ADVERTISEMENT

ഉദ്യോഗാർഥികൾ തൊഴിൽരംഗത്തു പ്രകടിപ്പിക്കേണ്ട ചില കഴിവുകളും ശീലങ്ങളുമുണ്ട്. അവയെ ഒന്നാകെ സോഫ്റ്റ് സ്കിൽസ് എന്നു വിളിക്കാം. അതല്ലെങ്കിൽ ഒരു വ്യക്തിയെ മറ്റുള്ളവർക്കു മുൻപിൽ ആകർഷണീയതയോടെ അവതരിപ്പിക്കുവാനായി അയാൾ ആർജിക്കേണ്ട നൈപുണ്യങ്ങളെയാണ് പൊതുവായി സോഫ്റ്റ് സ്കിൽസ് എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ക്യാംപസ് റിക്രൂട്മെന്റുകൾക്കും ഇന്റർവ്യൂകൾക്കുമുള്ള പൊടിക്കൈകളായാണ് ഇവ അവതരിപ്പിക്കപ്പെടാറുള്ളതെങ്കിലും മികച്ച ഒരു ജീവിതം നയിക്കാൻ ഒരു വ്യക്തിയെ സജ്ജനാക്കുന്ന ശീലങ്ങളെ ഒട്ടാകെ സോഫ്റ്റ് സ്കിൽസ് എന്നു വിളിക്കാം. അതുകൊണ്ടു തന്നെ ഇന്റർവ്യൂകൾക്കു മുൻപ് പെട്ടെന്നു നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള ഒന്നല്ല സോഫ്റ്റ് സ്കിൽസ് അവനവനെത്തന്നെയും മറ്റുള്ളവരെയും കാര്യക്ഷമമായി നിയന്ത്രിക്കാനും വിലയിരുത്താനുമുള്ള കഴിവാണിതെന്നു പറഞ്ഞുവരാറുണ്ട്. ദൈനംദിനം ചുറ്റുപാടും നാം  കണ്ടുമുട്ടുന്ന വ്യക്തികളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനു നമ്മുടെ സോഫ്റ്റ് സ്കില്ലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വ്യക്തിബന്ധങ്ങളെപോലും ഭരിക്കുന്ന ഇത്തരം കഴിവുകൾ വളർത്തുന്നതിലൂടെ ഒരു നല്ല പ്രഫഷനൽ എന്നതിലുപരി എല്ലാവരിലും ഇഷ്ടപ്പെടുന്ന ഒരു നല്ല വ്യക്തി എന്ന നിലയിലേക്കു കൂടി നമുക്കുയരാൻ സാധിക്കും. ക്യാംപസ് പ്ലേസ്മെന്റിനായി ശ്രമിക്കുന്ന ഒരു ഉദ്യോഗാർഥി ഏറ്റവുമധികം ശ്രമിക്കേണ്ടതും ക്യാംപസ് സിലക്ഷൻ പ്രോസസിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന ടീം സ്കിൽസ് അടുത്തറിയാം.

473707312

ഇന്റർ പേഴ്സണൽ സ്കിൽ (ടീം സ്കിൽസ്)
നമുക്കു ചുറ്റുപാടുമുള്ള വ്യക്തികളെയും അവരുടെ പെരുമാറ്റ രീതികളെയും സ്വഭാവസവിശേഷതകളെയും സംസാര രീതിയെയും മറ്റും ഒന്നു ശ്രദ്ധിച്ചു നോക്കൂ. പ്രധാനമായും രണ്ടു തരത്തിലുള്ള വ്യക്തികളെ കണ്ടെത്താൻ നമുക്കു സാധിക്കും. ഒരു വിഭാഗക്കാർ എല്ലാവരുമായി നല്ല വ്യക്തിബന്ധം പുലർത്തുന്നവരായിരിക്കും. അനാവശ്യമായി ആരുമായും അവർ വിരോധത്തിലേർപ്പെടാറില്ല. ഇഷ്ടക്കേടുകൾ തോന്നുന്ന അവസരങ്ങളിലും അവർ വിദഗ്ധമായി അതിനെ നയപരമായി കൈകാര്യം ചെയ്യും. ഇത്തരം വ്യക്തികൾ എല്ലാവർക്കും സ്വീകാര്യനായി മാറുന്നു. പൊതുവേ രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർ ഇത്തരം കഴിവുകൾ വളർത്തിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

491779854

ഇത്തരക്കാരെ മികച്ച ടീം സ്കിൽസിന് ഉടമകൾ എന്നു വിശേഷിപ്പിക്കാം. ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നതിനുള്ള കഴിവാണ് ടീം സ്കിൽസിൽ പരിഗണിക്കപ്പെടുക. Team എന്നാൽ Together Everyone Achieves More എന്നു പറയാറുണ്ട്. ടീം ആയി പ്രവർത്തിക്കുമ്പോൾ ഒരാളുടെ മാത്രം മിടുക്കുകൊണ്ടു മെച്ചമില്ല. ടീമിലെ ഏറ്റവും ദുർബലനും നിർണായക ഘടകമായേക്കാം. ഒരു ചങ്ങലയുടെ ബലമെന്നാൽ അതിലെ ഏറ്റവും ദുർബലമായ കണ്ണിയുടെ ബലം മാത്രമാണ്. ഭൗതികശാസ്ത്രത്തിലുള്ള ഒരു ആശയമാണ് Synergy എന്നത്. അടിസ്ഥാനഗണിതത്തിൽ 1+1=2 എന്നാണെങ്കിൽ Synergy എന്ന ആശയമനുസരിച്ച് ഒന്നിനോടൊപ്പം  ഒന്നുകൂടി ചേരുമ്പോൾ ഉത്തരം രണ്ടിനേക്കാൾ വലിയ ഒരു സംഖ്യയാണ്. ഒരു ടീമിലും ഇതുതന്നെ സംഭവിക്കുന്നു. ഒത്തൊരുമയോടെ പ്രവർത്തിക്കുമ്പോൾ‌ ഫലം പതിന്മടങ്ങു വർധിക്കുന്നു. ഞാൻ (1) എന്നതോ ഞങ്ങൾ (We) എന്നതോ അല്ല ടീം. നാം (Us) എന്നതാണ് ടീമിന്റെ ശൈലി.

മറ്റൊരു വിഭാഗം ഇതിനു വിപരീതമായ സ്വഭാവ സവിശേഷതയുള്ളവരാണ്. കാര്യവിവേകത്തോടെ ചിന്തിക്കാത്തതിനാൽ ഊഷ്മളമായ വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ ഇവർക്കു കഴിയാറില്ല. റിക്രൂട്മെന്റിന്റെ വിവിധ ഘട്ടത്തിൽ വ്യക്തിബന്ധങ്ങളെ എങ്ങനെ നിങ്ങൾ കാത്തുസൂക്ഷിക്കുന്നു എന്നു വിശകലനം ചെയ്യപ്പെടാറുണ്ട് എന്നോർക്കുക. ഉദാഹരണത്തിന് ഐടി മേഖലയിൽ പ്രവർത്തിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒരു ടീം എന്ന നിലയ്ക്ക് പ്രോജക്ടുകളിൽ പങ്കെടുക്കേണ്ടതുണ്ട്. പരസ്പര സഹകരണവും നല്ല ആശയവിനിമയശേഷിയും ഇവർക്ക് പ്രധാനമായി ആവശ്യമുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ഉള്ളവരുമായി ഇടപെടേണ്ടി വരുമ്പോൾ ടീം സ്കിൽസിന് ഏറെ പ്രാധാന്യമുണ്ട്.

English Summary:

Mastering Soft Skills: Key to Success in Campus Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com