സംസ്കൃത സർവകലാശാലയിൽ പിജി
Mail This Article
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ പിജി പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷയ്ക്കുള്ള റജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ഏപ്രിൽ 7 വരെ. വെബ്: www.ssus.ac.in; ഇ–മെയിൽ: helpdesk@ssus.ac.in
∙പ്രോഗ്രാമുകൾ
1) എംഎ: സംസ്കൃതം, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിലോസഫി, സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ, താരതമ്യസാഹിത്യവും ലിങ്ഗ്വിസ്റ്റിക്സും, ഉറുദു, അറബിക്, സോഷ്യോളജി, മ്യൂസിയോളജി
2) എംഎസ്‌സി: സൈക്കോളജി, ജ്യോഗ്രഫി
3) എംഎസ്ഡബ്ല്യു
4) എംഎഫ്എ (മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്)
5) എംപിഇഎസ് (മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്സ്)
6) എംഎസ്‌സി (ഇരട്ട ബിരുദങ്ങൾ): ജ്യോഗ്രഫി & ഡിസാസ്റ്റർ മാനേജ്മെന്റ് / സൈക്കോളജി & ഡിസാസ്റ്റർ മാനേജ്മെന്റ് / സോഷ്യോളജി & ഡിസാസ്റ്റർ മാനേജ്മെന്റ് / സോഷ്യൽ വർക് & ഡിസാസ്റ്റർ മാനേജ്മെന്റ്
7) പിജി ഡിപ്ലോമ (വെൽനെസ് & സ്പാ മാനേജ്മെന്റ്, ഹിന്ദി ട്രാൻസ്‌ലേഷൻ & ഓഫിസ് പ്രൊസീഡിങ്സ്)
∙പ്രവേശനം
എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു, എംപിഇഎസ്, എംഎഫ്എ, ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്ക് എൻട്രൻസ് പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. എംഎ, എംഎസ്‌സി, എംഎസ്ഡബ്ല്യു പ്രവേശനത്തിന് ഏതെങ്കിലും ബാച്‌ലർ ബിരുദം മതി. ഒരാൾക്കു 3 പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും തനത് എൻട്രൻസ് ടെസ്റ്റാണ്.
സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ പ്രോഗ്രാമുകൾക്ക് അഭിരുചി / പ്രാക്ടിക്കൽ ടെസ്റ്റുകളുമുണ്ട്.
എംഎസ്ഡബ്ല്യു പ്രവേശനത്തിനു സോഷ്യൽ വർക് അഡ്മിഷൻ ടെസ്റ്റെഴുതണം. ഇതിനു മാത്രം സോഷ്യൽ വർക് ബിരുദമുള്ളവർക്ക് 10% വെയ്റ്റേജ് മാർക്കുണ്ട്. എംഎഫ്എ പ്രവേശനത്തിന് പ്രസക്ത ബിഎഫ്എ 55% മാർക്ക് അഥവാ തുല്യഗ്രേഡോടെ ജയിച്ചിരിക്കണം. 2–വർഷ എംപിഇഎസിന് ബിപിഇ / ബിപിഎഡ് / ബിപിഇ എസ്, അഥവാ ഒരുവർഷ പിജി ഇൻ ഫിസിക്കൽ എജ്യുക്കേഷൻ 50% മാർക്കോടെ ജയിക്കണം. ജൂലൈ ഒന്നിന് 28 വയസ്സിൽ കുറവായിരിക്കണം. സ്പോർട്സ് / ഗെയിം പ്രാവീണ്യം, ആരോഗ്യം, സ്പോർട്സ് നേട്ടങ്ങൾ എന്നിവയും കണക്കാക്കും.
വെൽനെസ് പിജി ഡിപ്ലോമ പ്രവേശനത്തിന് ആയുർവേദ ബിരുദവും റജിസ്ട്രേഷനും വേണം. ഡിഗ്രി–മാർക്ക്, ആരോഗ്യം, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവ വിലയിരുത്തും.പിജി ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്‌ലേഷൻ & ഓഫിസ് പ്രൊസീഡിങ്സിലേക്ക് ഏതു ബിരുദധാരിക്കും അപേക്ഷിക്കാം.ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിൽ 4–ാം സെമസ്റ്റർവരെ എല്ലാ വിഷയങ്ങളും ജയിച്ച 6–ാം സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം (4–വർഷ ബിരുദക്കാർ 6–ാം സെമസ്റ്റർ വരെ).
ഇവർ ഓഗസ്റ്റ് 31ന് അകം സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇപ്പോൾ പിജിക്കു പഠിക്കുന്നവർ അപേക്ഷിക്കേണ്ട.
∙പ്രവേശനപരീക്ഷ
എൻട്രൻസ് ടെസ്റ്റ് ഏപ്രിൽ 15ന്. സർവകലാശാലയുടെ കാലടി, തിരുവനന്തപുരം, പന്മന, ഏറ്റുമാനൂർ, തിരൂർ, കൊയിലാണ്ടി, പയ്യന്നൂർ കേന്ദ്രങ്ങളിൽ എഴുതാം. ഭരതനാട്യം, മോഹിനിയാട്ടം, സംഗീതം, പെയിന്റിങ്, തിയറ്റർ, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയുടെ ടെസ്റ്റുകൾ കാലടിയിൽ മാത്രം.
ടെസ്റ്റിൽ 40% മാർക്ക് നേടണം. എംഎസ്ഡബ്ല്യു, എംപിഇഎസ് എന്നിവയ്ക്ക് 50%. പട്ടിക, ഭിന്നശേഷി, ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 5% ഇളവുണ്ട്. റാങ്ക് ലിസ്റ്റ് ഏപ്രിൽ 30ന്.
അപേക്ഷയുടെ ഹാർഡ് കോപ്പി പ്രവേശനസമയത്തു ഹാജരാക്കണം.