ചൂഷണത്തിനു നിന്നു കൊടുക്കരുത്! അത് ഭയത്തിന്റെ പേരിലായാലും, സ്നേഹത്തിന്റെ പേരിലായാലും
Mail This Article
അൻപതു കിലോയാണ് തന്റെ കഴുതയുടെ ചുമലിൽ അയാൾ എന്നും വച്ചിരുന്നത്. അതു മലമുകളിലുള്ള അയാളുടെ വീട്ടിൽ എത്തിക്കുകയാണ് കഴുതയുടെ ദൗത്യം. തന്റെ ഉത്തരവാദിത്തം കഴുത ഭംഗിയായി നിർവഹിച്ചു. ഒരു ദിവസം അയാൾ ഭാരം എൺപതു കിലോയാക്കി. എങ്കിലും പരിഭവിക്കാതെ കഴുത ജോലി തുടർന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ഉടമസ്ഥൻ ഭാരം നൂറു കിലോയാക്കി. ഭാരം ചുമക്കാനാകാതെ കഴുത തളർന്നുവീണു. അതു പ്രതിഷേധവുമറിയിച്ചു. ഉടൻ നൂറു കിലോ ഭാരം തൊണ്ണൂറായി കുറച്ചു. തന്റെ ആവശ്യം യജമാനൻ കേട്ടതിൽ കഴുത വളരെ സന്തോഷിച്ചു. അതു കൂടുതൽ ആവേശത്തോടെ ജോലി ചെയ്തു തുടങ്ങി.
ചൂഷകർക്കു ചില പൊതുസ്വഭാവങ്ങളുണ്ട്. അവർക്ക് ഔദാര്യത്തിന്റെ മുഖംമൂടി ഉണ്ടാകും. ഭീഷണിപ്പെടുത്താതെയും പ്രകോപിതരാകാതെയും അവർ തങ്ങളുടെ ദൗത്യം നിർവഹിക്കും. സഹജീവികളുടെ തലച്ചോർ വൈകാരികതകൊണ്ട് അവർ വിലയ്ക്കെടുക്കും, തന്ത്രപരമായ ഇടപെടലുകളിലൂടെ ആളുകളുടെ പ്രതികരണശേഷി നശിപ്പിക്കും, യാഥാർഥ്യമെന്തെന്നു തിരിച്ചറിയാനാകാത്തവിധം ഇടപെടുന്നവരുടെ ഇന്ദ്രിയങ്ങൾ അവർ പ്രവർത്തനരഹിതമാക്കും. ചൂഷണം ചെയ്യുന്നവർക്കു കർമത്തോടോ ആ കർമം ചെയ്യുന്ന ആളോടോ ഒരു പ്രതിബദ്ധതയും ഉണ്ടാകില്ല. ആ പ്രവൃത്തിയിലൂടെ തനിക്കു ലഭിക്കുന്ന നേട്ടങ്ങളും അതു ചെയ്തവർക്കുണ്ടായ അധികവേതനവും മാത്രമാകും അവരുടെ ചിന്തയിൽ.
എല്ലുമുറിയെ പണിയെടുക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതു മജ്ജയും മാംസവും പറിച്ചെടുക്കാൻ ശ്രമിക്കുന്നവർക്കു വേണ്ടിയാകരുത്. തലച്ചോറിനും സാമർഥ്യത്തിനും വിലയിടണം; മനസ്സാക്ഷിക്കു വിലയിടാനും പാടില്ല. ഒന്നും ആർക്കും സൗജന്യമായി നൽകേണ്ടതില്ല; അതു ഭയത്തിന്റെ പേരിലാണെങ്കിലും സ്നേഹത്തിന്റെ പേരിലാണെങ്കിലും. കാരണം, ഗുണനിലവാരമുള്ള ജീവിതം സൗജന്യമായി ലഭിക്കില്ല. അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. കഴിവും വൈദഗ്ധ്യവും അപരനുവേണ്ടി മാത്രമല്ല ഉപയോഗിക്കേണ്ടത്. ഏറ്റെടുക്കുന്ന വെല്ലുവിളികളും ചുമക്കുന്ന അധികഭാരങ്ങളും അവനവന്റെ വളർച്ചയ്ക്ക് അടിത്തറ പാകുന്നുണ്ട് എന്നുകൂടി ഉറപ്പുവരുത്തുന്നവർ മാത്രമാണ് ഉയരങ്ങൾ താണ്ടുക. അല്ലാത്തവർക്കെന്നും വണ്ടിക്കാളയുടെ വേഷമായിരിക്കും.