നിലവാരം കൂട്ടി എൽഡിസി പരീക്ഷ; ഓപ്ഷൻ സൂക്ഷിച്ചില്ലെങ്കിൽ പട്ടികയ്ക്ക് പുറത്ത്
Mail This Article
പിഎസ്‌സിയുടെ എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. ഉയർന്ന നിലവാരം പുലർത്തുന്നതായിരുന്നു പരീക്ഷ. പ്രസ്താവനാരൂപത്തിലുള്ള ചോദ്യങ്ങൾ വായിച്ച് ഉത്തരം കറുപ്പിച്ചു വരുമ്പോഴേക്കും പലർക്കും സമയം കഴിഞ്ഞുപോയിരുന്നു. ഇത്തവണ ഓപ്ഷൻ നൽകുന്നതിൽ പിഎസ്‌സി ചില പരിഷ്കാരങ്ങൾ വരുത്തി. ‘ഒന്നും രണ്ടും ശരി’, ‘രണ്ടും മൂന്നും നാലും ശരി’, ‘ഇവയെല്ലാം ശരി’ എന്നൊക്കെ പറയുന്നതിനു പകരം ‘ഒന്നു മുതൽ നാലു വരെ ശരി’, അല്ലെങ്കിൽ ‘ഒന്നു മുതൽ മൂന്നു വരെ ശരി’ എന്ന രീതിയിലേക്കു മാറ്റിയിട്ടുണ്ട്. ഇതു മനസ്സിലാക്കാതെ ‘ഒന്നു നാലും ശരി’ എന്നാണെഴുതിയിരിക്കുന്നതെന്നു കരുതി ചില ഉദ്യോഗാർഥികൾ ഉത്തരം തെറ്റിച്ചിട്ടുണ്ട്.ഇക്കണോമിക്സ് ചോദ്യങ്ങളെല്ലാം ഹയർ സെക്കൻഡറി നിലവാരത്തിലുള്ളതായിരുന്നു. അതേസമയം മാത്‌സ്, മെന്റൽ എബിലിറ്റി, മലയാളം എന്നിവ താരതമ്യേന എളുപ്പമായിരുന്നു.
ഒന്നരമാസം മുൻപു വരെയുള്ള കറന്റ് അഫയേഴ്സാണ് ചോദിച്ചത്. നന്നായി പഠിച്ച ഉദ്യോഗാർഥികൾക്ക് മലയാളത്തിൽ 8 മാർക്കും ശരാശരിക്കാർക്ക് 6 മാർക്കും കിട്ടാൻ പ്രയാസമില്ല. മലയാളം, ഇംഗ്ലിഷ്, മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി ഭാഗങ്ങളിലെ 30 മാർക്കിൽ 18 മാർക്കെങ്കിലും നേടാൻ ശരാശരിക്കാരായ ഉദ്യോഗാർഥികൾക്കു കഴിയും. കറന്റ് അഫയേഴ്സിൽ 20 ൽ 10 മാർക്ക് നേടാം. ബാക്കിയുള്ള പൊതുവിജ്ഞാന മേഖലയിൽ 50 മാർക്കിൽ കുറച്ചെണ്ണം ഒഴിവാക്കിയാലും 25- 30 മാർക്ക് സ്കോർ ചെയ്യാൻ കഴിയും. പൊതുവിജ്ഞാന ഭാഗത്തുനിന്ന് 25 മാർക്ക്, കറന്റ് അഫയേഴ്സ് ഭാഗത്തുനിന്ന് 10 മാർക്ക്, മലയാളം, ഇംഗ്ലിഷ്, മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി ഭാഗങ്ങളിൽനിന്നായി 18 മാർക്ക് എന്നിങ്ങനെ 53 മാർക്ക് നേടാനാകും. കട്ട് ഓഫ് മാർക്ക് 50–60 തോതിലാകാനാണു സാധ്യത.
ബാക്കി ജില്ലകളിൽ എൽഡി ക്ലാർക്ക് പരീക്ഷയെഴുതാൻ തയാറെടുത്തിരിക്കുന്ന ഉദ്യോഗാർഥികൾക്കുള്ള നിലവാരത്തെക്കുറിച്ചു വ്യക്തമായ സൂചന നൽകുന്നതാണ് തിരുവനന്തപുരത്തെ ചോദ്യപ്പേപ്പർ. നേരത്തേയുണ്ടായിരുന്ന പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഒഴിവാക്കി ആകെ ഒറ്റ പരീക്ഷ മാത്രമാക്കിയതിനാൽ പരീക്ഷ കടുപ്പമാകാൻ തന്നെയാണു സാധ്യത. പ്രസ്താവനാരൂപത്തിലുള്ള ചോദ്യങ്ങൾ ധാരാളമുണ്ടാകും. അടുത്ത ജില്ലകളിൽ പരീക്ഷയ്ക്കു തയാറെടുക്കുന്നവർ ഇക്കണോമിക്സ് ഹയർ സെക്കൻഡറി പാഠപുസ്തകങ്ങൾ പഠിക്കാൻ ശ്രദ്ധിക്കുക.