യുവശാസ്ത്രജ്ഞർക്ക് ഒരു കോടി രൂപയിലേറെ സഹായം ; ഇൻസ്പയർ പദ്ധതിയെക്കുറിച്ച് വിശദമായറിയാം
Mail This Article
യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കു ന്നതിനു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് 2008 ൽ തുടങ്ങിയതാണ് ‘ഇൻസ്പയർ’ പദ്ധതി. 2024 ലെ ഫെലോഷിപ്പിന് http://online-inspire.gov.in പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഓൺലൈനായി 15നു രാത്രി 11.59 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റെടുത്തു സൂക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്. സംശയപരിഹാരത്തിനു ഫോൺ: 0124-6690020, inspire.prog-dst@nic.in.
ഇൻസ്പയർ ഫാക്കൽറ്റി ഫെലോഷിപ്
ഡോക്ടറേറ്റുള്ള, 27നും 32നും ഇടയിൽ പ്രായമുള്ളവർക്ക് 5 വർഷം വരെ എൻജിനീയറിങ്, മെഡിസിൻ, അഗ്രികൾചർ, വെറ്ററിനറി സയൻസ്, ശാസ്ത്രസാങ്കേതികവിഷയങ്ങളിലെ ട്രാൻസ്‌ലേഷനൽ റിസർച് മേഖലകളിൽ സ്വതന്ത്രഗവേഷണം നടത്താനാണു ഫെലോഷിപ് നൽകുന്നത്.
സഹായം എത്ര?
തുടക്കത്തിൽ പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ. വർഷംതോറും 2000 രൂപ ഇൻക്രിമെന്റ്. കൂടാതെ ഓരോ വർഷവും 7 ലക്ഷം രൂപ റിസർച് ഗ്രാന്റ്. അതായത് ഒരാൾക്കു പരമാവധി 1.12 കോടി രൂപ വരെ ലഭിക്കാം. ഫെലോഷിപ്പിന് നികുതി നൽകണം. മറ്റു ഫെലോഷിപ്പുകൾ വാങ്ങരുതെന്നും നിബന്ധനയുണ്ട്.
യോഗ്യത
സയൻസ്, മാത്‌സ്, എൻജി, ഫാർമസി, മെഡിസിൻ, അഗ്രികൾചർ തുടങ്ങിയ വിഷയങ്ങളിലൊന്നിൽ പിഎച്ച്ഡി വേണം. 12–ാം ക്ലാസ് മുതൽ പരീക്ഷകൾക്കെല്ലാം 60% മാർക്കോ തുല്യ ഗ്രേഡ് പോയിന്റ് ആവറേജോ നേടിയിരിക്കണം. പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചു കാത്തിരിക്കുന്നവരെയും പരിഗണിക്കും. പക്ഷേ പിഎച്ച്ഡി നേടിയിട്ടേ ഫെലോഷിപ് ലഭിക്കൂ.
2024 ജനുവരി ഒന്നിന് 32 വയസ്സു കവിയരുത്. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും 37 വരെയാകാം. ഭിന്നശേഷിക്കാർക്കു 42 വരെയും. നിലവാരമുള്ള ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.
ട്രാൻസ്‌ലേഷനൽ റിസർച് തിരഞ്ഞെടുക്കുന്നവർ രണ്ടു പേറ്റന്റുകൾക്കെങ്കിലും ഫയൽ ചെയ്തിട്ടുണ്ടാവണം. ഒരു പേറ്റന്റ് അനുവദിച്ചുകിട്ടിയിട്ടുണ്ടെങ്കിലും മതി. കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരോ സഹായം നൽകുന്ന ‘ടെക്നോളജി ബിസിനസ് ഇൻക്യുബേറ്റേഴ്സ്’ ഉള്ള സ്ഥാപനമാണ് ഇവർ ഗവേഷണത്തിനു തിരഞ്ഞെടുക്കേണ്ടത്. സ്ഥിരമായോ കരാറടിസ്ഥാനത്തിലോ ഇന്ത്യയിൽ ജോലിയിലിരിക്കുന്നവർക്കും അപേക്ഷിക്കാം. പക്ഷേ, ഫെലോഷിപ് കിട്ടുമ്പോൾ ഇപ്പോഴത്തെ സ്ഥാനം ഉപേക്ഷിക്കണം. ലീവ്, ഡപ്യൂട്ടേഷൻ മുതലായവ അനുവദിക്കില്ല.
12–ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഒരു ശതമാനം പേരിൽപ്പെടുക, ഐഐടി ജെഇഇ, നീറ്റ് റാങ്കുകൾ, യുജി/പിജി ഒന്നാം റാങ്ക് എന്നിവ അഭികാമ്യം. പിഐഒ വിഭാഗക്കാരെയും പരിഗണിക്കും.