5 വർഷ എൽഎൽബി പോളി ജയിച്ചവർക്കും പ്രവേശനം; അപേക്ഷ ഓഗസ്റ്റ് 2 വരെ
Mail This Article
∙ 5 വർഷ, 3 വർഷ എൽഎൽബി പ്രവേശനത്തിനു കേരള എൻട്രൻസ് പരീക്ഷാ കമ്മിഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in
പ്ലസ്ടുക്കാർക്ക് 5– വർഷ എൽഎൽബി∙ ബാച്‌ലർ ബിരുദവും നിയമബിരുദവും ചേർന്നുള്ള 5 വർഷ പ്രോഗ്രാമാണിത് (ബിഎ എൽഎൽബി, ബിഎ / ബികോം / ബിബിഎ എൽഎൽബി - ഓണേഴ്സ്).
∙ 45% എങ്കിലും മാർക്കോടെ പ്ലസ്ടു / തുല്യപരീക്ഷ ജയിച്ചവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40% മാർക്ക് മതി. 3 വർഷ പോളിടെക്നിക് ഡിപ്ലോമ ഇത്തവണ പ്ലസ്ടുവിനു തുല്യമായി പരിഗണിക്കും. 2024 ഡിസംബർ 31നു 17 വയസ്സ് തികയണം.
ആകെ സീറ്റ് 1980
4 സർക്കാർ കോളജുകളിലായി (തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്) 360 സീറ്റുണ്ട്. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് 22 സ്വകാര്യ സ്വാശ്രയ കോളജുകളിൽ 1620 സീറ്റുകളും.
ബിരുദധാരികൾക്ക് 3–വർഷ എൽഎൽബി
∙ 45% എങ്കിലും മാർക്കോടെ ബിരുദമുള്ളവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം (പിന്നാക്ക / പട്ടിക വിഭാഗക്കാർക്ക് യഥാക്രമം 42% / 40% മതി). വിദൂര / കറസ്പോണ്ടൻസ് രീതിയിലെ ബിരുദവും സ്വീകരിക്കും. പക്ഷേ, അടിസ്ഥാന യോഗ്യതയില്ലാതെ ഓപ്പൺ യൂണിവേഴ്സിറ്റി വഴി നേരിട്ടു ബിരുദമോ പിജിയോ നേടിയവരെ പരിഗണിക്കില്ല.
ആകെ സീറ്റ് 1110
4 സർക്കാർ ലോ കോളജുകളിൽ 420 സീറ്റുണ്ട്. 11 സ്വകാര്യ കോളജുകളിൽ 690 സീറ്റ്.
അപേക്ഷ: പൊതുവ്യവസ്ഥൾ
∙ ഇന്ത്യയിൽ എവിടെയുള്ളവർക്കും അപേക്ഷിക്കാം. സംവരണവും ഫീസ് സൗജന്യവും കേരളത്തിൽ വേരുള്ളവർക്കു മാത്രം.
∙ ഓഗസ്റ്റ് 2നു വൈകിട്ട് 5 വരെ www.cee.kerala.gov.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാഫീ 850 രൂപ. പട്ടികവിഭാഗക്കാർക്ക് 425 രൂപ.പണമടച്ചവർ സ്വദേശം, ജനനത്തീയതി, ജാതിസംവരണം, വിശേഷസംവരണം എന്നിവയ്ക്കുള്ള രേഖകൾ, ഫീസിളവിനുള്ള വരുമാന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, ഒപ്പ് എന്നിവ ഈ സമയത്തിനകം അപ്‌ലോഡ് ചെയ്യണം.
∙ എൻട്രൻസ് പരീക്ഷ അടിസ്ഥാനമാക്കിയാണു സിലക്‌ഷൻ. കേരളത്തിലെ എല്ലാ ജില്ലകളിലും ഓഗസ്റ്റ് 18നു നടത്തുന്ന 2 മണിക്കൂർ ഓൺലൈൻ പരീക്ഷയിൽ ജനറൽ ഇംഗ്ലിഷ് (36), പൊതുവിജ്ഞാനം (27), മാത്‌സും മാനസികശേഷിയും (15), നിയമപഠനത്തിനുള്ള അഭിരുചി (42), എന്ന ക്രമത്തിൽ ആകെ 120 ഒബ്ജക്ടീവ് ചോദ്യങ്ങൾ. ഓരോ ശരിയുത്തരത്തിനും 3 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. പരീക്ഷയിൽ 10% എങ്കിലും മാർക്ക് നേടിയാലേ റാങ്ക് പട്ടികയി ൽ ഉൾപ്പെടുകയുള്ളൂ. പട്ടികവിഭാഗക്കാർക്ക് 5% മതി.