സുഹൃത്തുക്കളെ സൂക്ഷിച്ചു തിരഞ്ഞെടുക്കണം; ഒരച്ഛൻ മകന് നൽകിയ ഉപദേശം
Mail This Article
മരണക്കിടക്കയിലായ അച്ഛൻ മകനോടു പറഞ്ഞു: ഒരു കയ്യിൽ കരിക്കട്ടയും മറ്റേകയ്യിൽ ചന്ദനത്തിന്റെ കമ്പുമായി വരിക. അവൻ അങ്ങനെയെത്തി. അച്ഛൻ പറഞ്ഞതുപോലെ അവ താഴെയിട്ടു. അവന്റെ രണ്ടു കയ്യിലും പിടിച്ച് അച്ഛൻ പറഞ്ഞു: ഈ കയ്യിലേക്കു നോക്കൂ; ഇതിലെ കറുത്തപാട് അങ്ങനെ തന്നെയുണ്ട്. മറ്റേ കൈ മണത്തു നോക്കൂ; ചന്ദനത്തിന്റെ സുഗന്ധവും അങ്ങനെതന്നെയുണ്ട്. സുഹൃത്തുക്കളെ സൂക്ഷിച്ചു തിരഞ്ഞെടുക്കണം.
ആരോടൊപ്പമായിരിക്കുന്നു എന്നതാണ് ആരായിത്തീരുന്നു എന്നതിന് അടിസ്ഥാനം. ചിറകുള്ളവരുടെ കൂടെയായിരുന്നാൽ ആകാശത്തു വിഹരിക്കാം, ഉരഗങ്ങളുടെ കൂടെ ജീവിച്ചാൽ മണ്ണിലിഴയാം. ഇരുകാലികളോടൊപ്പം വളർന്നാൽ നിവർന്നുനിൽക്കാം, നാൽക്കാലികളുടെകൂടെ നടന്നാൽ തലകുനിഞ്ഞേ നിൽക്കൂ. ആരിലൂടെ ജനിക്കുന്നു എന്നത് ഒരു തിരഞ്ഞെടുപ്പല്ല. പക്ഷേ, ആരുടെകൂടെ ജീവിക്കുന്നു എന്നതു സ്വയം തീരുമാനമാണ്. ജന്മം നന്നായിട്ടും ജീവിതം പാഴാക്കുന്നവരും ജന്മം അശുഭകരമായിട്ടും ജീവിതം അദ്ഭുതമാക്കുന്നവരുമുണ്ട്.
മണിമാളികയിൽ ജനിച്ചതുകൊണ്ടല്ല ഒരാളുടെയും ശിഷ്ടജീവിതം മേന്മയുള്ളതാകുന്നത്. സഹചാരികൾക്കു ചില സവിശേഷതകളുണ്ടായേ പറ്റൂ. തൽസ്ഥിതി അഭിവൃദ്ധിപ്പെടുത്താൻ അവർക്കാകണം, അവശേഷിപ്പിക്കുന്ന അടയാളങ്ങൾ പ്രചോദനകരമാകണം, സ്വതന്ത്രവഴികളും സ്വത്വബോധവും സമ്മാനിക്കണം. സഹയാത്രികരുടെ തിരഞ്ഞെടുപ്പിലും സൂക്ഷ്മത വേണം. എതിർദിശയിൽ സഞ്ചരിക്കുന്നവർ ഒരിക്കലും ഒരുമിച്ചുപോകില്ല, ആദർശങ്ങളിലും അഭിരുചികളിലും വ്യത്യാസമുള്ളവരോടൊപ്പമുള്ള യാത്ര ആദായമില്ലാത്തതായിരിക്കും, സമാനതകൾ മാത്രമുള്ളവരോടൊപ്പമുള്ള സഞ്ചാരം വിരസവും.
തന്റെ വഴികളിൽ സുഗന്ധവാഹകർ മാത്രമേ ഉണ്ടാകാവൂ എന്ന നിർബന്ധത്തിൽ അർഥമില്ല. സാമീപ്യംകൊണ്ടുമാത്രം ആരും ഒന്നിന്റെയും അടിമയാകുന്നില്ല. സഹവാസം സ്ഥിരവാസമാകുമ്പോഴാണ് എന്തും വ്യക്തിത്വത്തിന്റെ ഭാഗമാകുന്നത്. ദുശ്ശീലങ്ങളുടെയും ദുർഗന്ധത്തിന്റെയും മാറാപ്പുമായി നടക്കുന്നവരെയെല്ലാം നാടുകടത്താനാകില്ല. മാലിന്യങ്ങൾ സ്വാഭാവികമാണ്, ചീഞ്ഞളിയുന്നതും പ്രകൃതിനിയമമാണ്. കണ്ടുമുട്ടുന്നവരെല്ലാം അനുഭവങ്ങൾ തരും. ചിലർ മാത്രമേ അടയാളങ്ങൾ നൽകൂ. എല്ലാവരിൽനിന്നും പഠിക്കുന്നതിൽ ഒരപാകതയുമില്ല. പക്ഷേ, സ്ഥിരരേഖകൾ കോറിയിടാൻ അയോഗ്യരെ അനുവദിക്കരുത്.