ചെറിയ ശ്രദ്ധ കൊടുത്താൽ എസ്എസ്എൽസിക്ക് മികച്ച സ്കോറും ഉയർന്ന ഗ്രേഡും ഉറപ്പ്: അടിസ്ഥാന പാഠാവലി ഇങ്ങനെ പഠിക്കാം
Mail This Article
എസ്എസ്എൽസി മലയാളം പരീക്ഷ കേരള പാഠാവലി (ഫസ്റ്റ് പേപ്പർ), അടിസ്ഥാന പാഠാവലി (സെക്കൻഡ് പേപ്പർ) എന്നിങ്ങനെ രണ്ടു ഘട്ടമായാണ് നടക്കുക. അതിൽ കേരള പാഠാവലിയുടെ പരീക്ഷ കഴിഞ്ഞല്ലോ. സംസ്കൃതം, ഉറുദു, അറബിക് എന്നിവ ഒന്നാം ഭാഷയായുളളവർക്കു കൂടി പഠിക്കാനുള്ളതാണ് അടിസ്ഥാന പാഠാവലി. 40 മാർക്കിന്റെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷ, പാഠഭാഗത്തിലെ ആശയം ഗ്രഹിച്ചവർക്കും ലഘുവ്യാകരണങ്ങൾ അറിയുന്നവർക്കും എളുപ്പമാകും. ചെറിയ ശ്രദ്ധ കൊടുത്താൽ മികച്ച സ്കോറും അതുവഴി ഉയർന്ന ഗ്രേഡും നേടാൻ കഴിയും.
സ്വതന്ത്ര വായനയെയും ചിന്തയെയും പ്രോൽസാഹിപ്പിക്കുന്ന പാഠഭാഗങ്ങളിലെ ചോദ്യങ്ങളോടു പ്രതികരിക്കുമ്പോൾ സ്വന്തമായ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കേണ്ടതുണ്ട്. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഉത്തരങ്ങൾക്കു സാധ്യത കുറവായ മലയാളം പരീക്ഷ, ജീവിതാനുഭവങ്ങൾ വഴിയും ക്ലാസ്റൂമിലെ പഠനപ്രവർത്തനങ്ങൾ വഴിയും നിങ്ങൾ നേടിയ സാമൂഹിക, സാഹിത്യ ബോധത്തെയും ഭാഷാജ്ഞാനത്തെയും അളക്കാൻ പോന്നതാണ്. അതുകൊണ്ടുതന്നെ സ്വതന്ത്രവും തനതുമായ ആവിഷ്കാരമാകണം ഉത്തരങ്ങൾ.
പാഠഭാഗങ്ങളുടെ പൊതു സ്വഭാവം, കേന്ദ്രാശയം, എഴുത്തുകാർ, പ്രധാന കഥാപാത്രങ്ങൾ, ആഖ്യാനരീതി, ആസ്വാദനാംശങ്ങൾ ഇവ ഗ്രഹിക്കേണ്ടതുണ്ട്. ചോദ്യത്തിന്റെയും സ്കോറിന്റെയും സ്വഭാവത്തിനനുസരിച്ച് ഉത്തരം നൽകിയാൽമതി. വാരിവലിച്ചെഴുതുന്ന രീതി സമയനഷ്ടം വരുത്തും. 4 മാർക്കിന്റെ ഹ്രസ്വോത്തര ചോദ്യങ്ങൾക്ക് (9 മുതൽ 14 വരെയുള്ള ചോദ്യങ്ങൾ) 15 വാക്യങ്ങളിൽ കവിയാത്ത ഉത്തരം നൽകാം.
6 മാർക്കിന്റെ ഉപന്യാസ മാതൃകയിലുള്ള ചോദ്യങ്ങൾക്ക് ഒരു പുറത്തിലുള്ള പ്രതികരണമാണ് ആവശ്യപ്പെടുന്നതെങ്കിലും രണ്ടോ മൂന്നോ വാക്യങ്ങൾ കൂടി കൂട്ടിച്ചേർക്കാം. (ആമുഖം, വിഷയാവതരണം, വിഷയ വിശകലനം, ഉപസംഹാരം എന്നിങ്ങനെ ഖണ്ഡിക തിരിച്ചെഴുതുക). കൂടാതെ വസ്തുനിഷ്ഠ, ലഘൂത്തര ചോദ്യങ്ങളും പ്രതീക്ഷിക്കാം. മുഖപ്രസംഗം (എഡിറ്റോറിയൽ), പ്രഭാഷണം, ആസ്വാദനം, നിരീക്ഷണക്കുറിപ്പുകൾ, വിശകലനക്കുറിപ്പുകൾ, താരതമ്യം എന്നീ വ്യവഹാര രൂപങ്ങളിൽ ഊന്നിയുള്ളതാവും ചോദ്യങ്ങൾ.
ഉത്തരമെഴുതാനായി ഏതു ചോദ്യം തിരഞ്ഞെടുക്കുമ്പോഴും ചോദ്യസന്ദർഭത്തിലെ ആശയം നന്നായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതോടൊപ്പം, സ്വന്തം നിരീക്ഷണങ്ങളും പ്രതികരണങ്ങളും ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് കൃത്യമായി വിനിമയം ചെയ്യുകയും വേണം. അടിസ്ഥാന പാഠാവലി– മലയാളത്തിൽ ‘ജീവിതം പടർത്തുന്ന വേരുകൾ’, ‘നിലാവു പെയ്യുന്ന നാട്ടുവഴികൾ’, ‘വാക്കുകൾ വിടരുന്ന പുലരികൾ’ എന്നീ യൂണിറ്റുകളിലായി പത്ത് അധ്യായങ്ങളാണ് ഉള്ളത് (3 പദ്യം, 7 ഗദ്യം). കൂടാതെ ഓരോ യൂണിറ്റിനും ഒരു പ്രവേശകം കൂടി നൽകിയിരിക്കുന്നു.
പാഠഭാഗങ്ങളിലെ സവിശേഷ പ്രയോഗങ്ങൾ, ആഖ്യാനരീതികൾ, കവിതാ ഭാഗങ്ങളിലെ പ്രയോഗഭംഗി കണ്ടെത്തൽ, കഥാപാത്ര നിരൂപണം, ശീർഷകങ്ങളുടെ ഔചിത്യം, ഒറ്റവാക്യമാക്കൽ, ഘടകപദം, സമസ്ത പദം, എഡിറ്റിങ് (അടിസ്ഥാന പാഠാവലിയിൽ ചോദിക്കാൻ സാധ്യതയുള്ളതാണ് എഡിറ്റിങ് അഥവാ തെറ്റുതിരുത്തൽ– പദവാക്യങ്ങളിൽ വരുന്ന തെറ്റുകൾ തിരുത്തി ആശയമൂർത്തത നൽകി, ആവർത്തന വിരസത ഒഴിവാക്കി, ശരിയായ ചിഹ്നങ്ങൾ ചേർത്തെഴുതൽ) ഇവയിലെ ചോദ്യമാതൃകകൾ കണ്ടെത്തി പരിശീലിക്കുന്നത് ഏറെ സഹായകമാകും.