10–ാം ക്ലാസ് കണക്ക് പരീക്ഷ : ഇങ്ങനെ പഠിച്ചാൽ ശരാശരി കുട്ടികൾക്കും മുഴുവൻ മാർക്കും ലഭിക്കും
Mail This Article
വി.കെ.ഗോപീകൃഷ്ണൻ
അധ്യാപകൻ, ജിഎപിഎച്എസ്,
എലപ്പുള്ളി, പാലക്കാട്
എസ്എസ്എൽസി പരീക്ഷയിലെ ഒരു പ്രധാന വിഷയമാണ് ഗണിതം. രണ്ടേമുക്കാൽ മണിക്കൂർ 80 മാർക്കിന് എഴുതിത്തീർക്കേണ്ട വിഷയം. അതിൽ 15 മിനിറ്റ് കൂൾ ഓഫ് ടൈം ആയിരിക്കും എന്ന് അറിയാമല്ലോ. ഈ 15 മിനിറ്റിന് വളരെയേറെ പ്രാധാന്യമുണ്ട്. ചോയ്സ് ഉൾപ്പെടെ 29 ഓളം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ ഉണ്ടാകും. അതിൽ രണ്ടു മാർക്കിന്റെ നാല് ചോദ്യങ്ങൾ ഉള്ളതിൽ മൂന്നെണ്ണം എഴുതേണ്ടതുണ്ട്. തുടർന്ന് മൂന്നു മാർക്കിന്റെ 6 ചോദ്യങ്ങളിൽ ഏതെങ്കിലും നാലെണ്ണം എഴുതിയാൽ മതി. നാലു മാർക്കിന്റെ 11 ചോദ്യങ്ങളിൽ ഏതെങ്കിലും എട്ടെണ്ണം എഴുതുകയാണ് അടുത്തത്. ഒടുവിലായി, അഞ്ചു മാർക്കിന്റെ 8 ചോദ്യങ്ങളിൽ ഏതെങ്കിലും ആറെണ്ണവും എഴുതേണ്ടതുണ്ട്. എല്ലാം കൂടി ചോയിസ് ഉൾപ്പെടെ 110 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാവും. ഇതിൽ 80 മാർക്കിനാണ് നിങ്ങൾക്ക് എഴുതേണ്ടത്.
ഈ 80 മാർക്കിൽ 70 മാർക്ക് വാങ്ങുകയാണെങ്കിൽ എപ്ലസ് ലഭിക്കും. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ സി വർക്കുകൾ എല്ലാം ഭംഗിയായി ചെയ്തു കഴിഞ്ഞു എങ്കിൽ സി ഇ മാർക്ക് ആയി 20 മാർക്ക് നിങ്ങൾക്ക് നിങ്ങളുടെ അധ്യാപകർ തന്നിരിക്കും എന്ന് ഉറപ്പ്. ചുരുക്കിപ്പറഞ്ഞാൽ, 80 മാർക്കിന് എഴുതിയതിൽ 10 മാർക്കിന്റെ ഉത്തരങ്ങൾ തെറ്റിയാൽത്തന്നെയും എ പ്ലസ് എന്ന കടമ്പ കടക്കാം. അതായത്, 110 മാർക്കിൽ കേവലം 70 മാർക്ക് മാത്രമേ എഴുതി വാങ്ങേണ്ടതുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, ചോദ്യപേപ്പറിലെ 40 മാർക്കിന്റെ ചോദ്യങ്ങൾക്ക് ഉത്തരം അറിയില്ല എങ്കിൽ കൂടെയും ബാക്കിയുള്ള ഉത്തരങ്ങളെല്ലാം ശരിയാക്കിയിട്ടുണ്ടെങ്കിൽ എ പ്ലസ് തന്നെ ലഭിക്കും. എ ഗ്രേഡിന്റെ കാര്യം പറയുകയാണെങ്കിൽ 80 ൽ 60 മാർക്ക് മാത്രം വാങ്ങിയാൽ മതി. ഇത്രയും പറഞ്ഞത് എ പ്ലസ് അഥവാ എ ഗ്രേഡുകൾ വാങ്ങുക എന്നത് ഒരു ബാലികേറാ മലയല്ല എന്ന് സൂചിപ്പിക്കുവാൻ മാത്രമാണ്.
ആദ്യ വിഭാഗമായ രണ്ടു മാർക്ക് ചോദ്യങ്ങൾ പാഠപുസ്തകത്തിലൂടെ കടന്നുപോയ ഒരു കുട്ടിയെയും ബുദ്ധിമുട്ടിക്കില്ല എന്ന് ഉറപ്പു നൽകാൻ കഴിയും. ക്രിയകൾ എഴുതാതെതന്നെ നേരിട്ട് ഉത്തരം എഴുതാവുന്ന ചോദ്യങ്ങൾ ആയിരിക്കും അവയിൽ മിക്കവാറും. മൂന്ന് നാല് മാർക്കിന്റെ ചോദ്യങ്ങളും ഏകദേശം ഇതേ നിലവാരത്തിൽ തന്നെയുള്ളവ ആയിരിക്കും. അവയ്ക്കെല്ലാം ഉപചോദ്യങ്ങളും ഉണ്ടാകുവാനും സാധ്യതയുണ്ട്. ഈ ചോദ്യങ്ങളിൽ ആദ്യത്തേത്ത് ലളിതമായിരിക്കും. ഉദാഹരണത്തിന്, തുടർച്ചയായ രണ്ട് ഒറ്റ സംഖ്യകളിൽ ആദ്യത്തെ സംഖ്യ x എന്നെടുത്താൽ അടുത്ത സംഖ്യ എന്തായിരിക്കും എന്ന തരത്തിൽ ചോദ്യത്തെ പരിചയപ്പെടുത്തുന്ന ഒന്ന്. ഇതുപോലെതന്നെ സുപ്രധാനമായ ഒന്നാണ് 29-ാം ചോദ്യമായി വരുന്നത്. ഭാഷാ വിഷയങ്ങളിൽ ഒരു പാരഗ്രാഫ് തന്നിട്ട് അതിനെ അടിസ്ഥാനമാക്കി ഉത്തരം എഴുതുക എന്ന തരത്തിൽ കണക്കുമായി ബന്ധപ്പെട്ട ചില പുതിയ അറിവുകൾ തരുന്ന ഒരു പാരഗ്രാഫ് വായിച്ച് അതിൽനിന്ന് ഉത്തരം കണ്ടെത്താവുന്ന ഒരു നാലോ അഞ്ചോ ചോദ്യങ്ങൾ ഉൾപ്പെടുത്തിയവ ആയിരിക്കും ഈ ചോദ്യം. ഇതിനായി കുറച്ചു സമയം മാറ്റിവയ്ക്കുകയാണെങ്കിൽ ശരാശരി കുട്ടികൾക്ക് പോലും മുഴുവൻ മാർക്കും ലഭിക്കും.
ഇതുവരെ പറഞ്ഞത് ഉയർന്ന മാർക്ക് നേടുവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയാണ്. അതേസമയം ഈ പരീക്ഷയിൽ തോറ്റു പോകുമോ എന്ന് ആധി പിടിച്ചു നടക്കുന്ന കുട്ടികളോട് പറയാനുള്ളത്, കണക്കു പരീക്ഷയിൽ തോൽക്കണമെങ്കിൽ നിങ്ങൾ വിചാരിക്കണം എന്നാണ്. കാരണം സ്ഥിരമായി വരുന്ന ലളിതമായ ഒരുപറ്റം ചോദ്യങ്ങൾ ചോദ്യപേപ്പറിൽ കാണാം. അവയാണ് നിർമിതികളും മാധ്യമം കാണാനുള്ള ചോദ്യവും. ഏകദേശം 9 തരം ചോദ്യങ്ങളാണ് വൃത്തവുമായി ബന്ധപ്പെട്ട നിർമിതികളായി വരുന്നത്. അവയെല്ലാം പലപ്രാവശ്യം ചെയ്തു പഠിച്ചാൽ ബുദ്ധിമുട്ടുണ്ടാവില്ല. ഇതുപോലെ സൂചക സംഖ്യകൾ എന്ന പാഠത്തിൽനിന്ന് അക്ഷങ്ങൾ വരച്ച് ബിന്ദുക്കൾ അടയാളപ്പെടുത്താനും യോജിപ്പിക്കുവാനും ഉള്ള ചോദ്യവും പ്രതീക്ഷിക്കാം.
ഇതുപോലെ സ്ഥിരമായി വരുന്ന മറ്റൊരു ചോദ്യമാണ് മധ്യമം കാണുക എന്നത്. സ്ഥിതിവിവരക്കണക്കുകൾ എന്ന പാഠത്തിൽനിന്ന് രണ്ട് ചോദ്യങ്ങൾക്ക് സാധ്യതയുണ്ട്– രണ്ടു മാർക്കിന്റെ ഒരു ചോദ്യവും നാലു മാർക്കിന്റെ അഥവാ 5 മാർക്കിന്റെ ഒരു ചോദ്യവും. ഇവയെല്ലാം സ്ഥിരം പാറ്റേണിൽ ഉത്തരം എഴുതാവുന്ന ചോദ്യങ്ങൾ ആയതിനാൽ അവയ്ക്ക് തീർച്ചയായും ഉത്തരമെഴുതാം.
ഇനി പറയാനുള്ളത്, എങ്ങനെ കണക്കുപരീക്ഷ എഴുതും എന്നതാണ്.
1) കൂളോഫ് ടൈമിൽ, പൂർണമായി അറിയുമെന്നുറപ്പുള്ള എല്ലാ ചോദ്യങ്ങളും അടയാളമിട്ടു വയ്ക്കുക. ഒപ്പം 29 –ാം ചോദ്യത്തിന് കുറച്ച് സമയം മാറ്റി വയ്ക്കുക.
2) ഓരോ ചോദ്യത്തിനും ഉത്തരമെഴുതുമ്പോൾ മാർക്ക് ശ്രദ്ധിക്കുക.
3) 1 മാർക്ക് ചോദ്യങ്ങൾക്ക് ഉത്തരം മാത്രം എഴുതിയാൽ മതി.
4) മറ്റുള്ള ചോദ്യങ്ങൾക്ക് പ്രധാന ക്രിയകൾ കൂടി കാണിക്കുക.
5) ചോദ്യ പേപ്പറിലെ ചിത്രങ്ങൾ അനാവശ്യമായി പകർത്തി വയ്ക്കാതിരിക്കുക. ക്രിയകൾ ചെയ്യുവാൻ ആവശ്യമാണ് എന്ന് ഉത്തമ ബോധ്യമുള്ള ചിത്രങ്ങൾ മാത്രം ഉത്തര പേപ്പറിൽ റഫായി വരയ്ക്കുക.
6) വൃത്തങ്ങൾ എന്ന പാഠത്തിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾക്ക് അനാവശ്യമായി സുദീർഘമായ വിശദീകരണം എഴുതി സമയം കളയാതിരിക്കുക ഉദാഹരണത്തിന്, ഒരു ചക്രിയ ചതുഭുജത്തിന്റെ ഒരു കോൺ 80° ആണെങ്കിൽ അതിന്റെ എതിർകോൺ എത്ര ഡിഗ്രി എന്ന് ചോദ്യത്തിന് നിങ്ങൾ 180 - 80 = 100 എന്നു മാത്രം എഴുതിയാൽ മതി.
7) അശ്രദ്ധ മൂലമുള്ള തെറ്റുകൾ പരമാവധി കുറയ്ക്കുക. ഉദാഹരണത്തിന്, സമാന്തര ശ്രേണിയുടെ പദം കാണാനുള്ള ചോദ്യങ്ങളിൽ3 +9x4 = 12x 4 എന്ന് എഴുതുന്നത് അശ്രദ്ധയാണ്.
8) വരയ്ക്കാനുള്ള ചോദ്യങ്ങളിൽ, എടുത്ത അളവുകൾ ചിത്രത്തിൽ അതാതിടങ്ങളിൽ രേഖപ്പെടുത്തണം.
9) നിശ്ചിത എണ്ണം ചോദ്യങ്ങൾ പൂർത്തിയായ ശേഷം സമയമുണ്ടെങ്കിൽ സംശയമുള്ളവ ഒന്നുകൂടി വായിച്ചു നോക്കുക. ഏറ്റവുംഒടുവിൽ, സമയമുണ്ടെങ്കിൽ അധിക ചോദ്യങ്ങൾ ഒന്നോ രണ്ടോ ചെയ്യാം.
10) ഏറ്റവും ഒടുവിലായി പറയട്ടെ, സൂത്രവാക്യങ്ങൾ നന്നായി ഉറച്ച് പഠിക്കുക.