ജീവിതത്തിൽ സന്തോഷം നിറയണോ? ; കഴിവുകളെയും കുറവുകളെയും തിരിച്ചറിഞ്ഞ് അംഗീകരിക്കാൻ പഠിക്കാം
Mail This Article
എല്ലാവരും ബഹുമാനിക്കുന്ന ഗുരുവിനോട് യുവാവിന് അസൂയയായിരുന്നു. ഒരു ദിവസം പ്രഭാഷണശേഷം അയാൾ ഗുരുവിനോടു പറഞ്ഞു: താങ്കളോടു ബഹുമാനമുള്ള ആളുകൾ താങ്കൾ പറയുന്നതെല്ലാം അതുപോലെ അനുസരിക്കുമായിരിക്കും. എനിക്കു താങ്കളോട് ഒരു താൽപര്യവുമില്ല. എന്നെ അനുസരിപ്പിക്കാനുള്ള കഴിവ് താങ്കൾക്കുണ്ടോ? ഗുരു പറഞ്ഞു: താങ്കൾ ഇവിടെ വരാമെങ്കിൽ ഞാൻ അനുസരിപ്പിക്കാം. യുവാവ് അടുത്തെത്തിയപ്പോൾ ഗുരു പറഞ്ഞു: അവിടല്ല, എന്റെ ഇടതുവശത്തു നിൽക്കൂ. അങ്ങോട്ടു മാറിനിന്ന യുവാവിനോടു ഗുരു പറഞ്ഞു: ഞാൻ പറയുന്ന കാര്യങ്ങളെല്ലാം നിങ്ങളിപ്പോൾ അനുസരിക്കുകയാണ്. നിങ്ങൾ എത്ര നല്ല മനുഷ്യനാണ്.
സ്വാഭാവികനന്മകളെ കൃത്രിമ തടയണകെട്ടി തടയേണ്ടതില്ല. അവയെ എല്ലാ വിശുദ്ധിയോടുംകൂടി ഒഴുകാനനുവ ദിക്കണം. എല്ലാവർക്കും ഒരേ വശ്യതയോ ഗാംഭീര്യമോ ഉണ്ടാകണമെന്നില്ല. തങ്ങളുടെ നൈസർഗിക മികവുകൊണ്ട് ആളുകളെ വിരൽത്തുമ്പിൽ നിർത്തുന്നവരുണ്ടാകും, അവരെ മാസ്മരിക വലയത്തിലാക്കുന്നവരുണ്ടാകും. അവർ തെളിക്കുന്ന വെളിച്ചത്തിലൂടെ അനേകർ നടന്നു നീങ്ങുന്നുമുണ്ടാകും. അവരുടെ യോഗ്യതയെയും കരുത്തിനെയും ചോദ്യം ചെയ്യുന്നവരുടെ മനോഭാവമാണ് പരിശോധിക്കപ്പെടേണ്ടത്.
മുൻപേ പോകുന്നവരുടെ വിജ്ഞാനത്തെയും വൈദഗ്ധ്യത്തെയുംകാൾ അവരിലെ ശാന്തതയും ലാളിത്യവുമാകും ആളുകളെ ആകർഷിച്ചിട്ടുണ്ടാകുക. കഴിവു കുറഞ്ഞവരെന്നു കരുതപ്പെടുന്നവർ തന്നെക്കാൾ കഴിവു തെളിയിക്കുന്നതു കാണുമ്പോഴുള്ള അസ്വാസ്ഥ്യമാണ് സ്വയം പുകഴ്ത്തലിന്റെയും വെല്ലുവിളികളുടെയും അടിസ്ഥാനം. എല്ലാവരും മറ്റുള്ളവർക്കു ചില അർഹതകൾ കൽപിച്ചു നൽകുന്നുണ്ട്. അതിനപ്പുറത്തേക്കു വളരുന്നവരെയെല്ലാം അവർ പരിഹസിക്കും.
പല പഴയകാല ചരിത്രങ്ങളുടെയും പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിച്ചാണ് ഓരോരുത്തരും ആളുകളെ വിലയിരുത്തുന്നത്. എല്ലാവർക്കും മാറാനും പുരോഗമിക്കാനും അദ്ഭുതാവഹമായ വളർച്ച കൈവരിക്കാനും കഴിയുമെന്ന യാഥാർഥ്യത്തെ വിമർശിക്കുന്നവർ വിസ്മരിക്കും. തന്റെ താഴെ നിൽക്കണം എന്ന നശീകരണ ചിന്തയുമായി അവർ തന്ത്രങ്ങൾ മെനയും. സന്തോഷം ഉറപ്പുവരുത്താനുള്ള എളുപ്പമാർഗം തന്നെയും മറ്റുള്ളവരെയും അംഗീകരിക്കുക എന്നതാണ്. അപരന്റെ കഴിവിൽ ഭയചകിതരാകുന്നവർക്കും സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവർക്കും ആരെയും വിശ്വസിക്കാനോ വളർത്താനോ കഴിയില്ല.