'ആരാ ഈ ഹേമ? രണ്ടുമൂന്ന് മിസ്കോൾ കണ്ടല്ലോ': ഭാര്യയുടെ ചോദ്യത്തെ നേരിട്ട യുവ ഡോക്ടറുടെ അനുഭവക്കുറിപ്പ്
Mail This Article
ഒരാളുടെ ഫോൺ നമ്പർ കിട്ടിയാൽ എങ്ങനെയാകും സേവ് ചെയ്യുക? ഒരാളുടെ പേരും വിവരങ്ങളും പൂർണമായി രേഖപ്പെടുത്താൻ ശ്രമിക്കാറുണ്ടോ? ചിലർ ഫോൺ നമ്പറുകൾ ഫോർവേഡ് ചെയ്യുമ്പോൾ അതേപടി സേവ് ചെയ്യുന്ന ശീലമുണ്ടോ? അങ്ങനെ ചെയ്താൽ പിന്നീട് ആ നമ്പർ എങ്ങനെ എളുപ്പം കണ്ടെത്തും? ഫോൺ നമ്പർ ലഭിക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണോ എന്നാണ് ചിന്തയെങ്കിൽ കോതമംഗലം താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സർജനായിരുന്ന ഡോ. അനൂപ് ബാബു പങ്കുവയ്ക്കുന്ന അനുഭവം വായിക്കാം.
ചില രോഗികളുടെ ഫോൺ നമ്പർ തുടർചികിത്സയുടെ ഭാഗമായി വാങ്ങി വയ്ക്കാറുണ്ട്. ആദ്യമൊക്കെ രോഗിയുടെ പേര് വച്ചാണ് നമ്പർ ഫോണിൽ സൂക്ഷിച്ചിരുന്നതെങ്കിലും കുറച്ചുനാൾ കഴിയുമ്പോഴേക്കും പേരൊക്കെ മറന്നു പോകുന്നതുകൊണ്ട് ഓർക്കാൻ എളുപ്പത്തിന് അസുഖങ്ങളുമായി ബന്ധപ്പെടുത്തി നമ്പർ സൂക്ഷിക്കുന്നത് പതിവായി.
അങ്ങനെ സൈനസൈറ്റിസ്കാരൻ സൈനുവായും ബാലൻസ് പ്രോബ്ലം ഉള്ള രോഗി ബാലനായും (അതിൽത്തന്നെ ന്യൂ ബാലൻ, ഓൾഡ് ബാലൻ, വെറും ബാലൻ, ബാലൻ 1,2,3 പോലെ ഉപവിഭാഗങ്ങളും) ഒക്കെ ഫോണിലുണ്ടായി. ഫോണിൽ മെമ്മറി ആവശ്യത്തിനുള്ളത് കൊണ്ട് ശീലം മാറ്റാനുള്ള ശ്രമം നടന്നില്ല.
ഒരു ദിവസം ഭാര്യ സ്വരം അൽപം കടുപ്പിച്ച് ചോദിച്ചു: ‘ആരാ ഈ ഹേമ? നിങ്ങളുടെ ഫോണിൽ രണ്ടു മൂന്ന് മിസ്കോൾ കണ്ടല്ലോ..’
ഒാർമയിൽ പരതിയിട്ടും ’ഹേമ’ എന്ന പേര് പെട്ടെന്ന് ഒാർമയിൽ വന്നില്ല. ആരാണിപ്പം ഈ ഹേമ?. ഓർമ കിട്ടുന്നില്ല...
‘ആ, അറിയില്ലല്ലോ..’ തുളുമ്പിയ നിഷ്കളങ്കത ലേശം കൂടിപ്പോയോ ആവോ..
‘അറിഞ്ഞുകൂടാത്ത ഒരാളുടെ ഫോൺ നമ്പർ പിന്നെങ്ങനാ പേര് സഹിതം നിങ്ങടെ ഫോണിൽ വന്നേ... നേരത്തേയും വിളിച്ചിട്ടുള്ളതായിട്ട് കോൾ ഹിസ്റ്ററി കാണുന്നുണ്ടല്ലോ...’ – ഭാര്യയുടെ ചോദ്യത്തിനു വീണ്ടും കടുപ്പം കൂടി.
ഇന്ന് ഞാൻ തന്നെ റെഡിയാക്കി തരാം കേട്ടോ എന്ന ഭാവേന ഭാര്യ ഫോണും പിടിച്ച് നില ഉറപ്പിച്ചു.
ഞാൻ വീണ്ടും ആലോചിച്ചു.. എൽകെജി മുതൽ മെഡിസിൻ വരെ കൂടെ പഠിച്ച പെൺകുട്ടികളുടെ മുഖം ഒരു മിന്നായം പോലെ മനസ്സിലൂടെ കേറിയിറങ്ങി.
ഇല്ല..അതിലൊന്നും ഹേമ ഇല്ല. എനിക്ക് ആകെ അറിയാവുന്ന ഹേമ ഒരു 'ഹേമമാലിനി'യാണ് കേട്ടോ എന്ന് ചളി വാരി എറിഞ്ഞാലോ എന്ന് തോന്നിയെങ്കിലും ഉള്ളിൽ കിടന്ന് അന്തരാത്മാവ് ‘പരലോകത്ത് ഒക്കെ ഇപ്പോ നല്ല സീനാണ് കേട്ടോ...’ എന്ന മുന്നറിയിപ്പ് തന്നത് കൊണ്ട് ഒന്നും മിണ്ടാതെ ഭാര്യയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു നോക്കി.
ഹെമച്ചൂറിയ (Hematuria - മൂത്രത്തിൽ രക്തം കാണുന്ന അവസ്ഥ) ഉണ്ടായിരുന്ന ഒരു രോഗിയുടെ നമ്പറാണ്. നമ്പർ ഓർക്കാനുള്ള എളുപ്പത്തിന് അസുഖത്തിന്റെ ആദ്യ അക്ഷരങ്ങളായ 'Hema' എന്ന് സേവ് ചെയ്തിരിക്കുകയായിരുന്നു. മലയാളത്തിലായപ്പോ ഹെമ 'ഹേമ' യായിപോയതാണ്.
എന്തായാലും ‘ബാലനെ’യും ‘സൈനു’വിനെയും ഒക്കെ കാട്ടിക്കൊടുത്ത് ഭാര്യയെ ഒരു വിധം കാര്യം പറഞ്ഞ് മനസ്സിലാക്കി. ഇല്ലേൽ നാഭിക്ക് നല്ല തൊഴി കിട്ടിയിട്ട്, ഹെമച്ചൂറിയയായി വേറെ ഏതേലും ഡോക്ടർമാരുടെ ഫോണിൽ 'ഹേമ' യായി ഞാൻ ഇരുന്നേനെ !
പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം +919846061027 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും