ഗ്ലാമർ മാത്രം നോക്കി ജോലി തിരഞ്ഞെടുക്കല്ലേ; ഉയർച്ച ഉറപ്പാക്കാൻ ചെയ്യാം 5 കാര്യങ്ങൾ
Mail This Article
ഒറ്റനോട്ടത്തിൽ ഗ്ലാമർ തോന്നുന്ന ജോലിയി ലേക്ക് എടുത്തുചാടി കരിയർ തുടങ്ങുന്ന ഒരുപാട് പേരുണ്ട്. എത്ര വർഷം കഴിഞ്ഞാലും ശമ്പളത്തിൽ കാര്യമായ വർധനവില്ലാതെ ഒരേ ജോലി തന്നെ ചെയ്തു മനസ്സു മുരടിയ്ക്കുന്നവരുമുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ ജോലി തേടുന്ന സമയത്തു തന്നെ ശ്രദ്ധിക്കണം. ഹ്രസ്വകാല ലക്ഷ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ജോലിക്കു ചേരാതെ ദീർഘകാല ലക്ഷ്യങ്ങളെ സംതൃപ്തിപ്പെടുത്തുന്ന ജോലി തിരഞ്ഞെടുക്കാൻ തുടക്കത്തിലേ ശ്രദ്ധിക്കാം. ഏതു കരിയർ തിരഞ്ഞെടുത്താലും ഭാവി ആർക്കും മുൻകൂട്ടി കാണാനാവില്ല. എന്നാൽ, ഓരോ കാലത്തും നിലവിലുള്ള സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഭാവിയെക്കുറിച്ചോർത്ത് പേടിക്കേണ്ടതില്ല. മികച്ച കരിയർ പടുത്തുയർത്താൻ ആദ്യമായും അവസാനമായും വേണ്ടതു ദീർഘകാല ലക്ഷ്യമാണ്. ഇതു സാധ്യമാകണമെങ്കിൽ ഭാവിയിലെ ലക്ഷ്യങ്ങൾ എന്തൊക്കെയെന്ന് ലിസ്റ്റ് ചെയ്യാൻ കഴിയണം. ഓരോ ലക്ഷ്യവും എങ്ങനെ, എപ്പോൾ നേടണം എന്നതിനെക്കുറിച്ചും വ്യക്തമായ പദ്ധതി വേണം. ഇതിനു കഴിഞ്ഞാൽ ഭാവിയെ ആശങ്കയോടെ നേരിടേണ്ടിവരില്ലെന്നു മാത്രമല്ല, മികച്ച കരിയർ സാക്ഷാത്കരിക്കാനും കഴിയും.
∙ ലക്ഷ്യത്തിൽ വേണം വ്യക്തത
കരിയർ തുടങ്ങുമ്പോൾ തന്നെ മനസ്സിൽ വ്യക്തമായ പദ്ധതി രൂപപ്പെടുത്തുക. സെയിൽസ് പ്രതിനിധിയായി ജോലി ചെയ്യുന്ന വ്യക്തിയാണെന്നിരിക്കട്ടെ. സ്വപ്നവും ഭാവി പദ്ധതിയും ഇല്ലെങ്കിൽ എന്നും അതേ ജോലിയിൽ തുടരാം. മറിച്ച് വ്യക്തമായ ലക്ഷ്യമുണ്ടെങ്കിൽ പ്രതിനിധികളെ മാനേജ് ചെയ്യുന്ന മാനേജർ പദവി ലക്ഷ്യം വച്ചു പ്രവർത്തി ക്കാവുന്നതാണ്. മാനേജ്മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുന്നതും പരിമിതിയില്ലാതെ സ്വപ്നം കാണാവുന്നതാണ്. ഇവ ചിന്തിക്കാനാവുന്നില്ലെങ്കിൽ നിലവിലെ അനുഭവ പരിചയത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു സ്ഥാപനത്തിലോ വ്യത്യസ്തമായ വ്യവസായ സ്ഥാപനത്തിലോ ഭാഗ്യം പരീക്ഷിക്കുക. സാധ്യതകൾ വ്യക്തമായി മനസ്സിൽ കാണുകയോ എഴുതിവയ്ക്കുകയോ ചെയ്യുക. വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ കൃത്യമായ മാർഗം കണ്ടുപിടിച്ച് ലക്ഷ്യത്തിലേക്കു മുന്നേറുക.
∙ ലക്ഷ്യങ്ങൾ പ്രായോഗികമാണോ?
ഒന്നോ രണ്ടോ ലക്ഷ്യങ്ങൾക്കു മുൻതൂക്കം കൊടുത്തു പ്രവർത്തിക്കുന്നതായിരിക്കും നല്ലത്. എന്നാൽ അവ പ്രായോഗികമാണെന്ന് ഉറപ്പാക്കണം. ഉദാഹരണത്തിന്, ജോലി ചെയ്യുന്ന കമ്പനിയുടെ ഉടമയാകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അത് സാധ്യമാണോ എന്ന് ആലോചിക്കുക. അല്ലെങ്കിൽ സ്ഥലം മാറ്റമോ ഉദ്യോഗക്കയറ്റമോ അതുമല്ലെങ്കിൽ സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ചോ ആലോചിക്കുക. ഏതാണ് ഏറ്റവും പ്രായോഗികവും മനസ്സിനോട് അടുത്തുനിൽക്കുന്നതുമായ ലക്ഷ്യം എന്നു കണ്ടെത്തുക. കഴിവുകളുടെയും അനുഭവ പരിചയത്തിന്റെയും അടിസ്ഥാനത്തിൽ വേണം ഭാവി ലക്ഷ്യം തീരുമാനിക്കാൻ. ആവശ്യമുള്ള കഴിവുകൾ ഉണ്ടോ എന്ന് ആത്മപരിശോധന നടത്തുക. ഇല്ലെങ്കിൽ അവ സ്വായത്തമാക്കാൻ പരിശ്രമിക്കുക.
∙ പടിപടിയായ ഉയർച്ച ലക്ഷ്യമിടാം
അഞ്ച് ഘടകങ്ങളുടെ അടിസ്ഥാനത്തിൽ വേണം ലക്ഷ്യം മനസ്സിൽ കാണാൻ. കൃത്യതയും പ്രയോഗികതയും തന്നെ ഏറ്റവും പ്രധാനം. മികച്ച പ്രതിഫലം, പടിപടിയായുള്ള ഉയർച്ച, പദവി എന്നിവയും പരിഗണിക്കണം. റീജനൽ സെയിൽസ് മാനേജരാവുക എന്നതാണ് ലക്ഷ്യമെങ്കിൽ എത്ര വർഷം കൊണ്ട് ലക്ഷ്യം നേടണം എന്നുകൂടി മനസ്സിൽ കാണണം. അടുത്ത അഞ്ചു വർഷം എന്നൊരു കാലം നിശ്ചയിക്കാമെങ്കിൽ ഏറ്റവും നന്ന്. ഓരോ വർഷവും പുരോഗതി വിലിയിരുത്തണം.
∙ മുതിർന്ന സഹപ്രവർത്തകുടെ ഉപദേശം തേടാം
പ്രധാന ലക്ഷ്യത്തെ വിവിധ കാലങ്ങളിൽ നേടാവുന്ന ചെറിയ ലക്ഷ്യങ്ങളാക്കി വിഭജിക്കുന്നതും നല്ലതാണ്. റീജനൽ സെയിൽസ് മാനേജർ ആവുക എന്നത് ഒറ്റ ഘട്ടത്തിൽ നേടാവുന്ന ലക്ഷ്യമല്ല. കുറച്ചു വർഷത്തെയങ്കിലും ജോലി പരിചയം വേണം. ആദ്യം ജില്ലാ സെയിൽസ് മാനേജർ ആകാൻ പരിശ്രമിക്കുക. അതിനുശേഷം അടുത്ത ലക്ഷ്യത്തെക്കുറിച്ച് ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുക. വിശ്വസിക്കാവുന്ന, ആശ്രയിക്കാവുന്ന സഹപ്രവർത്തകരെ കണ്ടെത്തി ചർച്ച ചെയ്ത് അവരുടെ ഉപദേശവും നിർദേശവും സ്വീകരിക്കുന്നതും ലക്ഷ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കും.
∙ കുറവുകൾ പരിഹരിച്ചു മുന്നോട്ടു പോകാം
ഓരോ ലക്ഷ്യവും നേടാൻ കൃത്യമായ കാലപരിധി നിശ്ചയിക്കണം. പരിധിക്കുള്ളിൽ ലക്ഷ്യങ്ങൾ പൂർത്തീകരിച്ചു എന്നുറപ്പാക്കുകയും വേണം. ആദ്യവർഷങ്ങളിൽ ലക്ഷ്യത്തിലേക്ക് അടുക്കുന്നില്ല എന്നു തോന്നിയാൽ വരും വർഷങ്ങളിൽ വേഗം കൂട്ടാം. ഇങ്ങനെ കുറ്റങ്ങളും കുറവുകളും കണ്ടെത്തി പരിഹരിച്ചു മുന്നേറുന്നതാണ് ദീർഘകാല ലക്ഷ്യത്തിനു നല്ലത്. ഈ സമീപനം സ്വീകരിക്കാമെങ്കിൽ എത്ര പ്രയാസകരമായ ലക്ഷ്യവും നേടാനും അതുവഴി കരിയറിന്റെ ഉന്നതിയിൽ അനായാസം എത്താനും കഴിയും.