അടിമുടി മാറ്റവുമായി കേരള എൻജിനീയറിങ് എൻട്രൻസ്; പരീക്ഷ ഓൺലൈനാകുമ്പോഴുള്ള മെച്ചമെന്ത്?
Mail This Article
അടിമുടി മാറ്റത്തോടെയാണ് ഇത്തവണ കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയുടെ വരവ്. പരീക്ഷ ഓൺലൈനാകുമ്പോഴുള്ള മെച്ചം ഇവ:
ബബിൾ ചെയ്യേണ്ട, ലാഭിക്കാം 20 മിനിറ്റ്
പ്രവേശനപരീക്ഷയിൽ ഒരു പേപ്പറിൽ മാത്രം ഒഎംആറിൽ ബബിൾ ചെയ്യാൻ (ശരിയുത്തരം അടയാളപ്പെടുത്തുന്ന രീതി) ശരാശരി വേണ്ടി വരുന്നത് 20 മിനിറ്റാണ്. പരീക്ഷ ഓൺലൈനാകുന്നതോടെ ആ സമയം ലാഭിക്കാം. ശരിയായ രീതിയിൽ ബബിൾ ചെയ്തില്ലെങ്കിൽ ഉത്തരം അസാധുവാകും എന്ന പേടിയും വേണ്ട. അടയാളപ്പെടുത്തിയ ഉത്തരം എപ്പോൾ വേണമെങ്കിലും മാറ്റാം.
150 ചോദ്യം; 600 മാർക്ക്
മുൻപ് എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ കെമിസ്ട്രി–ഫിസിക്സ് പേപ്പറിൽ ആകെ 120 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. മാത്‌സ് മാത്രം 120 ചോദ്യങ്ങളും. ഒരു പേപ്പറിന് രണ്ടര മണിക്കൂർ സമയം. ഇത്തവണ ഫിസിക്സിൽ 45, കെമിസ്ട്രിയിൽ 30, മാത്‌സിൽ 75 എന്നിങ്ങനെ ആകെ 150 ചോദ്യങ്ങളാണുള്ളത്. ആകെ മാർക്ക് 600. ആകെ സമയം 180 മിനിറ്റ്. സമയത്തെ പേടിക്കാതെ പരീക്ഷ എഴുതാം. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിയാൽ ഒരു മൈനസ് മാർക്ക്. കംപ്യൂട്ടറിന്റെ മുകളിൽ തന്നെ പരീക്ഷയിൽ ശേഷിക്കുന്ന സമയം അറിയാൻ സാധിക്കും. മുൻവർഷങ്ങളിൽ പരീക്ഷാഹാളിൽ വാച്ച് കയറ്റാൻ സാധിക്കില്ലായിരുന്നു.
നോക്കി വയ്ക്കാം, തിരികെ എത്താം
സംശയം തോന്നുന്ന ചോദ്യങ്ങൾ പിന്നീടു ചെയ്യുന്നതിനായി മാർക്ക് ഫോർ റിവ്യൂ എന്ന ഓപ്ഷൻ ഉപയോഗിക്കാം. റിവ്യൂ ചെയ്യേണ്ട ചോദ്യങ്ങളിലേക്ക് എളുപ്പത്തിൽ തിരികെയെത്താൻ ഇതു ഉപകരിക്കും. ഉത്തരം നൽകിയത് എത്ര ചോദ്യങ്ങൾ, റിവ്യൂ ചെയ്തവ, ഉത്തരം നൽകാത്ത ചോദ്യങ്ങളുടെ എണ്ണം, വായിച്ചു നോക്കിയിട്ടില്ലാത്ത ചോദ്യങ്ങളുടെ എണ്ണം എന്നിങ്ങനെ വിവിധ കളർകോഡുകൾ ഉപയോഗിച്ച് വിൻഡോയിൽ ഡിസ്പ്ലേ ചെയ്തിട്ടുണ്ടാവും. ഉത്തരം നൽകിയ ചോദ്യങ്ങളിൽ സംശയം തോന്നിയാൽ അവയും റിവ്യൂ ചെയ്യാം. ഏതു ചോദ്യത്തിലേക്കും എപ്പോൾ വേണമെങ്കിലും തിരികെ എത്താൻ സാധിക്കും.
ചെയ്തു നോക്കി ഉത്തരം എഴുതാം
മുൻ വർഷങ്ങളിൽ കണക്ക്, ഫിസിക്സ് തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരം ചെയ്തു നോക്കാൻ ചോദ്യപ്പേപ്പറിൽ തന്നെയുള്ള കുറച്ചു സ്ഥലം മാത്രമാണ് ഉണ്ടായിരുന്നത്. ഇത്തവണ അഡീഷനൽ പേപ്പറുകൾ ലഭിക്കും. എത്ര പേപ്പർ വേണമെങ്കിലും വിദ്യാർഥികൾക്ക് ആവശ്യപ്പെട്ടു വാങ്ങാം. പരമാവധി മോക് ടെസ്റ്റുകൾ ചെയ്ത് ഓൺലൈൻ പരീക്ഷയുമായി പൊരുത്തപ്പെടാൻ ശ്രദ്ധിക്കണം.