ADVERTISEMENT

‘‘പഠിക്കുന്ന സമയത്ത് പുലിയാരുന്നു. പക്ഷേ ഇപ്പോൾ കണ്ടോ ജോലി അന്വേഷിച്ച് തെക്കും വടക്കും നടക്കുവാ’’. മികച്ച അക്കാദമിക് പശ്ചാത്തലവും മിടുക്കുമൊക്കെയുണ്ടായിട്ടും സ്വപ്ന ജോലി തേടി അലയുന്നവരെക്കുറിച്ച് ദോഷൈകദൃക്കുകളുടെ സ്ഥിരം പല്ലവിയാണിത്. അവരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. റെസ്യൂമെയിലും അഭിമുഖത്തിലും നിരന്തരം വരുത്തുന്ന ചില തെറ്റുകളാണ് ഇഷ്ടജോലിയിൽ പ്രവേശിക്കാനുള്ള തടസ്സം. അത്യന്തം മത്സരാത്മകമായ ഇന്നത്തെ ലോകത്ത്‌ നല്ലൊരു ജോലി ലഭിക്കുകയെന്നത്‌ അത്ര എളുപ്പമുള്ള സംഗതിയല്ല. ശരിയായ യോഗ്യതകളും പ്രവര്‍ത്തിപരിചയവും ഉണ്ടായിട്ടും പലരും ജോലിക്ക്‌ തിരഞ്ഞെടുക്കപ്പെടാത്ത അവസ്ഥയുണ്ട്‌. ഇവിടെ നിര്‍ണ്ണായകമാകുന്ന രണ്ട്‌ കാര്യങ്ങള്‍ നാം കമ്പനികള്‍ക്ക്‌ സമര്‍പ്പിക്കുന്ന റെസ്യൂമെയും തുടര്‍ന്ന്‌ നടക്കുന്ന അഭിമുഖപരീക്ഷയുമാണ്‌. 

ആദ്യം റെസ്യൂമെയിലേക്ക്‌ വരാം. ഒരു ജോലിക്ക്‌ നാം എത്ര അനുയോജ്യരാണെന്നതിനെപ്പറ്റി കമ്പനികള്‍ ആദ്യ വിലയിരുത്തല്‍ നടത്തുന്നത്‌ നമ്മുടെ റെസ്യൂമെ നോക്കിയാണ്‌. നമ്മുടെ വിദ്യാഭ്യാസ യോഗ്യതകള്‍, തൊഴില്‍ പരിചയം, നൈപുണ്യ ശേഷികള്‍ എന്നിവയെ പറ്റിയെല്ലാം റെസ്യൂമെ ഏകദേശ ധാരണ നല്‍കുന്നു. റെസ്യൂമെ തയാറാക്കുമ്പോള്‍ ഇനി പറയുന്ന തെറ്റുകള്‍ ഒഴിവാക്കണം.

∙ വാരിവലിച്ചെഴുതരുത്
അപേക്ഷിക്കുന്ന ഓരോ ജോലിക്കും ചേരുന്ന വിധമായിരിക്കണം റെസ്യൂമെ. ആ പ്രത്യേക ജോലിക്ക്‌ അനുയോജ്യ മല്ലാത്ത തൊഴില്‍ പരിചയത്തിന്റെ വിശദാംശങ്ങള്‍ വാരിവലിച്ച്‌ എഴുതരുത്‌. കമ്പനികള്‍ നല്‍കുന്ന തൊഴില്‍ വിജ്ഞാപനം ശ്രദ്ധിച്ച്‌ വിശദമായി വായിച്ച്‌ നോക്കിയിട്ട്‌ അതിനനുസരിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റെസ്യൂമെ തയ്യാറാക്കണം. വിവിധ ജോലികള്‍ക്കായി അപേക്ഷിക്കുന്ന പക്ഷം, ഓരോന്നിനും വേറെ വേറെ റെസ്യൂമെകള്‍ ആവശ്യമാണ്‌. 

∙ തള്ളരുത്, തെളിവു സഹിതം സമർഥിക്കാം
നിങ്ങളുടെ മുന്‍ തൊഴില്‍ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ശേഷികളുണ്ടെന്ന്‌ റെസ്യൂമെയില്‍ പറയുമ്പോള്‍ അത്‌ വെറും തള്ളല്ലെന്ന്‌ കമ്പനിക്ക്‌ ബോധ്യപ്പെടണം. ഇതിന്‌ ആ അവകാശവാദങ്ങള്‍ക്ക്‌ അുസരിച്ചുള്ള തെളിവുകള്‍ നിരത്തണം. ഉദാഹരണത്തിന്‌ കമ്പനിയുടെ സെയില്‍സ്‌ വര്‍ദ്ധിപ്പിച്ചു എന്ന്‌ ചുമ്മാ പറഞ്ഞത്‌ കൊണ്ടായില്ല. എത്ര ശതമാനം ഏത്‌ ക്വാട്ടറില്‍ എന്നൊക്കെ വിശദീകരിക്കണം. 

∙ ക്ലീഷേ മാറ്റിപ്പിടിക്കാം
പല റെസ്യൂമെകളിലും സ്ഥിരമായി ഉപയോഗിക്കുന്ന കഠിനാധ്വാനി, കൃത്യനിഷ്‌ഠക്കാരന്‍, വിശ്വസ്‌തന്‍, ടീം പ്ലെയര്‍ എന്നിങ്ങനെയുള്ള ക്ലീഷെ പദങ്ങള്‍  ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. 

∙ ഓവറാക്കി ചളമാക്കരുത്
അലങ്കാരത്തിനു വേണ്ടി ഫാന്‍സിയായ ഫോണ്ടുകളും ഫോര്‍മാറ്റുകളും ഉപയോഗിച്ചാല്‍ മുഖ്യമായ വിവരങ്ങളില്‍ നിന്ന്‌ തൊഴില്‍ദാതാവിന്റെ ശ്രദ്ധ മാറാനിടയുണ്ട്‌. സര്‍ഗ്ഗാത്‌മക   മേഖലയിലെ ജോലികള്‍ക്ക്‌ ഒഴിച്ച്‌ ഇത്തരത്തില്‍   അലങ്കാരം അധികമുള്ള റെസ്യൂമെ ഫോര്‍മാറ്റുകള്‍ ഒഴിവാക്കാം. 

∙ അക്ഷരപ്പിശകേ കടക്കു പുറത്ത്
റെസ്യൂമെ അയക്കുന്നതിന്‌ മുന്‍പ്‌ സ്‌പെല്ലിങ്‌ തെറ്റുകളോ വ്യാകരണ പിശകുകളോ ഒന്നും ഇല്ലെന്ന്‌ പല വട്ടം പരിശോധിച്ച്‌ ഉറപ്പാക്കേണ്ടതാണ്‌. ഇത്തരം തെറ്റുകള്‍ നിങ്ങളെ കുറിച്ച്‌ മോശം അഭിപ്രായം തൊഴില്‍ദാതാവിന്റെ മനസ്സില്‍ ഉണ്ടാക്കും. സ്‌പെല്ലിങ്‌, വ്യാകരണം എന്നിവ പരിശോധിക്കാന്‍ നിരവധി ടൂളുകള്‍ ഇന്ന്‌ ലഭ്യമാണ്‌. 

∙ കുഞ്ഞുകളി വേണ്ട, പ്രൊഫഷണലാകാം
തമാശയ്‌ക്ക്‌ വേണ്ടിയും സ്റ്റൈല്‍ കാണിക്കാനുമൊക്കെ ഇമെയില്‍ വിലാസത്തില്‍ അനുയോജ്യമല്ലാത്ത പേരുകള്‍ ഉപയോഗിക്കുന്നവരുണ്ട്‌. ഇത്‌ കര്‍ശനമായും ഒഴിവാക്കണം. പ്രഫഷണലാകണം ഇമെയില്‍ വിലാസങ്ങള്‍. ഇത്‌ തമാശ കാണിക്കാനുള്ള സ്ഥലമല്ല. 

∙ ശമ്പളത്തെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്
റെസ്യൂമെയില്‍ ഒരു കാരണവശാലും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങളൊന്നും ചേര്‍ക്കരുത്‌. ഇത്തരം കാര്യങ്ങള്‍ അഭിമുഖത്തിന്റെ സമയത്തും പിന്നീടുമൊക്കെയാണ്‌ ചര്‍ച്ച ചെയ്യേണ്ടത്‌. അതേ പോലെ റഫറന്‍സുകള്‍ ചോദിക്കുന്നില്ലെങ്കില്‍ അനാവശ്യമായി അവ റെസ്യൂമെയില്‍ ചേര്‍ക്കേണ്ടതില്ല. 

∙ കവറിങ് ലെറ്ററിനെ മറക്കല്ലേ
ജോലിക്കായി അപേക്ഷിക്കുമ്പോള്‍ വിജ്ഞാപനത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം റെസ്യൂമെയ്‌ക്കൊപ്പം ഉള്‍പ്പെടുത്താന്‍ മറക്കരുത്‌. കവറിങ്‌ ലെറ്റര്‍ ആവശ്യപ്പെടുന്ന പക്ഷം അത്‌ നിര്‍ബന്ധമായും വയ്‌ക്കണം. 

റെസ്യൂമെ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം തൊഴില്‍ദാതാവ്‌ നിങ്ങളെ അഭിമുഖപരീക്ഷയ്‌ക്കായി ക്ഷണിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങളെ കുറിച്ചുള്ള മതിപ്പ്‌ അവരില്‍ ഉണ്ടാക്കുക എന്നതാണ്‌ അഭിമുഖപരീക്ഷയിലെ വെല്ലുവിളി. എല്ലാ അഭിമുഖപരീക്ഷകള്‍ക്കും നല്ല തയ്യാറെടുപ്പ്‌ ആവശ്യമാണ്‌. കമ്പനിയെ പറ്റിയും അപേക്ഷിച്ചിരിക്കുന്ന തൊഴില്‍ സ്ഥാനത്തെ പറ്റിയും ഗവേഷണം നടത്താതെ, അതിനെ കുറിച്ച്‌ ഒന്നും അറിയാതെ അഭിമുഖത്തിന്‌ ചെല്ലുന്നത്‌ ഇതിനോട്‌ നിങ്ങള്‍ക്കുള്ള താത്‌പര്യക്കുറവിനെ കാണിക്കുന്നു. നിങ്ങളെ കുറിച്ചും നിങ്ങളുടെ ശക്തിദൗര്‍ബല്യങ്ങളെ കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്കും തയ്യാറെടുപ്പ്‌ ആവശ്യമാണ്‌. 

അധികമായി സംസാരിക്കുന്നതും ഒട്ടും സംസാരിക്കാതെ ഇരിക്കുന്നതും നന്നല്ല. ഇതിനിടയില്‍ ഒരു സന്തുലനം കണ്ടെത്തണം.മുന്‍പ്‌ ജോലി ചെയ്‌ത ഇടത്തിലെ ആളുകളെ കുറിച്ച്‌ മോശമായി സംസാരിക്കുന്നതും ഒഴിവാക്കേണ്ടത്‌. ഇത്‌ നിങ്ങളുടെ വ്യക്തിത്വത്തെ കുറിച്ച്‌ പ്രതികൂലമായി അഭിപ്രായം ഉണ്ടാക്കും. എന്ത്‌ കൊണ്ട്‌ മുന്‍ ജോലി രാജിവച്ചു എന്നത്‌ പോലുള്ള ചോദ്യങ്ങള്‍ക്ക്‌ അവ്യക്തമായ മറുപടികള്‍ നല്‍കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക, കാലുകള്‍ ആട്ടിക്കൊണ്ടിരിക്കുക, കൂനിക്കൂടി ഇരിക്കുക പോലുള്ള ശരീരഭാഷയിലെ പാളിച്ചകളും അഭിമുഖപരീക്ഷയില്‍ തിരിച്ചടിയാകാം. അഭിമുഖപരീക്ഷയ്‌ക്ക്‌ വൈകി എത്താതിരിക്കാനും  ശ്രദ്ധിക്കേണ്ടതാണ്‌. നിങ്ങളുടെ സമയക്രമീകരണ ശേഷികളെ കുറിച്ച്‌ ഇത്‌ തെറ്റായ സന്ദേശം നല്‍കും.

English Summary:

From Resume to Interview: Proven Tips to Secure Your Ideal Job

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com