ADVERTISEMENT

കൊട്ടാരത്തിലെത്തിയ അതിഥികൾക്കു വിഭവസമൃദ്ധമായ സദ്യ നൽകാൻ രാജാവ് തീരുമാനിച്ചു. പക്ഷേ, മത്സ്യം മാത്രം ലഭ്യമായില്ല. സദ്യയ്ക്കനുയോജ്യമായ മത്സ്യം കൊട്ടാരത്തിലെത്തിക്കുന്നയാൾക്കു രാജാവ് ആയിരം സ്വർണനാണയം പ്രഖ്യാപിച്ചു. ഒരു മീൻകച്ചവടക്കാരന്റെ കയ്യിൽ മുന്തിയ ഇനം മത്സ്യമുണ്ടായിരുന്നു. അയാൾ വിവരമറിഞ്ഞു കൊട്ടാരത്തിലെത്തി. വാതിൽ കാവൽക്കാരൻ പറഞ്ഞു: സമ്മാനത്തിന്റെ പാതി എനിക്കു തരാമെങ്കിൽ അകത്തേക്കു വിടാം. സമ്മതം മൂളി അയാൾ കൊട്ടാരത്തിനുള്ളിലെത്തി മത്സ്യം കൈമാറി. 

സമ്മാനം നൽകാനൊരുങ്ങിയ രാജാവിനോട് അയാൾ പറഞ്ഞു: എനിക്കു പണം വേണ്ട, നൂറു ചാട്ടവാറടി മതി. എല്ലാവരും അദ്ഭുതപ്പെട്ടെങ്കിലും നിർബന്ധത്തിനു വഴങ്ങി അടി നൽകാൻ തീരുമാനിച്ചു. അൻപതെണ്ണം ആയപ്പോൾ അയാൾ പറഞ്ഞു: എനിക്കൊരു പങ്കാളിയുണ്ട്. കൊട്ടാര കാവൽക്കാരനാണ്. ബാക്കി അയാൾക്കു നൽകണം. രാജാവിനു കാര്യം മനസ്സിലായി. അൻപത് അടി നൽകി കാവൽക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. കച്ചവടക്കാരനു കൈനിറയെ പണവും നൽകി.

അനർഹമായവയോടുള്ള ആർത്തി അനർഥങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്. ആഗ്രഹങ്ങൾക്ക് അതിരില്ലാതാകു ന്നതിൽ തെറ്റില്ല. പക്ഷേ, അധ്വാനരഹിതമായ ആഗ്രഹങ്ങളിൽ അടിസ്ഥാനപരമായ ചില പിഴവുകളുണ്ട്. നേരായ വഴിയിലൂടെ സഞ്ചരിക്കാൻ തയാറല്ലെങ്കിൽ പിന്നെ ഏതു കുറുക്കുവഴിയും സ്വീകരിക്കും, അരുതാത്ത വഴികളിലൂടെ താൽക്കാലിക സുഖങ്ങളിൽ അകപ്പെടും, തടസ്സമായി വരുന്ന എന്തിനെയും നശിപ്പിക്കും, ശരിയായ വഴി നൽകുന്നതിന്റെ ഇരട്ടി തെറ്റായവഴി നൽകുമെങ്കിൽ ആ തെറ്റ് ശരിയായി മാറും, പ്രയത്നവും പ്രതിഫലവും തമ്മിലുള്ള സമവാക്യങ്ങൾ നഷ്ടപ്പെടും. ശരിക്കു ശരിയുടെ പ്രതിഫലവും തെറ്റിനു തെറ്റിന്റെ പ്രതിഫലവും ലഭിക്കും. 

തത്സമയത്തു ലഭിക്കുന്ന നൈമിഷിക നേട്ടങ്ങളല്ല പ്രവൃത്തികളുടെ വിലയിരുത്തലിന് ആധാരമാക്കേണ്ടത്. കൊള്ളയ ടിക്കുന്നവനു കോടികൾ ലഭിച്ചേക്കാമെങ്കിലും പിടിക്കപ്പെടുന്ന സമയത്ത് തുടർജീവിതംപോലും നഷ്ടമാകും. ദീർഘകാലാടിസ്ഥാനത്തിൽ വേണം പ്രവർത്തനങ്ങൾ ക്രമീകരിക്കാൻ. ഹ്രസ്വകാല തീരുമാനങ്ങൾ പലതും വിവേകരഹിതമായിരിക്കും. അപ്പോഴുള്ള വൈഷമ്യങ്ങൾ മറികടക്കാൻ പെട്ടെന്നുള്ള പരിഹാരമായിരിക്കും അവ. കണ്ണ് മഞ്ഞളിക്കുന്ന അത്തരം പ്രലോഭനങ്ങളെ അവഗണിക്കാതെ സ്ഥായിയായ നേട്ടങ്ങളിലേക്കെത്തില്ല.

Content Summary:

Balancing Desires and Integrity: Why Right Actions Lead to Right Rewards

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com