അധ്യാപകരോടുള്ള ഇഷ്ടാനിഷ്ടങ്ങൾ പഠനത്തിൽ പ്രതിഫലിക്കുമോ; നല്ല ഗുരുവാകാൻ എത്രകാലം പഠിപ്പിക്കണം?
Mail This Article
ചില വിഷയങ്ങളോട് കുട്ടികൾക്ക് വല്ലാത്ത ഭയമാണ്. മറ്റു ചില വിഷയങ്ങൾ ഒരുപാടിഷ്ടവും. പഠിപ്പിക്കുന്ന അധ്യാപകർക്ക് ഈ ഇഷ്ടാനിഷ്ടങ്ങളിൽ പങ്കുണ്ടോ?. ഈ വിഷയത്തിൽ പലർക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കും ഉണ്ടാവുക. പക്ഷേ പത്തനംതിട്ട സ്വദേശിയായ ചിഞ്ചുലക്ഷ്മിയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായമുണ്ട്. ഗുരു സ്മൃതി എന്ന പംക്തിയിലൂടെ പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ചുള്ള ഓർമകൾ അവർ പങ്കുവയ്ക്കുന്നതിങ്ങനെ :-
‘‘പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എന്ന സ്ഥലത്തെ സെന്റ്തോമസ് കോളജിലാണ് ഞാൻ ഡിഗ്രിയും പിജിയും പഠിച്ചത്. ഗണിതശാസ്ത്രം ആയിരുന്നു എന്റെ മുഖ്യ വിഷയം. സെമസ്റ്റർ സമ്പ്രദായത്തിൽ ആയിരുന്നു ഡിഗ്രി പഠിച്ചത്. അഞ്ചാമത്തെ സെമസ്റ്ററിൽ ഓപ്പൺ കോഴ്സ് ഉണ്ട്. ഇതിലൂടെ വ്യത്യസ്തമായ ഒരു വിഷയം പഠിക്കാൻ അവസരം കിട്ടുമായിരുന്നു. ഡിഗ്രി ലെവലിൽ പഠിക്കാത്ത പുതിയ ഒരു വിഷയം പഠിക്കാൻ ഓപ്പൺ കോഴ്സിലൂടെ സാധിക്കുമായിരുന്നു.
ഞാൻ തിരഞ്ഞെടുത്ത വിഷയം ഇക്കണോമിക്സ് ആയിരുന്നു. ക്ലാസ്സിൽ നിന്നും ഈ വിഷയം തിരഞ്ഞെടുത്ത ഒരേയൊരാൾ ഞാൻ ആയിരുന്നു. പ്ലസ്ടു കൊമേഴ്സ് എടുത്ത എന്റെ ഇളയ സഹോദരി ഇക്കണോമിക്സ് പഠിക്കുന്നത് കേട്ടിട്ടുണ്ട്. ഇതാണ് ഈ വിഷയവുമായിട്ടുള്ള ഏക ബന്ധം. രണ്ട് അധ്യാപകർ ചേർന്നാണ് ഈ വിഷയം പഠിപ്പിച്ചത്. രണ്ടു പേരും നന്നായിട്ട് പഠിപ്പിച്ചു. എന്നാലും റോണി സാർ എടുത്ത ക്ലാസുകളെക്കുറിച്ച് എടുത്ത് പറയേണ്ടതാണ്. വിവിധ ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള കുട്ടികൾ ആണ് ഓപ്പൺ കോഴ്സിന്റെ ക്ലാസ്സിൽ ഉണ്ടാവുക. അതുകൊണ്ടു തന്നെ ക്ലാസ്സ് എടുക്കുന്നത് ഒട്ടും എളുപ്പമല്ല. പക്ഷേ സാർ വളരെ നന്നായി പഠിപ്പിച്ചു. അതുകൊണ്ട് ഇക്കണോമിക്സ് എനിക്കു വളരെ പെട്ടെന്ന് പ്രിയപ്പെട്ട വിഷയമായി മാറി. ഓപ്പൺ കോഴ്സിനു നല്ല മാർക്ക് നേടാനും കഴിഞ്ഞു. ഒരു വിഷയം നമുക്ക് പ്രിയപ്പെട്ട വിഷയം ആക്കി മാറ്റി മികച്ച അധ്യാപകരെ കൊണ്ടേ സാധിക്കൂ. അത്തരത്തിൽ ഉള്ള ഒരു അധ്യാപകൻ ആയിരുന്നു റോണി സാർ.
സൗഹൃദത്തിന്റെ അളവുകോൽ കാലദൈർഘ്യം അല്ലെന്ന് ‘കഥ പറയുമ്പോൾ’ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി പറയുന്നുണ്ട്. അതുപോലെയാണ് അധ്യാപകരുടെ കാര്യവും. കുട്ടികളെ എത്ര കാലം പഠിപ്പിച്ചുവെന്നതല്ല മികച്ച അധ്യാപകനാകാനുള്ള മാനദണ്ഡം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കേവലം ഒരു സെമസ്റ്ററിൽ മാത്രമാണ് റോണി സാർ പഠിപ്പിച്ചതെങ്കിലും എന്നെ പഠിപ്പിച്ച മികച്ച അധ്യാപകരിൽ ഒരാളാണ് അദ്ദേഹം. ആ കുറഞ്ഞ കാലയളവിൽ ഇക്കണോമിക്സ് എന്ന വിഷയം പ്രിയപ്പെട്ടതാകാന്‍ കാരണം സാറിന്റെ ക്ലാസ്സുകൾ തന്നെയാണെന്ന് നിസ്സംശയം പറയാം’’.