ADVERTISEMENT

എസ്എസ്എൽസി ഫലം വന്നതിനു ശേഷം വിദ്യാർഥികളും രക്ഷിതാക്കളും ഉപരിപഠന മേഖല കണ്ടെത്താനുള്ള തയാറെടുപ്പിലാണ്. എന്തു പഠിക്കണം എവിടെ പഠിക്കണം എന്ന് തീരുമാനിക്കുന്നതിനുമുമ്പ് വിദ്യാർഥിയുടെ താൽപര്യം, ഉപരിപഠന മേഖല, അഭിരുചി, ലക്ഷ്യം, കോഴ്സിന്റെ പ്രസക്തി, വിദ്യാർഥിയുടെ പഠിക്കാനുള്ള പ്രാപ്തി എന്നിവ വിലയിരുത്തണം. മുൻകാലങ്ങളെ അപേക്ഷിച്ചു കോഴ്സുകളുടെ കാര്യത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും വൻമാറ്റം പ്രകടമാണ്. ലോകത്തെമ്പാടും പഠിക്കാനുള്ള അവസരങ്ങളിന്നുണ്ട്. കോഴ്‌സുകളുടെ ഉപരിപഠന, ഗവേഷണ, സ്കിൽ വികസന കാര്യത്തിൽ ലോകത്താകമാനം സാധ്യതകളുണ്ട്. മികച്ച തീരുമാനമാണ് എസ്എസ്എൽസിക്കു ശേഷം ആവശ്യം.

എസ്എസ്എൽസിക്കുശേഷം പ്ലസ്ടുവിന് പഠിക്കാനാണ് ഭൂരിഭാഗം വിദ്യാർഥികളും താൽപര്യപ്പെടുന്നത്. പ്ലസ്ടുവിന് ഏത് കോമ്പിനേഷൻ വേണം എന്ന്  തീരുമാനിക്കുന്നതിനുമുമ്പ് പ്ലസ്ടുവിന് ശേഷം താൽപര്യമുള്ള ഉപരിപഠന, തൊഴിൽ മേഖലയേതെന്നു ലക്ഷ്യമിട്ടാകണം. ബയോളജി ഉപരിപഠന മേഖലയിലാണ് താൽപര്യമെങ്കിൽ കണക്ക് ഉപേക്ഷിക്കാം. എൻജിനീയറിങ്, ടെക്നോളജി വിഷയത്തിൽ താൽപര്യമുള്ളവർക്ക് കണക്കും കംപ്യൂട്ടർ സയൻസും നല്ലതാണ്. ശാസ്ത്രവിഷയങ്ങളിൽ ഉപരിപഠനത്തിനു താൽപര്യമുള്ളവർക്ക് ബയോളജിയും കണക്കും പഠിക്കാം. മെഡിക്കൽ, കാർഷിക കോഴ്സുകളോട് താൽപര്യമുള്ളവർക്ക് ബയോളജി ഗ്രൂപ്പെടുക്കാം. അക്കൗണ്ടിങ്, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, മാനേജ്‌മന്റ് എന്നിവയിൽ താൽപര്യമുള്ളവർക്ക് കൊമേഴ്‌സ്, അക്കൗണ്ടൻസി ബിസിനസ് സ്റ്റഡീസ് ഗ്രൂപ്പടുക്കാം. ഭാഷ, സോഷ്യൽ സയൻസസ്, ലിബറൽ ആർട്സ് തുടങ്ങിയ വിഷയങ്ങളിൽ ഉപരിപഠനത്തിനു ഹ്യൂമാനിറ്റീസ് ഗ്രൂപ്പാണ് നല്ലത്. സിവിൽ സർവീസ് പരീക്ഷയ്ക്ക് താത്പര്യമുള്ളവർ ഹ്യൂമാനിറ്റീസ് ഗ്രൂപ്പെടുത്താൽ യഥേഷ്ടം വായിക്കാനുള്ള അവസരങ്ങൾ ലഭിക്കും.

വൊക്കേഷണൽ മേഖലയിൽ താൽപര്യമുള്ളവർക്ക് ഇരുപതിലധികം വൊക്കേഷണൽ സയൻസ് വിഷയങ്ങളുണ്ട്. കൃഷി, ഡയറി സയൻസ്, കംപ്യൂട്ടർ സയൻസ്, ഫിഷറീസ് മുതലായവ ഇതിലുണ്ട്. സാങ്കേതിക മേഖലയിൽ പ്രവർത്തിക്കാനിഷ്ടമുള്ളവർക്കു പോളിടെക്‌നിക്ക്, ഐ ടി ഐ/ഐ ടി സി, സ്കിൽ വികസന കോഴ്സുകളെടുക്കാം.

രാജ്യത്ത് എളുപ്പത്തിൽ മികവുറ്റ തൊഴിൽ ലഭിക്കാൻ മികച്ച തൊഴിൽ നൈപുണ്യം അല്ലെങ്കിൽ സ്കിൽ ആവശ്യമാണ്. നിലവിലുള്ള സ്കില്ലും ആവശ്യമായ സ്കില്ലും തമ്മിൽ വൻ അന്തരം നിലനിൽക്കുന്നു. എസ്എസ്എൽസി പൂർത്തിയാക്കിയവർക്ക് തൊഴിൽ ലക്ഷ്യമിട്ടുള്ള നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്.  ഐ ടി, ഡിസൈൻ, ഓട്ടോമൊബൈൽ എൻജിനീയറിങ്, മറൈൻ ഫിറ്റർ, ഡിജിറ്റൽ മാർക്കറ്റിങ്, ഫാഷൻ ഡിസൈൻ, അനിമേഷൻ, ബ്യൂട്ടീഷ്യൻ, ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ്, മൾട്ടിമീഡിയ പെയിന്റിങ്, ഗ്രാഫിക്‌സ്, ഇവന്റ് മാനേജ്‌മന്റ്, അക്കൗണ്ടിങ്, കോസ്‌മെറ്റോളജി, ഹോട്ടൽ മാനേജ്‌മന്റ്, ഐടിഐ കോഴ്സുകൾ, ജിഎസ്റ്റ് കൺസൾട്ടന്റ്, ഡെന്റൽ ഡിപ്ലോമ, ഇലക്ട്രിഷ്യൻ, പ്ലമർ, വെൽഡർ, ഇന്റീരിയർ ഡിസൈനർ, ഫുഡ് ടെക്നോളജി, പെയിന്റിങ്, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, ലബോറട്ടറി ടെക്‌നിഷ്യൻ, പൗൾട്രി  സൂപ്പർവൈസർ, പ്ലാന്റ് നഴ്സറി സൂപ്പർവൈസർ, വിഡിയോ പ്രൊഡക്ഷൻ, ഓട്ടോമേഷൻ, ഫിലിം എഡിറ്റിങ്, മൾട്ടിമീഡിയ, 3 ഡി അനിമേഷൻ,  വിർച്വൽ റിയാലിറ്റി, ഗെയിമിങ്, കോമിക്സ് , ഡയറി ടെക്നോളജി, റഫ്രിജറേഷൻ, എയർ കണ്ടിഷനിങ്, ഫിഷ് പ്രോസസ്സിങ്, അഗ്രി പ്രോസസിങ്, ഗ്രാഫ്റ്റിങ്, ഓർഗാനിക് ഫാർമിങ് ടെക്‌നിഷ്യൻ, അഡ്വെർടൈസിങ്, മാർക്കറ്റിങ്, ഫോട്ടോഗ്രാഫി, ഡിറ്റിപി ഓപ്പറേറ്റർ, ഡാറ്റ സയൻസ്, പ്രോഗ്രാമിങ്, ലാംഗ്വേജ്,ഡെന്റൽ മെക്കാനിക്സ്, നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ/ഡിപ്ലോമ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ തുടങ്ങി എസ്എസ്എൽസി   പൂർത്തിയാക്കിയവർക്ക് നിരവധി സ്കിൽ അധിഷ്ഠിത കോഴ്സുകളുണ്ട്. 

മൂന്ന് വർഷ ഡിപ്ലോമ കോഴ്സുകൾ യഥേഷ്ടമുണ്ട്. നിരവധി വൊക്കേഷണൽ ട്രെയിനിങ് കോഴ്സുകളുമുണ്ട്. ഇവയെല്ലാം ടെക്‌നിഷ്യൻ, സൂപ്പർവൈസർ തലത്തിൽ രാജ്യത്തിനകത്തും വിദേശത്തും തൊഴിൽ ലഭിക്കാനുപകരിക്കും. സ്‌കിൽഡ് വർക്കർ വിഭാഗത്തിൽ വിദേശത്തു വിദഗ്ധ തൊഴിൽ നേടാം. പോർട്ട് മാനേജ്മെന്റ്, ലോജിസ്റ്റിക്സ്,  ഹോട്ടൽ മാനേജ്‌മന്റ്, കളിനറി ആർട്സ്, ബേക്കിങ്, ടിക്കറ്റിങ്, എയർപോർട്ട് മാനേജ്‌മന്റ് എന്നിവയിലും നിരവധി കോഴ്സുകളുണ്ട്. കളമശ്ശേരിയിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിരവധി തൊഴിലധിഷ്ഠിത കോഴ്സുകളുണ്ട്.

എൻഎസ്ഡിസിയുടെ നിരവധി സ്കിൽ വികസന കോഴ്സുകളുണ്ട്. ഇവയിൽ അഞ്ഞൂറോളം ജോബ് റോളുകൾ നിരവധി സെക്ടർ സ്കിൽ കൗൺസിലുകളിലായുണ്ട്. അസാപ്, കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ്, KDISC, IIIC എന്നിവിടങ്ങളിലും, കാർഷിക, വെറ്റിനറി, ഫിഷറീസ് സർവകലാശാലകളിലും നിരവധി കോഴ്സുകളുണ്ട്.   

പത്താം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് (CIFNET) പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സാണിത്. ഷിപ്പിങ് കോർപറേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കും.

പത്താം ക്ലാസ്സിനുശേഷം താൽപര്യമുള്ള വിഷയങ്ങളെടുത്താൽ ലക്ഷ്യബോധത്തോടെയുള്ള പഠനം ആവശ്യമാണ്. പ്രൊഫഷണൽ കോഴ്‌സുകൾക്ക് താൽപര്യമുള്ളവർ പ്രവേശന പരീക്ഷയ്ക്കും ഈ കാലയളവിൽ തയാറെടുക്കണം. വിദേശത്തു പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്ലസ് ടു പഠന കാലത്തു സാറ്റ്, ഇംഗ്ലിഷ് പ്രാവീണ്യ പരീക്ഷകൾക്ക് തയാറെടുക്കണം. ഡിസൈൻ, ഫാഷൻ ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ, നിയമം, മാനേജ്‌മന്റ്,  ഫിലിം, ടെലിവിഷൻ, ജേണലിസം, ഭാഷ, കമ്മ്യൂണിക്കേഷൻ തുടങ്ങിയ കോഴ്സുകൾക്ക് ഏത് ഗ്രൂപ്പെടുത്തവർക്കും ചേരാം. ആർമി,നേവി,എയർഫോഴ്‌സ് എന്നിവയിലേക്കുള്ള  എൻഡിഎയുടെ യുപിഎസ‌്‌സി പരീക്ഷയ്ക്ക് പ്ലസ് ടു വിദ്യാർത്ഥികൾക്ക് തയാറെടുക്കാം. നേവി,എയർ ഫോഴ്‌സ് എന്നിവയ്ക്ക് മാത്‍സ് കോംബിനേഷൻ വേണം. പ്ലസ് ടു ഏത് ഗ്രൂപ്പടുക്കുന്നവർക്കും ആർമിയിലേക്കുള്ള  എൻഡിഎ പരീക്ഷ എഴുതാം.

English Summary:

Beyond SSLC: A Guide to Selecting the Best Courses and Career Paths for Your Future

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com