സിയുഇടി–യുജി: കണക്ക് മുഖ്യം, ചോദ്യരീതി അറിഞ്ഞു തയാറെടുക്കാൻ സൂപ്പർ ടിപ്സ്
Mail This Article
സിയുഇടി–യുജി മേയ് 15 മുതൽ. പുതിയ പരീക്ഷാരീതിയനുസരിച്ച് തയാറെടുപ്പിന് ഇതാ ചില ടിപ്സ് രാജ്യത്ത് ഏറ്റവുമധികം വിദ്യാർഥികൾ പങ്കെടുക്കുന്ന പ്രവേശനപരീക്ഷകളിലൊന്നാണു സിയുഇടി–യുജി. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള മികച്ച സ്ഥാപനങ്ങളിൽ ബിരുദ പ്രവേശനത്തിനുള്ള ദേശീയതല എൻട്രൻസ് പരീക്ഷ.കഴിഞ്ഞ 2 വർഷങ്ങളിൽനിന്നു വ്യത്യസ്തമായി തിരഞ്ഞെടുക്കാവുന്ന വിഷയങ്ങളുടെ എണ്ണത്തിലും പരീക്ഷാരീതിയിലും മാറ്റങ്ങളോടെയാണ് ഇത്തവണ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം വരെ മൊത്തം 10 പേപ്പറുകൾ തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നെങ്കിൽ ഇക്കുറി ജനറൽ ടെസ്റ്റ് ഉൾപ്പെടെ പരമാവധി 6 പേപ്പറുകൾ മാത്രം. അതിനാൽ തന്നെ താൽപര്യമുള്ള പ്രോഗ്രാമുകൾ, അവയിൽ പ്രവേശനം ലഭിക്കാൻ എഴുതേണ്ട പേപ്പറുകൾ എന്നിവയുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.മുൻവർഷങ്ങളിൽ കംപ്യൂട്ടർ ടെസ്റ്റായിരുന്നെങ്കിൽ ഇക്കുറി ഏറ്റവുമധികം അപേക്ഷകരുള്ള പേപ്പറുകൾക്ക് പെൻ–പേപ്പർ രീതിയാണ്.അറിവു മാത്രം വിലയിരുത്താനുള്ള ടെസ്റ്റായി സിയുഇടി–യുജിയെ കാണരുത്. സമ്മർദത്തിന് അടിപ്പെടാതെ ശരിയായ ടൈം മാനേജ്മെന്റിലൂടെ പരീക്ഷ ജയിക്കാനുള്ള സ്മാർട് പഠനമാണ് ആവശ്യം.
കണക്ക് മുഖ്യം
ജനറൽ ടെസ്റ്റ് എല്ലാ സർവകലാശാലകളിലേക്കും നിർബന്ധമല്ലെങ്കിലും ഇതിന്റെ മാർക്ക് പരിഗണിക്കുന്ന കുറെയധികം പ്രോഗ്രാമുകൾ വിവിധ സർവകലാശാലകളിലുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ അപേക്ഷിക്കുന്ന ഡൽഹി സർവകലാശാലയിൽ ബിസിനസ് ഇക്കണോമിക്സ്, മാനേജ്മെന്റ് സ്റ്റഡീസ് തുടങ്ങിയ പ്രോഗ്രാമുകളിലാണ് ജനറൽ ടെസ്റ്റ് നിർബന്ധം.
പൊതുവിജ്ഞാനം, കറന്റ് അഫയേഴ്സ്, ജനറൽ മെന്റൽ എബിലിറ്റി, ന്യൂമെറിക്കൽ എബിലിറ്റി, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റീസണിങ് എന്നിവയാണു ജനറൽ ടെസ്റ്റിന്റെ സിലബസിൽ പൊതുവായുള്ളത്. 60 ചോദ്യങ്ങളിൽ 50 എണ്ണത്തിന് ഉത്തരം നൽകണം.
∙ പൊതുവിജ്ഞാനത്തിൽ എല്ലാ മേഖലകളിൽനിന്നും ചോദ്യമുണ്ടാകും. സയൻസ്, ഹ്യുമാനിറ്റീസ്, ഇക്കണോമിക്സ് തുടങ്ങിയ വിഭാഗങ്ങളിൽനിന്നെല്ലാം ചോദ്യം വരാം.
∙ പ്രധാന ദിനങ്ങൾ, പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാർത്തയിൽ ഇടംപിടിച്ച സ്ഥലങ്ങൾ തുടങ്ങിയവ കറന്റ് അഫയേഴ്സിൽ ചോദിക്കാം. പത്രം വായിക്കുമ്പോൾ പ്രധാന കാര്യങ്ങൾ കുറിച്ചിടണം.
∙ ജനറൽ ടെസ്റ്റിൽ ഏറ്റവും പ്രധാനം അടിസ്ഥാന ഗണിതം ഉൾപ്പെടുന്ന റീസണിങ്, ന്യൂമെറിക്കൽ എബിലിറ്റി ഭാഗങ്ങളാണ്. വളഞ്ഞ മട്ടിൽ ചോദിക്കുമെന്നതിനാൽ ഉത്തരം നൽകാൻ കൂടുതൽ സമയം വേണം. അതു പരീക്ഷയുടെ മൊത്തം സമയത്തെ ബാധിക്കാതെ ശ്രദ്ധിക്കണം.
∙ പൊതുവിജ്ഞാന ഭാഗത്ത് അധികം സമയം ചെലവഴിച്ചാൽ റീസണിങ് ഭാഗത്തെത്തുമ്പോൾ പ്രതിസന്ധിയുണ്ടാകും.
ചോദ്യ രീതി അറിയണം
∙ ഭാഷ ഒഴികെയുള്ള വിഷയങ്ങളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയാണു ചോദ്യങ്ങൾ. ഓരോ അധ്യായത്തിലെയും സൈഡ് റീഡിങ് ഭാഗങ്ങളിൽനിന്നു പോലും ചോദ്യങ്ങൾ വരാം.
∙ ഇംഗ്ലിഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നമ്മുടെ ഭാഷാ അഭിരുചി, വ്യാകരണമികവ്, പാരഗ്രാഫ് തന്ന് അതിൽനിന്ന് ഉത്തരം എഴുതാനുള്ള കഴിവ് തുടങ്ങിയവ പരിശോധിക്കും.
∙ കൃത്യമായി അറിയാവുന്ന ചോദ്യങ്ങൾക്ക് ആദ്യം ഉത്തരം നൽകുക. മറ്റു ചോദ്യങ്ങൾ അടുത്ത റൗണ്ടിൽ പരിഗണിക്കാം.
∙ കഴിഞ്ഞവർഷത്തെ ചോദ്യങ്ങൾ സിയുഇടിയുടെ വെബ്സൈറ്റിലുണ്ട്. ഇവ ചെയ്ത് ടൈം മാനേജ്മെന്റ് ശീലിക്കുക. ചോദ്യരീതി മനസ്സിലാക്കാനും ഇതു സഹായിക്കും.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക
ഓരോ യൂണിവേഴ്സിറ്റിയുടെയും പ്രവേശന മാനദണ്ഡങ്ങൾ വ്യത്യാസമാണ്. ഉദാഹരണത്തിനു ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളജുകളിൽ പൊളിറ്റിക്കൽ സയൻസ് പ്രവേശനത്തിന് ഇംഗ്ലിഷും പൊളിറ്റിക്കൽ സയൻസും മറ്റു 2 ഹ്യുമാനിറ്റീസ് വിഷയങ്ങളും എഴുതണം. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലാണെങ്കിൽ ജനറൽ ടെസ്റ്റും ഇംഗ്ലിഷും മതി. ഇതിൽ ഇംഗ്ലിഷിന് 50 ശതമാനമെങ്കിലും സ്കോർ വേണം. ഇത്തരം വ്യത്യാസങ്ങൾ അറിഞ്ഞ് അപേക്ഷിക്കണം.