിടയിൽ ഈ സ്ഥാപനങ്ങളെ ആകർഷകമാക്കുന്നു. ഐഐഎമ്മുകളിൽ ഇന്ത്യയിലെ മുൻനിര മാനേജ്‌മെന്റ് സ്ഥാപനമായ കോഴിക്കോട് ഐഐഎമ്മിന്റെ കൊച്ചി ക്യാംപസിൽ എക്‌സിക്യൂട്ടീവുകൾക്ക് എംബിഎ ചെയ്യാൻ അവസരം. പ്രഫഷനലുകൾക്കാണ് ഈ പ്രോഗ്രാമിൽ അപേക്ഷിക്കാവുന്നത്. ഇപിജിപി എന്നും ഈ പ്രോഗ്രാം അറിയപ്പെടുന്നു.
2 വർഷത്തേക്കുള്ള ഈ പ്രോഗ്രാം എക്‌സിക്യൂട്ടീവുകൾക്കും സംരംഭകർക്കും ഗുണമുള്ളതാണ.് സങ്കീർണവും വിവിധതലത്തിലുള്ളതുമായ തിരഞ്ഞെടുപ്പ് പ്രക്രിയ വഴിയാണ് ഇതിലേക്കുള്ള അഡ്മിഷൻ. അക്കാദമിക നിലവാരമുള്ള, വിജയകരമായി പഠനം പൂർത്തിയാക്കിയ പഠിതാക്കൾക്ക് ഇപിജിപി ബിരുദം ലഭിക്കും. ഇമാറ്റ് എന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടെസ്റ്റ്, അല്ലെങ്കിൽ ക്യാറ്റ്, ജിമാറ്റ്, ജിആർഇ സ്കോറുകൾ അഡ്മിഷനായി പരിഗണിക്കും. അസോസിയേഷൻ ഓഫ് എംബിഎസ്, ഇക്വിസ് തുടങ്ങിയ രാജ്യാന്തര സ്ഥാപനങ്ങളുടെ അംഗീകാരമുള്ളതാണ് കോഴ്‌സ്. ഏതെങ്കിലും മേഖലയിൽ ബാച്‌ലേഴ്‌സ് ബിരുദം. സിഎ, അനുബന്ധ സർട്ടിഫിക്കേഷനുകളും പരിഗണിക്കും. കുറഞ്ഞത് 50 ശതമാനം മാർക്കോ തത്തുല്യ സിജിപിഎയോ വേണം. ബിരുദം നേടിയ ശേഷം 3 വർഷമെങ്കിലും മാനേജീരിയൽ/ സംരംഭകത്വ / പ്രഫഷനൽ മേഖലകളിൽ തൊഴിൽപരിചയം വേണം. നിയമപ്രകാരമുള്ള റിസർവേഷൻ കോഴ്‌സുകൾക്ക് ബാധകമാണ്.
തിരികെ ലഭിക്കാത്ത 2000 രൂപ എല്ലാ വിദ്യാർഥികളും ആപ്ലിക്കേഷൻ ഫീസായി നൽകണം. 7 ഇൻസ്റ്റാൾമെന്റുകളിലായി 12 ലക്ഷം രൂപയാണ് മൊത്തം ഫീസ്. രണ്ട് രീതിയിലുള്ള ക്ലാസുകൾ തിരഞ്ഞെടുക്കാൻ അവസരമുണ്ട്.തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9.45 വരെ സായാഹ്ന ക്ലാസുകളുണ്ട്. അതല്ലെങ്കിൽ വാരാന്ത്യ ക്ലാസുകൾ തിരഞ്ഞെടുക്കാം. ശനിയാഴ്ച നാലുമുതൽ രാത്രി 9.45 വരെയും ഞായറാഴ്ച 9 മുതൽ 3.30 വരെയുമാണ് സായാഹ്ന ക്ലാസുകൾ. സായാഹ്ന ക്ലാസുകൾ ഓൺലൈനായും വാരാന്ത്യ ക്ലാസുകൾ നടക്കുന്നത്.
സായാഹ്ന ക്ലാസ് രീതിക്ക് 21 വരെയും വാരാന്ത്യ ക്ലാസ് രീതിക്ക് മാർച്ച് 25 വരെയും അപേക്ഷ നൽകാം. ഏപ്രിലിൽ ക്ലാസുകൾ തുടങ്ങും.
പ്രശസ്തമായ ഐഐഎം സ്ഥാപനങ്ങളിലൊന്നിൽ പഠിക്കാനും ഡിഗ്രി നേടാനുമുള്ള അവസരം, വ്യത്യസ്ത മേഖലകളിൽ നിന്നുള്ള സഹപാഠികളുമായി ഇടപഴകൽ, ആറായിരത്തിലധികം പേർ ഉൾപ്പെടുന്ന ഐഐഎം പൂർവവിദ്യാർഥി ശൃംഖലയിൽ ഉൾപ്പെടാനുള്ള സൗകര്യം, ഐഐഎംകെ ലൈവ് പ്രോഗ്രാമിന്റെ ഭാഗമായി ബിസിനസ് ഇൻകുബേറ്റർ ഉപയോഗിക്കാനുള്ള അവസരം, മെറിറ്റ് സ്‌കോളർഷിപ്പുകളുടെ ലഭ്യത, ആവശ്യമെങ്കിൽ താത്കാലികമായി ഇടവേളയെടുക്കാനുള്ള സൗകര്യം, കരിയർ ഗൈഡൻസ് സെന്ററിന്റെ സേവനങ്ങൾ തുടങ്ങിയ പ്രോഗ്രാമിന്റെ ഗുണങ്ങളാണ്.