പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഭയമാണോ?; ന്യായീകരണങ്ങൾ തേടാതെ പ്രതിസന്ധികളെ നേരിടാൻ മനസ്സൊരുക്കാം
Mail This Article
തന്റെ ശിഷ്യരിൽ രണ്ടാമനോടാണ് ഗുരുവിനു കൂടുതലിഷ്ടം. ഇതു ശ്രദ്ധിച്ച ആശ്രമത്തിലെ സ്ഥിരം സന്ദർശകൻ ഗുരുവിനോടു ചോദിച്ചു: താങ്കൾക്കെന്താണ് ഒരാളോടു കൂടുതൽ താൽപര്യം? ഗുരു അയാളോടു പറഞ്ഞു: നീ നാളെ ഒട്ടകവുമായി വരിക. പിറ്റേന്ന് അയാൾ ഒട്ടകവുമായെത്തി. ഗുരു ഒന്നാമനെ വിളിച്ചു പറഞ്ഞു: നീ ഒട്ടകത്തെ ടാങ്കിനു മുകളിൽ നിർത്തണം. അവൻ പറഞ്ഞു: ഗുരോ അതു സാധ്യമല്ല. ഒട്ടകത്തിനു ഭാരക്കൂടുതലും ടാങ്കിന് ഉയരക്കൂടുതലുമാണ്. ഗുരു രണ്ടാമനോടും അതേ കാര്യം ആവശ്യപ്പെട്ടു. അവൻ ഉടൻ ഒട്ടകത്തെ തന്റെ തോളിലേറ്റാൻ കുനിഞ്ഞിരുന്നു. ഗുരു സന്ദർശകനോടു പറഞ്ഞു: ഇതാണു താങ്കൾ ചോദിച്ചതിന്റെ ഉത്തരം.
ഒരു കൈ നോക്കുന്നവരും ഒഴിഞ്ഞുമാറുന്നവരും തമ്മിലുള്ള വ്യത്യാസം കഴിവിന്റേതല്ല, മനോഭാവത്തിന്റേതാണ്. കഴിവു തെളിയിക്കണമെങ്കിൽ അസാധ്യമെന്നു തോന്നുന്നവയെ സാധ്യമാക്കണം. ഒന്നിനും ഒരുമ്പെടാത്തവൻ എങ്ങനെ കഴിവുതെളിയിക്കാനാണ്? സ്ഥിരം ചെയ്യുന്ന ജോലികളിലും ദിനചര്യകളിലും സംതൃപ്തരാണ് ഭൂരിഭാഗവും. അതിൽ അപ്രതീക്ഷിതമായതൊന്നും സംഭവിക്കാനില്ല, അരുതാത്തത് വന്നുചേരുമെന്ന ഭയം വേണ്ട.
ഒരുകാര്യം ചെയ്യാതിരിക്കാൻ വിശ്വസനീയ ന്യായങ്ങൾ ആർക്കും കണ്ടുപിടിക്കാനാകും. മറ്റാരും തന്നെ കുറ്റപ്പെടുത്താ തിരിക്കത്തക്കവിധമുള്ള ന്യായീകരണങ്ങളിലേക്ക് എത്തിച്ചേരാൻ കഴിയുന്നു എന്നതാണ് മടിയന്മാരുടെ ആശ്വാസവും ആത്മവിശ്വാസവും. ഏതു കർമത്തിനും അതിന്റേതായ പ്രതിസന്ധികളുണ്ടാകും. അവയുടെ ആഴവും ഉയരവും അളന്നു മറികടക്കാനുള്ള ശേഷി പരിശോധിച്ചു കാത്തിരിക്കുന്നവർക്ക് ഒരു പ്രവൃത്തിയിലും ഏർപ്പെടാനാകില്ല.
എല്ലാ കാര്യങ്ങളും ആദ്യം ചെയ്യുമ്പോൾ അപരിചിതത്വവും അനുഭവക്കുറവും ഉണ്ട്. അതിനെ മറികടക്കുക മാത്രമാണ് കർമോത്സുകരാകാനുള്ള വിജയമന്ത്രം. മുന്നിട്ടിറങ്ങുന്നവർ ശ്രമിച്ചശേഷം മാത്രമാണു പരാജയപ്പെടുന്നത്. അനങ്ങാതിരിക്കുന്നവർ ശ്രമത്തിനു മുൻപേ പരാജയമുറപ്പിക്കും. അനുഭവങ്ങളും നിയമസംഹിതകളും അടിസ്ഥാനമാക്കി തങ്ങൾ ജയിക്കില്ലെന്നു തീരുമാനിച്ചുറപ്പിക്കാൻ എല്ലാവർക്കും എളുപ്പമാണ്. അത്തരം തീരുമാനങ്ങൾക്ക് ഒരു തുള്ളി വിയർപ്പിന്റെപോലും വിലയില്ല. മറ്റൊരാൾ പറ്റില്ലെന്ന് എഴുതിത്തള്ളിയ ഒരു കാര്യം ഏറ്റെടുക്കാൻ നിശ്ചയദാർഢ്യവും ചങ്കുറപ്പും വേണം.