ADVERTISEMENT

ബിരുദതലത്തിൽ തന്നെ പഠനം കൂടുതൽ ഗവേഷണോന്മുഖമാകുന്നു എന്നതാണ് 4 വർഷ ഓണേഴ്സ് വിത്ത് റിസർച് പ്രോഗ്രാമിന്റെ പ്രത്യേകത. ആദ്യ 3 വർഷം 7.5 (70%) സിജിപിഎ (ക്യുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) ഉള്ള വിദ്യാർഥികൾക്കു നാലാം വർഷം ഓണേഴ്‌സ് ബിരുദം നേടാം. ഓണേഴ്സ് വിത്ത് റിസർച് നേടുന്നവർക്കു ബിരുദാന ന്തര ബിരുദം ഇല്ലാതെതന്നെ കോളജ് അധ്യാപനത്തിനും പിഎച്ച്ഡി പ്രവേശനത്തിനുമുള്ള പരീക്ഷയായ ‘നെറ്റ്’ എഴുതാം. പിജി വേണമെങ്കിൽ ഒരുവർഷം കൂടി മാത്രം പഠിച്ചാൽ മതിയാകും.

 ഘടന, പാഠ്യപദ്ധതി
ഗവേഷണ താൽപര്യം വളർത്തുംവിധമാണ് 4 വർഷ ഡിഗ്രി പ്രോഗ്രാമുകളുടെ സ്കീമും സിലബസും തയാറാക്കിയിരിക്കുന്നത്. ആദ്യ രണ്ടു വർഷം റിസർച് മെഥഡോളജിയുടെ ആമുഖ കോഴ്സുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഗവേഷണ രീതിശാസ്ത്രം, പശ്ചാത്തല വായനയുടെ പ്രാധാന്യം, സർവേ, ഡേറ്റയുടെ സ്റ്റാറ്റിസ്റ്റിക്കൽ വിശകലനം, അക്കാദമിക എഴുത്തിന്റെ രീതികൾ, റഫറൻസിങ് തുടങ്ങിയവ ഇതിൽ ഉൾപ്പെടും. മൂന്നാം വർഷം സ്പെഷലൈസ്ഡ് ഇലക്ടീവ് കോഴ്‌സുകളിലേക്കും മൈനർ റിസർച് പ്രോജക്ടുകളിലേക്കുമുള്ള വിഷയങ്ങൾ നൽകിയിട്ടുണ്ട്. നാലാം വർഷമാണ് പ്രോജക്ടും ഡിസർട്ടേഷനും.

 പ്രോജക്ട്, ഡിസർട്ടേഷൻ
ക്ലാസ് അസൈൻമെന്റും സെമിനാറുകളും മാത്രമായി തുടർന്നിരുന്ന ഇതുവരെയുള്ള മൂന്നുവർഷ ഡിഗ്രി പഠനത്തിൽനിന്നുള്ള പ്രധാന മാറ്റം പ്രോജക്ടിന്റെയും ഡിസർട്ടേഷന്റെയും കാര്യത്തിലാണ്. 12 ക്രെഡിറ്റാണ് ഇതിനു നേടേണ്ടത്. പരീക്ഷണം, ഡേറ്റാ സമാഹരണം, വിശകലനം, പ്രബന്ധമെഴുത്ത് എന്നിവയ്ക്കായി ഏകദേശം 150 മണിക്കൂർ പഠനം. പ്രോജക്ട് വർക്ക് അടിസ്ഥാനമാക്കിയുള്ള വൈവാ വോസിയുമുണ്ടാകും. പ്രോജക്ടിന് 80 മാർക്ക്, വൈവയ്ക്ക് 20 മാർക്ക് എന്ന അനുപാതത്തിലായിരിക്കും മൂല്യനിർണയം.

പ്രോജക്ട് വൈവയിൽ ഹാജരാക്കാനാകാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ പ്രോജക്ട് വർക്ക് ആവർത്തിക്കേണ്ടതില്ല. പ്രോജക്ട് വർക്കിന്റെ മാർക്ക് കണക്കിലെടുക്കും; വൈവയ്ക്ക് തുടർന്നുള്ള റഗുലർ ബാച്ചുകൾക്കൊപ്പം ഹാജരാകാൻ രണ്ട് അവസരങ്ങൾ കൂടി ലഭിക്കുമെന്ന് കേരള സർവകലാശാല ഒപ്‌റ്റോഇലക്‌ട്രോണിക്‌സ് വകുപ്പ് തലവനും ബിരുദ പഠനകേന്ദ്രം ഡയറക്ടറുമായ പ്രഫ. ഡോ. സാം സോളമൻ പറയുന്നു.

 ഗവേഷണം പലതരം
പ്രധാന വിഷയത്തിനനുസരിച്ച് ഗവേഷണത്തിന്റെ രീതിയും സ്വഭാവവും മാറാം.
പരീക്ഷണ ഗവേഷണം: ലാബ് പഠനങ്ങളും ഡേറ്റാ വിശകലനവുമായി ശാസ്ത്ര, എൻജിനീയറിങ് വിഷയങ്ങളിലുള്ള ഗവേഷണം. ഉദാ: രാസവള പ്രയോഗം മണ്ണിന്റെ പോഷകഘടനയെ ബാധിച്ചോയെന്നു പരീക്ഷണ നിരീക്ഷണങ്ങളിലൂടെയും ഡേറ്റാ വിശകലനത്തിലൂടെയും ഒരു ശാസ്ത്ര വിദ്യാർഥിക്കു പരിശോധിക്കാം.

സൈദ്ധാന്തിക ഗവേഷണം: പുതിയ സിദ്ധാന്തങ്ങളോ മോഡലുകളോ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന് മെട്രോ റെയിൽ ഒരു നഗരത്തിലെ യാത്രാശീലങ്ങളെയും ബിസിനസ് പ്രവർത്തനങ്ങളെയും എങ്ങനെ മാറ്റുന്നുവെന്നത് ഒരു സാമ്പത്തികശാസ്ത്ര വിദ്യാർഥിക്കു ഗവേഷണ പ്രോജക്ട് ആക്കാനാകും. അത്യാധുനിക യാത്രാസൗകര്യങ്ങൾ, കൃത്യനിഷ്ഠ, യാത്രാസുരക്ഷ തുടങ്ങിയ ഘടകങ്ങളിലേതാണ് ജനങ്ങളെ മെട്രോ യാത്രയ്ക്കു പ്രേരിപ്പിക്കുന്നത്, ജനങ്ങൾ റോഡ് യാത്ര വിട്ട് മെട്രോയെ ആശ്രയിക്കുന്നത് ആ പാതയിലെ കടകളിൽ കച്ചവടം കുറയാൻ കാരണമാകുന്നുണ്ടോ, മെട്രോ പദ്ധതി കാരണം നഗരത്തിൽ പുതുതായി രൂപപ്പെടുന്ന ബിസിനസ് പ്രവർത്തനങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പഠിക്കാം.

അപ്ലൈഡ് റിസർച്: പ്രായോഗിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നു. ഡെങ്കിപ്പനിയുടെ വ്യാപനത്തിനു കാരണമാകുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ അകറ്റുന്നതിന് പ്രാദേശികമായി സുലഭമായ ഒരു സസ്യത്തിന്റെ നീര് സഹായകരമാണോ എന്ന ഗവേഷണം അപ്ലൈഡ് റിസർച്ചിനു ഉദാഹരണമാണ്. ഗുണഫലം കിട്ടുകയാണെങ്കിൽ, വ്യാവസായിക ഉൽപാദനം വരെ സാധ്യമാക്കാനും ഇത്തരം ഗവേഷണങ്ങൾക്കു കഴിഞ്ഞേക്കാം.

 ആദ്യമേ ഒരുങ്ങണം
നാലു വർഷത്തെ ഓണേഴ്സ് വിത്ത് റിസർച് ഡിഗ്രി പ്രോഗ്രാമുകളിലെ ഗവേഷണ ഘടകങ്ങൾ പഠന മേഖലയെയും അതതു സർവകലാശാലയെയും കോളജിനെയും ആശ്രയിച്ച് വ്യത്യാസപ്പെടാം. എങ്കിലും പഠനത്തിന്റെ പൊതുസ്വഭാവത്തിൽ മാറ്റമുണ്ടാകില്ല. ആദ്യവർഷം മുതൽ തന്നെ പഠനസമീപനത്തിൽ ഗവേഷണത്തിനുള്ള ഊന്നൽ കൂടി ഉറപ്പാക്കണമെന്നു മാത്രം.

 ഗവേഷണവിഷയം എങ്ങനെ
 മേൽനോട്ടച്ചുമതലയുള്ള അധ്യാപകർ അനുവദിക്കുകയോ അല്ലെങ്കിൽ ഗൈഡുമായി കൂടിയാലോചിച്ച് വിദ്യാർഥികൾക്കു സ്വയം തിരഞ്ഞെടുക്കുകയോ ചെയ്യാം. പ്രോജക്ട്/ ഡിസർട്ടേഷന്റെ റിപ്പോർട്ട് ഡിപ്പാർട്മെന്റിലാണ് സമർപ്പിക്കേണ്ടത്. സർവകലാശാല നിയോഗിക്കുന്ന രണ്ട് എക്സാമിനർമാരുടെ ബോർഡാകും പ്രോജക്ടിന്റെയും ഡിസർട്ടേഷന്റെയും മൂല്യനിർണയം നടത്തുക.
(തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ അക്കാദമിക് ലൈബ്രേറിയനാണ് ലേഖകൻ)

English Summary:

How a 4-Year Honors with Research Program Can Elevate Your Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com