ADVERTISEMENT

ആകാശത്ത് പക്ഷികളെപ്പോലെ പറക്കുന്ന വിമാനങ്ങൾ. ഇവയെല്ലാം താവളമടിക്കാനെത്തുന്ന വൻമരം പോലെ വിമാനത്താവളങ്ങൾ. പക്ഷികൾക്ക് ജീവനുണ്ട്, എങ്ങനെ മരത്തിൽ ചേക്കേറണമെന്ന് അവർക്ക് നന്നായി അറിയാം. എന്നാൽ വിമാനങ്ങൾ അങ്ങനെയല്ല. കൃത്യമായി നിയന്ത്രിച്ച് ഇറക്കിയില്ലെങ്കിൽ ഇടിയാകും ഫലം. അതു വലിയ ദുരന്തത്തിനു വഴിവയ്ക്കും വ്യോമയാന മേഖലയിലെ ജോലികളെപ്പറ്റി പറയുമ്പോൾ ആദ്യം മനസ്സിലെത്തുക പൈലറ്റ്, എയർ ഹോസ്റ്റസ്, കാബിൻ ക്രൂ തുടങ്ങിയവരാണ്. എന്നാൽ ആകാശയാത്രകൾ സുരക്ഷിതമാക്കുന്നതിൽ ഗ്രൗണ്ടിലുള്ള ഒരു വിഭാഗത്തിന്റെ പങ്ക് വളരെ പ്രധാനമാണ്. ലോകത്തെ ഏറ്റവും ഷാർപ്പായ ജോലികളിലൊന്ന് ചെയ്യുന്നവർ എന്നു പറയപ്പെടുന്ന എയർ ട്രാഫിക് കൺട്രോൾ (എടിസി) പ്രഫഷനലുകളെപ്പറ്റി അറിഞ്ഞാലോ.

ചെറുതല്ല, ഉത്തരവാദിത്തം
തീരുമാനങ്ങളിൽ മിന്നൽവേഗം, കൃത്യത, നല്ല കാഴ്ചശക്തി, എല്ലാറ്റിലും ഉപരിയായി ശക്തമായ മനസ്സാന്നിധ്യവും ഉത്തരവാദിത്തബോധവും. ഇതെല്ലാം എയർ ട്രാഫിക് കൺട്രോളർക്കു വേണ്ട അടിസ്ഥാന ഗുണങ്ങളാണ്. വിമാനത്താ വളങ്ങളിൽ അടിയന്തരഘട്ടങ്ങളിൽ പ്രശ്‌നപരിഹാരകരുടെ ചുമതലയും ഇവർക്കുണ്ട്. വിമാനങ്ങളുടെ സുരക്ഷിത ടേക്ക് ഓഫും ലാൻഡിങ്ങും ഉറപ്പുവരുത്തണം. എയർ ട്രാഫിക് കൺട്രോളറുടെ കൈകളിലാണു വിമാനയാത്രികരുടെ ജീവൻ. ഈ ജോലിയിൽ തെറ്റുകൾക്കു സ്ഥാനമില്ല. വിമാന സർവീസുകൾ വൈകുന്നതുമൂലമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടത് എടിസി പ്രഫഷനലുകളാണ്. ഇതിനുവേണ്ടി പൈലറ്റുമാരുമായും മറ്റു വിമാനത്താവള ജീവനക്കാരുമായും എപ്പോഴും കുറ്റമറ്റ ആശയവിനിമയം നടത്തേണ്ടിവരും. വലിയ വിമാനത്താവളങ്ങളിൽ ഒട്ടേറെ വിമാനങ്ങൾ ഒരേസമയം ഇറങ്ങുകയും പറന്നുപൊങ്ങുകയും ചെയ്യാറുണ്ട്. കൃത്യമായ ഏകോപനത്തിന് എയർ ട്രാഫിക് കൺട്രോളർമാരുടെ ടീം എപ്പോഴുമുണ്ടാകും. പരസ്പരമുള്ള ആശയവിനിമയവും സഹകരണവും ഏറെ പ്രധാനമാണ്. 1920ൽ ലണ്ടനിലെ ക്രോയ്ഡൻ എയർപോർട്ടിലാണ് ആദ്യമായി എയർ ട്രാഫിക് കൺട്രോൾ സംവിധാനം ഏർപ്പെടുത്തിയത്.

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റൂം. (ഫയൽച്ചിത്രം).
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ റൂം. (ഫയൽച്ചിത്രം).

പ്രവർത്തനം
വ്യോമഗതാഗതത്തിലെ ട്രാഫിക് പൊലീസെന്ന് വേണമെങ്കിൽ എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരെ പറയാം. പലവിധ കടമകളാണ് ഇവർക്ക് മുൻപിലുള്ളത്. റഡാർ വഴി നിരന്തരം വിമാനങ്ങളുടെ സഞ്ചാരം നിരന്തരം നിരീക്ഷിക്കുന്ന എടിസി ഉദ്യോഗസ്ഥർ പൈലറ്റുമാരുമായി റേഡിയോ വഴി ആശയവിനിമയവും നടത്തും. എല്ലാ വിമാനങ്ങളും സുരക്ഷിതമായ അകലവും ചുറ്റും വേണ്ടത്ര ശൂന്യസ്ഥലവും പുലർത്തുന്നുണ്ടെന്ന് ഇവർ ഉറപ്പാക്കും. നിർബന്ധമായി പാലിക്കേണ്ട നിർദേശങ്ങൾ കൂടാതെ ഉപദേശങ്ങളും ഇവർ പൈലറ്റുമാർക്ക് നൽകും.

എയർപോർട്ട് ട്രാഫിക് കൺട്രോൾ ടവർ എടിസി പ്രവർത്തനങ്ങളിലെ നിർണായക കേന്ദ്രമാണ്. ഇവിടെ നിന്നുകൊണ്ടാണ് എയർപോർട്ടിന്റെയും റൺവേയുടെയും സുഗമമായ നിരീക്ഷണം സാധ്യമാകുന്നത്. ഇന്നത്തെ കാലത്ത് എടിസി സംവിധാനങ്ങൾ വളരെ ആധുനികമായിട്ടുണ്ട്. സമഗ്രമായ മാപ്പുകളും മറ്റും കൺട്രോളർമാർക്ക് ലഭ്യമാണ്. എയർ കൺട്രോൾ (തൊട്ടടുത്ത എയർസ്‌പേസിലെ നിയന്ത്രണം), ഗ്രൗണ്ട് കൺട്രോൾ (എയർപോർട്ടിലെ നിയന്ത്രണം), റൂട്ടുകളുൾപ്പെടെ മറ്റു വിവരങ്ങൾ നൽകൽ എന്നു മൂന്നായി പൊതുവേ എടിസി പ്രവർത്തനങ്ങളെ വിഭജിക്കാം. ഗ്രൗണ്ട് കൺട്രോൾ എയർപോർട്ടിൽ വിമാനങ്ങളുടെ വിന്യാസം നിയന്ത്രിക്കുന്ന പ്രവർത്തനങ്ങളാണ്. എയർപോർട്ടിൽ വിമാനങ്ങൾ സുഗമമായി ഇറങ്ങുന്നതിനും പറന്നുപൊങ്ങുന്നതിനും ഗ്രൗണ്ട് കൺട്രോൾ അത്യന്താപേക്ഷിതമാണ്.

പ്രീഫ്ലൈറ്റ് ക്ലിയറൻസ്, ടേക്ക് ഓഫിനും ലാൻഡിങ്ങിനുമുള്ള ക്ലിയറൻസ് തുടങ്ങിയവ വിമാനങ്ങൾക്ക് നൽകുന്നത് എയർ കൺട്രോൾ വിഭാഗമാണ്. ചുരുക്കിപ്പറഞ്ഞാൽ അനുകൂലമായ സാഹചര്യത്തിൽ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ പൈലറ്റിന് അനുമതി നൽകുന്നത് മുതൽ തിരിച്ചിറങ്ങുന്ന ഒരു വിമാനം പാർക്കിങ് ബേയിലേക്ക് എത്തുന്നതു വരെയുള്ള ഡ്യൂട്ടികൾ എടിസിക്കുണ്ട്, ചിലപ്പോഴൊക്കെ വിമാനങ്ങൾ ലാൻഡ് ചെയ്യാതെ എയർപോർട്ടിനു ചുറ്റും കറങ്ങിപ്പറക്കാറുണ്ട്. അനുകൂല സാഹചര്യം വിമാനത്താവളത്തിൽ ഇല്ലാത്ത സാഹചര്യത്തിൽ ഗോ എറൗണ്ട് എന്ന നിർദേശം എടിസി നൽകുമ്പോഴാണ് ഇത്. ഗ്രൗണ്ട് കൺട്രോളും എയർ കൺട്രോളും തമ്മിൽ എപ്പോഴും സുഗമമായ ആശയവിനിമയം നിലനിൽക്കും.

എയർപോർട്ടിൽനിന്നു പുറപ്പെടുന്ന വിമാനങ്ങൾ നിശ്ചിത പോയിന്റുകളിലെത്തുമ്പോൾ എടിസി അധികൃതരുമായി റിപ്പോർട്ട് ചെയ്യണമെന്ന് നിയമമുണ്ട്. നിശ്ചയിച്ച സമയത്തിനു 20 മിനിറ്റ് ശേഷവും റിപ്പോർട്ടിങ് നടന്നിട്ടില്ലെങ്കിൽ വിമാനം കാണാതായെന്ന സംശയം എടിസി റിപ്പോർട്ട് ചെയ്യും. അന്വേഷണം തുടങ്ങുകയും ചെയ്യും. ചില ഘട്ടങ്ങളിലും പ്രതികൂലകാലാവസ്ഥയിലുമൊക്കെ സാധാരണയിൽ കവിഞ്ഞ ട്രാഫിക്കും തിരക്കും എടിസിക്ക് നേരിടേണ്ടി വരാറുണ്ട്. ഇത്തരം സാഹചര്യത്തിനു വേണ്ടി ഇവർ പ്രത്യേകം പരിശീലനവും നേടിയിട്ടുണ്ട്.

ഹൈ പ്രഷർ ജോലി
രാജ്യാന്തര തൊഴിൽ സംഘടന ലോകത്ത് ഏറ്റവുമധികം സമ്മർദമുള്ള ജോലികളിലൊന്നായി വ്യോമഗതാഗത നിയന്ത്രണ സംവിധാനത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ദിവസവും വിവിധ ഷിഫ്റ്റുകൾ വരുന്നതും രാത്രിയിലുൾപ്പെടെ പൂർണശ്രദ്ധയോടെ ഇരിക്കേണ്ടതും ഈ ജോലിയുടെ സമ്മർദം കൂട്ടുന്ന കാര്യമാണ്. എന്നാൽ ഈ ജോലിക്ക് ഒരു അനുകൂല കാര്യവുമുണ്ട്. ഇന്നത്തെ പണി ഇന്നത്തോടെ തീർന്നു. നാളെ ഇതെക്കുറിച്ച് ഓർക്കേണ്ട കാര്യമില്ല. ഇന്ത്യയിൽ എടിസി അധികവും എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സൈനിക വിമാനത്താവളങ്ങളിൽ അവർക്ക് പ്രത്യേകമായ എടിസികളുണ്ട്.

മുംബൈ വിമാനത്താവളം
ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണ് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷനൽ എയർപോർട്ട്. ലോകത്തെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളുടെ പട്ടികയിൽ 25–ാം സ്ഥാനത്തും. 2023–24 സാമ്പത്തിക വർഷത്തിൽ 5.28 കോടി യാത്രക്കാരാണ് ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. പ്രതിദിനം 850 സർവീസുകളുള്ള ഇവിടെ ഒരു മണിക്കൂറിൽ ടേക്ക് ഓഫിനും ലാൻഡിങ്ങിനുമായി 46 വിമാനങ്ങളാണെത്തുന്നത്.

English Summary:

Behind the Skies: The Unsung Heroes of Air Traffic Control Ensuring Every Safe Landing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com