ADVERTISEMENT

യാചകന്റെ ദുരവസ്ഥകണ്ട് ചക്രവർത്തി ചോദിച്ചു: നിനക്കെന്താണു വേണ്ടത്? അയാൾ ചിരിച്ചുകൊണ്ട് തിരിച്ചുചോദിച്ചു: എനിക്കു വേണ്ടതെല്ലാം അങ്ങു നൽകുമോ? സമ്മതം മൂളിയ ചക്രവർത്തിയുടെ മുൻപിൽ പാത്രം നീട്ടി യാചകൻ പറഞ്ഞു: എനിക്ക് ഈ പാത്രം നിറച്ച് എന്തെങ്കിലും തന്നാൽ മതി. സ്വർണനാണയങ്ങളിട്ട് പാത്രം നിറയ്ക്കാൻ അദ്ദേഹം സേവകരോടു കൽപിച്ചു. പക്ഷേ, പാത്രത്തിലിട്ടയുടനെ നാണയങ്ങൾ അപ്രത്യക്ഷമായി. എന്തൊക്കെ അതിലിട്ടോ അതെല്ലാം കാണാതായി. തന്റെ തോൽവി സമ്മതിച്ച ചക്രവർത്തി ചോദിച്ചു: ഈ പാത്രം എന്തുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്? യാചകൻ പറഞ്ഞു: ഇതു മനുഷ്യന്റെ മനസ്സുകൊണ്ടും ആഗ്രഹങ്ങൾകൊണ്ടും നിർമിച്ചതാണ്. എത്ര ഇട്ടാലും നിറയില്ല. 

വില കുറച്ചുകണ്ടിട്ടുള്ളവരാണ് വിലകൂടിയ പാഠങ്ങൾ ജീവിതത്തിൽ നൽകിയിട്ടുള്ളത്. ആദ്യകാഴ്ചയിൽതന്നെ ആരും ആരെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾ രൂപപ്പെടുത്തും, അവർക്കൊരു വിലയിടും. അത്തരം വിലയിരുത്തലിനനുസരിച്ച് അവരോട് ഇടപഴകുകയും ചെയ്യും. കാഴ്ചയുടെ അടിസ്ഥാനത്തിൽ മനസ്സിലായില്ലെങ്കിൽ ആരാണെന്ന അടിസ്ഥാന ചോദ്യം ചോദിക്കും. എങ്ങനെ പെരുമാറണമെന്നു തീരുമാനിക്കാനാണ് ആ ചോദ്യം. അതിദുർബലനാണെങ്കിൽ അവഗണിക്കും, അതിശക്തനാണെങ്കിൽ അടുത്തിരുത്തും. 

രണ്ടുതരത്തിൽ ആളുകളോട് ഇടപഴകാം. ഒന്ന്, അവർ ആരെന്നു നോക്കി അതിനനുസരിച്ച്. രണ്ട്, സ്വന്തം നിലവാരത്തിനും നിലപാടുകൾക്കുമനുസരിച്ച്. ആദ്യരീതിയിൽ പെരുമാറുന്നവർക്കു സ്വന്തമായ ശൈലിപോലും ഉണ്ടാകില്ല. കണ്ടുമുട്ടുന്നവരുടെ രീതികൾക്കനുസരിച്ചു ചാഞ്ചാടും. ബഹുമാനം നൽകുന്നവർക്കു തിരിച്ചുനൽകും. അപമാനിക്കുന്നവരെ അസഭ്യം പറയും. ഉപകാരപ്പെടുമെന്നു തോന്നിയാൽ ബന്ധം തുടരും, ബാധ്യതയാകുമെന്നു തോന്നിയാൽ തന്ത്രപരമായി ഒഴിവാക്കും. 

തന്റെ നിലപാടുകൾക്കനുസരിച്ച് ഇടപഴകുന്നവർക്ക് എതിരെ വരുന്നവരുടെ പ്രത്യേകതകളോ പെരുമാറ്റശൈലിയോ പ്രശ്നമല്ല. തങ്ങളുടെ പൊതുസ്വഭാവത്തിനനുസരിച്ചാണ് എല്ലാവരോടുമുള്ള ഇടപഴകൽ. ആർക്കും അധികബഹുമാനം ലഭിക്കില്ല, ആരെയും അകാരണമായി തിരസ്കരിക്കില്ല. അവഗണിച്ച് അതിർത്തി കടത്തിയവർ നൽകുന്ന പാഠങ്ങൾക്ക് ഇരട്ടിവീര്യമുണ്ടാകും. ഒന്നിനും ശേഷിയില്ലെന്നു കരുതുന്നവരാണ് അദ്ഭുതാവഹമായ തിരിച്ചറിവുകൾ നൽകുന്നത്. സങ്കുചിത സങ്കൽപങ്ങൾക്കുള്ളിൽനിന്ന് ആളുകളെ വിലയിരുത്താതിരുന്നാൽ ആരോഗ്യകരവും അർഥപൂർണവുമായ സമ്പർക്കങ്ങളുണ്ടാകും.

English Summary:

Underestimating People: Life’s Expensive Lessons and How to Avoid Them

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com