അയ്യേ! എന്നു പരിഹസിക്കല്ലേ, അൻപതിലും കിട്ടും സൂപ്പർ ജോലി
Mail This Article
‘‘വയസ്സ് പത്തൻപത് ആയില്ലേ ഇനിയെങ്കിലും അടങ്ങിയൊതുങ്ങി യിരുന്നൂടെ’’?. എന്ന് ഇനിയാരെങ്കിലും പരിഹസിക്കാൻ വന്നാൽ പോയി പണി നോക്കെടോയെന്ന് ധൈര്യമായി പറഞ്ഞോളൂ. 50–ാം വയസ്സിലും അടിപൊളി ജോലി ലഭിക്കുമെന്ന് പറയുകയാണ് കരിയർ വിദഗ്ധർ. പക്ഷേ നിലവിലുള്ള സുരക്ഷിതമായ ജോലി വലിച്ചെറിഞ്ഞു കളഞ്ഞ് ചാടിപ്പുറപ്പെടരുതെന്നും കൃത്യമായ ആസൂത്രണത്തോടെ ശ്രമിച്ചാൽ അൻപതിലും മികച്ച ജോലി ലഭിക്കുമെന്നും അവർ പറയുന്നു. സാധാരണ ഗതിയിൽ 40കളുടെ ഒടുവിലായിരിക്കും വ്യക്തികൾ കരിയറിന്റെ ഏറ്റവും ഉയരത്തിൽ എത്തുക. എന്നാൽ, എല്ലാവർക്കും ഈ ഭാഗ്യം നേടാൻ കഴിയണമെന്നില്ല. കരിയറിൽ പ്രത്യേകിച്ചൊരു നേട്ടവും എത്തിപ്പിടിക്കാനാവാതെയും എന്നാൽ മറ്റൊരു ജോലിക്കു ശ്രമിക്കാനാവാതെയും തളർന്നും വിരസമായും ജീവിക്കുന്നവരുമുണ്ടാകും. വിജയം നേടിയാലും ഇല്ലെങ്കിലും 50 വയസ്സ് കരിയറിൽ പുതിയൊരു തുടക്കത്തിനുള്ള സമയമാണ്. നിലവിലുള്ള കരിയറിൽ ഉന്നത പദവിയിൽ പുതിയൊരു ഇന്നിങ്സ് തുടങ്ങാം. കരിയർ അല്ലെങ്കിൽ സ്ഥാപനം മാറി തികച്ചും വ്യത്യസ്തമായ സ്ഥലത്തും സാഹചര്യങ്ങളിലും പുതിയൊരു ജോലിക്കു തുടക്കമിടാം. രണ്ടായാലും 50–ാം വയസ്സ് നിർണായകമാണ് ജീവിതത്തിൽ.
∙ മുൻഗണ കൊടുക്കാം സംതൃപ്തിക്കും സന്തോഷത്തിനും
20 കളുടെ തുടക്കത്തിലേപ്പോലെ ആയിരിക്കില്ല 50 കളുടെ തുടക്കം. മധ്യവയസ്സിൽ ഏതെങ്കിലും ഒരു കരിയറല്ല വേണ്ടത്. പൂർണമായും തൃപ്തിപ്പെടുത്തുന്ന, മനസ്സിനോട് ചേർന്നുനിൽക്കുന്ന ഒന്നാണു വേണ്ടത്. പുതിയ കരിയറിനു വേണ്ട യോഗ്യത ഇല്ലെങ്കിൽ അത് നേടേണ്ടത് അത്യാവശ്യമാണ്. ക്ഷീണിച്ചു തളർന്നവയ്ക്കു പകരം പുതിയ ചിറകുകളുമായി പറക്കുന്ന പക്ഷിയെപ്പോലെ തീർത്തും പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കുതിക്കാനുള്ള അവസരമാണിത്. അതിന് അനുയോജ്യമായ കരിയറുകളുമുണ്ട്.
∙ഇഷ്ടങ്ങളെ ജോലിയാക്കി മാറ്റാം
50 വയസ്സു വരെയുള്ള കരിയറിലും ഉപേക്ഷിക്കാതെ കൂടെക്കൊണ്ടുനടന്ന താൽപര്യങ്ങളുണ്ടെങ്കിൽ അവ പുതിയ കരിയറാക്കാവുന്നതാണ്. ഒഴിവുസമയങ്ങളിൽ ജനപ്രിയ നോവലുകൾ എഴുതിയിട്ടുള്ള വ്യക്തിയാണെങ്കിൽ എഴുത്തുകാരനായി പുതിയ കരിയർ ആരംഭിക്കാം. പുതിയൊരു ബേക്കറി തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുകയും നടപ്പാക്കാനാവാതെ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ മധ്യവയസ്സിൽ സ്വപ്നം സാക്ഷാത്കരിക്കാം. എന്നാൽ, ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ചതിനു ശേഷം മാത്രം പുതിയ കരിയർ തുടങ്ങുന്നതാണ് നല്ലത്. പെട്ടെന്നൊരു സംരംഭം തുടങ്ങുകയും പിന്നീട് പശ്ചാത്തപിക്കുന്നയും ചെയ്യുന്നത് മധ്യവസ്സിൽ നല്ലതല്ല. അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ ദീർഘമായി ആലോചിച്ചും പ്രത്യാഘാതം വിലയിരുത്തിയും മാത്രം തീരുമാനമെടുക്കണം.
∙ എന്തുതരം ജോലി വേണം?
തുടർന്നുവന്ന കരിയറിൽ എന്തുകൊണ്ട് അസംതൃപ്തനായി എന്നു കണ്ടെത്തുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവിൽ ചെയ്യുന്ന ജോലിയിലെ അസംതൃപ്തി, മേലധികാരിയുമായുള്ള പ്രശ്നങ്ങൾ, വിശ്രമമില്ലാത്ത ഷെഡ്യൂൾ, ജോലി ചെയ്യുന്ന സ്ഥലത്തെ പ്രശ്നങ്ങൾ എന്നിങ്ങനെ കൃത്യമായ ഒരു കാരണമുണ്ടായിരിക്കും. ഇതു കണ്ടെത്തിയാൽ മാത്രമേ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കാനാവൂ. മുഴുവൻ സമയ ജോലിയാണോ പാർട് ടൈം ആണോ വേണ്ടതെന്നും തീർച്ചപ്പെടുത്തണം. എന്തുകൊണ്ട് ജോലി ഉപേക്ഷിക്കണം, പുതിയ ജോലിയുടെ ആവശ്യമെന്ത് എന്നീ ചോദ്യങ്ങൾ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തി മാത്രം പുതിയ നീക്കം തുടങ്ങുക.
∙ പ്രാവീണ്യമുള്ള മേഖല കണ്ടെത്താം
സ്വന്തം കഴിവുകളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. ഏതൊക്കെ ജോലിയിൽ ശോഭിക്കാനാവുമെന്ന് ഇതിൽനിന്ന് തീർച്ചപ്പെടുത്താം. കസ്റ്റമർ സർവീസിൽ തിളങ്ങാൻ കഴിയുന്ന വ്യക്തിയാണെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖല തിരഞ്ഞെടുക്കണം. വിവിധ ഭാഷകളിൽ കഴിവും പ്രാവീണ്യവുമുണ്ടെങ്കിൽ വിവർത്തകനായോ ഭാഷാ കേന്ദ്രങ്ങളിലെ അധ്യാപകനായോ ജോലി തുടങ്ങാവുന്നതാണ്. തൊഴിലാളികളുടെ മേൽനോട്ടം സമർഥമായി ചെയ്തിട്ടുണ്ടെങ്കിൽ അത്തരത്തിലുള്ള ജോലി തന്നെ തിരഞ്ഞെടുക്കണം. അതിനു പകരം സാധാരണ തൊഴിലാളിയായി ജോലി തുടങ്ങിയാൽ അധിക നാൾ മുന്നോട്ടുപാകാനാവില്ല. എന്നാൽ, പ്രായം കൂടി എന്ന ചിന്ത ഉപേക്ഷിക്കുന്നതാണു നല്ലത്. ചില തൊഴിലുകളിൽ പ്രായം തീർച്ചയായും ഒരു ഘടകം തന്നെയാണ്. എന്നാൽ ഏതു സ്ഥാപനവും നോക്കുന്നത് ജീവനക്കാരന്റെ കഴിവും പ്രാപ്തിയും തന്നെയാണ്. പ്രായം അതിനുശേഷം മാത്രമാണു പരിഗണിക്കുക. യോഗ്യതയുണ്ടെങ്കിൽ, ജോലി ചെയ്യാനുള്ള മനസ്സും പോസിറ്റീവ് മനോഭാവവുമുണ്ടെങ്കിൽ ഏതു കാലത്തും ഏതു ജോലിക്കും യോഗ്യതയുണ്ടെന്നതാണ് യാഥാർഥ്യം.
∙ അഭിരുചിക്കിണങ്ങിയ അവസരം കണ്ടെത്താം
ഭാവിയിൽ വളർച്ചാ സാധ്യത കൂടിയ തൊഴിൽ മേഖലകൾ കണ്ടെത്തി ജോലി തിരഞ്ഞെടുക്കുന്നതാവും നല്ലത്. നഴ്സ്, റസ്റ്ററന്റ് കുക്ക്, മാനേജർ എന്നീ ജോലികൾക്ക് എന്നും ആവശ്യമുണ്ട്. എന്നാൽ, ഈ ജോലികൾ ചെയ്യാൻ താൽപര്യവും അഭിരുചിയുമുണ്ടെങ്കിൽ മാത്രമേ അതിലേക്ക് ഇറങ്ങാവൂ. ജോലി അവസരമുണ്ട് എന്നതു കൊണ്ടു മാത്രം കരിയർ തിരഞ്ഞെടുത്താൽ വേഗം അസംതൃപ്തി ഉണ്ടാകാം.
∙ നൈപുണ്യ വികസനത്തിനു നൽകാം മുൻഗണന
വീണ്ടും പഠിച്ച് യോഗ്യത നേടുക എന്നത് അനായാസമായ കാര്യമല്ല. 50–ാം വയസ്സിൽ പുതിയൊരു കഴിവ് പഠിച്ചെടുക്കുന്നതും എളുപ്പമല്ലെന്നതിനാൽ ആലോചിച്ചു മാത്രം പുനർ പരിശീലനത്തിനു തയാറാവുന്നതാണു നല്ലത്. ഏതു പ്രായത്തിലും പുതിയ ഡിഗ്രി നേടി പുതിയ ജോലി തുടങ്ങുന്നവരുണ്ട്. എന്നാൽ എല്ലാവർക്കും ഇതു കഴിയണമെന്നില്ല. പരമ്പരാഗത സ്കൂൾ, കോളജ് പഠന രീതിക്കു പകരം പുതിയ കാലത്ത് മിക്ക ജോലിയും ഓൺലൈനിലൂടെ പഠിക്കാൻ അവസരമുണ്ട്. ഇതു പ്രയോജനപ്പെടുത്താം. മികച്ച പരിശീലകരെ കണ്ടെത്തി തൊഴിൽ ആർജിച്ച് പുതിയ ഘട്ടത്തിനു തുടക്കം കുറിക്കുന്നതും മോശം ആശയമല്ല.
∙ മികച്ച സ്ഥാപനം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം
നിലവിലെ ജോലി തുടരുമ്പോൾ തന്നെ പുതിയ കഴിവുകൾ പഠിപ്പിക്കുന്ന തൊഴിലുടമകളുണ്ട്. ജോലി സ്വീകരിച്ച ശേഷം പുതിയ കഴിവുകൾ പഠിപ്പിച്ചുകൊടുത്ത് ജോലിയിൽ സ്ഥിരമാക്കാൻ തയാറുള്ള സ്ഥാപനങ്ങളുമുണ്ട്. പുതിയ കരിയർ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങളും പരിഗണിക്കണം. മികച്ച സ്ഥാപനമാണെങ്കിൽ, തൊഴിലാളിയെ മനസ്സിലാക്കുന്ന ഉടമയാണെങ്കിൽ ഭാവിയും ശോഭനമാകും.