ADVERTISEMENT

ക്യാംപസ് റിക്രൂട്മെന്റ് എന്നു കേൾക്കുമ്പോൾത്തന്നെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഭയക്കുന്നത് തങ്ങളുടെ ഇംഗ്ലിഷ് പരിജ്ഞാനത്തെയോർത്താണ്. ഇന്റര്‍വ്യൂകളും റിക്രൂട്മെന്റുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാവിധ ആശയവിനിമയങ്ങളും ഇംഗ്ലിഷിലാണ് എന്നതുതന്നെയാണ് കാരണം. ഒട്ടുമിക്ക മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഉദ്യോഗാർഥിയുടെ ഇംഗ്ലിഷ് പരിജ്ഞാനത്തിനു നല്ല പ്രാധാന്യം നൽകാറുണ്ട്. വിദേശികളായ ക്ലയന്റ്സുമായി ഇടപെടുന്നതിനും ഒരേ ടീമിൽ പ്രവര്‍ത്തിക്കുന്ന വിവിധ സംസ്ഥാനങ്ങളിലുള്ള സഹപ്രവർത്തകരുമായി ആശയവിനിമയം ചെയ്യുന്നതിനും ഇംഗ്ലിഷ് പരിജ്ഞാനം  ഒരാവശ്യ ഘടകമാണ്. ലോകത്തെല്ലായിടത്തും ഇംഗ്ലിഷ് ഭാഷ സ്വീകരിക്കപ്പെടുകയില്ല എന്നു നമുക്കറിയാം. അതിനാൽത്തന്നെ ഇംഗ്ലിഷിനെ ലോകഭാഷ (global language) എന്നു വിശേഷിപ്പിക്കാൻ സാധിക്കില്ല. എന്നാൽ ലോകത്താകമാനമുള്ള പ്രഫഷനലുകൾ ഇംഗ്ലിഷിനെ ആശ്രയിക്കുന്നു. അതിനാൽ ഇംഗ്ലിഷ് ഒരു ഗ്ലോബൽ ബിസിനസ് ലാംഗ്വേജ് ആണെന്നു പറയാം.

നമ്മുടെ നാട്ടിലുള്ള എല്ലാത്തരം സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളു ചെറു ക്ലാസുകൾ മുതൽതന്നെ ഇംഗ്ലിഷ് ഭാഷ പഠിച്ചുവരുന്നവരാണ്. എങ്കിലും ഭൂരിപക്ഷം വിദ്യാർഥികളും ഇംഗ്ലിഷ് സംസാരിക്കുവാന്‍ ഭയപ്പെടുന്നു. പാഠപുസ്തകങ്ങൾ വായിക്കുമ്പോഴും പരീക്ഷ എഴുതുമ്പോഴും ഇംഗ്ലിഷിലാണ് ഉപയോഗിക്കുന്നതെങ്കിലും സംസാരിക്കുവാൻ പറഞ്ഞാൽ പലർക്കും മുട്ടിടിക്കും, ഏറ്റവും വിചിത്രമായ കാര്യമെന്തെന്നാൽ മലയാളം മാത്രമേ അറിയൂ എന്നു. പരിതപിക്കുന്ന ഭൂരിപക്ഷം മലയാളികളും സംഭാഷണത്തിൽ ഉപയോഗിക്കുന്ന വാക്കുകളത്രയും ഇംഗ്ലിഷ് ആണ്. ‘ഈ ഫാനിന്റെ സ്വിച്ച് ഒന്ന് ഓഫ് ചെയ്യാമോ? ‘എന്ന വാക്യത്തിൽ എത്രയധികം ഇംഗ്ലിഷ് പദങ്ങളാണുള്ളത്. ഇതേ വാക്യം പൂർണമായി മലയാളത്തിലേക്കു തർജമ ചെയ്യാൻ പറഞ്ഞാൽ എത്ര പേർക്കതു സാധിക്കും! സംസാരാവശ്യങ്ങൾക്കായി ഇംഗ്ലിഷ് ഭാഷ ഉപയോഗിക്കുന്നില്ല എന്നതുതന്നെയാണ് ഇതിനുള്ള പ്രാധാന കാരണം. ആവശ്യത്തിനുള്ള പദസമ്പത്ത് ഇല്ലാത്തതിനാലോ. നല്ല വാക്യങ്ങള്‍ ഇംഗ്ലിഷിൽ നിർമിച്ചെടുക്കാൻ അറിയാത്തതിനാലോ അല്ല ഈ പേടി എന്നത് ഇതിനാൽത്തന്നെ വ്യക്തമാണ്.

happy-indian-executive-people-images-istock-photo-com
Representative Image. Photo Credit : People Images / iStockPhoto.com

നാലു വയസ്സുള്ള ഒരു അമേരിക്കന്‍ ബാലന് നൂറോളം ഇംഗ്ലിഷ് വാക്കുകൾ അറിയാമെന്നാണു പൊതുവായ ഒരു കണക്ക്. ബിരുദധാരിയായ നമ്മുടെ ഒരു യുവാവിന് ഏതാണ്ട് പതിനായിരത്തോളം വാക്കുകളും അറിയാമായിരിക്കും. ഇവരിൽ ആരാണ് നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നത്. നൂറു വാക്കുകൾ മാത്രമറിയാവുന്ന നാലു വയസ്സുകാരൻ അമേരിക്കൻ ബാലൻ പതിനായിരം വാക്കുകളറിയാവുന്ന ഇന്ത്യൻ യുവാവിനെക്കാൾ നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നു. അമേരിക്കൻ ബാലനാകട്ടെ ഇന്ത്യൻ യുവാവിനെപ്പോലെ ഇംഗ്ലീഷ് ഗ്രാമർ പഠിച്ചിട്ടില്ലതാനും. പിന്നെങ്ങിനെ ഇതു സംഭവിക്കുന്നു. ഉപയോഗത്തിലൂടെ മാത്രമേ ഏതൊരു ഭാഷയും സ്വായത്തമാക്കാൻ സാധിക്കൂ. എന്നാണു നാം മനസ്സിലാക്കേണ്ടത്. മലയാളമോ തമിഴോ ഹിന്ദിയോപോലെ ഒരു ഭാഷ മാത്രമാണ് ഇംഗ്ലിഷ് എന്നു മനസ്സിലാക്കുക. വ്യക്തമായ ഒരു പദ്ധതിയുണ്ടെങ്കില്‍ അനായാസം ഇംഗ്ലിഷിൽ പ്രാവീണ്യം നേടാൻ സാധിക്കും.

ഇംഗ്ലിഷ് പരിപോക്ഷിക്കുവാൻ ശ്രമിക്കുന്ന വിദ്യാർഥികളോട് ട്രെയിനിങ് സെക്ഷനുകളിൽ Three Tier Methodology for new language leaners എന്ന ആശയം അവതരിപ്പിക്കാറുണ്ട്. ഏതൊരു ഭാഷയും നന്നായി സംസാരിക്കുന്നതിനുള്ള കഴിവു വളർത്തിയെടുക്കാന്‍ ഈ ആശയം ഉപയോഗിക്കാം. ഭാഷയുടെ പ്രധാനമായ മൂന്നംഗങ്ങളാണ് വായന, സംസാരം, കേൾവി എന്നിവ. പലപ്പോഴും ഇംഗ്ലിഷ് നൈപുണ്യം വികസിപ്പിക്കാനായി ഇംഗ്ലിഷിൽ സംസാരിച്ചു  തുടങ്ങൂ എന്ന് അധ്യാപകര്‍ ഉപദേശിക്കാറുണ്ട്. എന്നാൽ സ്വയം നല്ല ഇംഗ്ലിഷ് അറിയില്ലാത്ത രണ്ടു പേർ തമ്മിൽ ഇംഗ്ലിഷിൽ സംസാരിക്കാൻ തുടങ്ങിയാൽ എന്തു സംഭവിക്കും? ലോകത്തെങ്ങും നിലവിലില്ലാത്ത ഒരു ഭാഷാശാഖതന്നെ അവർ തുടങ്ങിവച്ചു എന്നുവരാം. മലയാളത്തിൽ ആശയങ്ങൾ രൂപപ്പെടുത്തി അത് ഇംഗ്ലിഷിലേക്കു തർജമ ചെയ്യാൻ ശ്രമിക്കാതെ ഇംഗ്ലിഷിൽ ചിന്തിക്കാനും ആശയങ്ങളെ വാക്കുകളാക്കി മാറ്റാനും ശ്രമിക്കുക.

സംസാരത്തോടൊപ്പം മറ്റു രണ്ടു കാര്യങ്ങളായ വായനയ്ക്കും കേൾവിക്കും പ്രസക്തിയുണ്ട്. ഇവയിലൂടെ ഭാഷ മികച്ചതാക്കുകയും പദസമ്പത്ത് വർധിക്കുകയും പ്രയോഗശൈലികൾ നേറ്റീവ് സ്പീക്കേഴ്സിന്റേതുമായി താരതമ്യം പ്രാപിക്കുകയും ചെയ്യുന്നു. ലിസണിങ് അഥവാ ഭാഷ ഉപയോഗിക്കുന്ന രീതി കേൾക്കുക എന്നതു വളരെ പ്രധാനമാണ്. സംസാരത്തിലെ ഉയർചതാഴ്ചകൾ, ശൈലികൾ, സ്ഥിരമായി ഉപയോഗിക്കുന്ന Phrases എന്നിവ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും. വാക്കുകളുടെ ഉച്ചാരണ രീതിയും (Pronunciation) ഇതിലൂടെ മെച്ചപ്പെടും. ചില ഇന്റർവ്യൂകൾ കഴിയുമ്പോൾ ഉദ്യോഗാർഥിയുടെ റെസ്യൂമെയിൽ MTI എന്ന് എഴുതിയിരിക്കുന്നതു കാണാം. Mother Tongue Influence എന്നതിന്റെ ചുരുക്കെഴുത്താണിത്. സംസാരത്തിൽ മാതൃഭാഷാ സ്വാധീനമുണ്ട് എന്നർഥം. മാതൃഭാഷയുടെ സ്വാധീനം മൂലം ഒട്ടേറെ പദങ്ങൾ തെറ്റായി ഉച്ചരിച്ചു കാണാറുണ്ട്. ‘ഷോപ്പിങ് മോൾ’ എന്നതിനു പകരം ‘ഷോപ്പിങ് മാൾ’ എന്ന പ്രയോഗം ഒരു ഉദാഹരണമാണ്. തമിഴർ സീറോ (Zero) എന്നതിനു പകരം ജീറോ എന്നുപയോഗിക്കുന്നതു നാം ശ്രദ്ധിച്ചിട്ടുണ്ടാകും. കാരണം തമിഴിൽ ‘സി’ എന്ന ശബ്ദമില്ല. മറിച്ച് ‘ജി’ എന്ന ശബ്ദമേയുള്ളൂ. MTI കുറയ്ക്കുന്നതിനുള്ള എളുപ്പവഴി നല്ല ഇംഗ്ലിഷ് തുടർച്ചയായി കേൾക്കുക എന്നതു തന്നെയാണ്. ഏറ്റവും മികച്ച ഇംഗ്ലിഷ് ആക്സന്റ് ബ്രിട്ടീഷ് ഇംഗ്ലിഷ് ആണെങ്കിലും എല്ലാവർക്കും മനസ്സിലാകുന്നവിധം ന്യൂട്രൽ ആക്സന്റിൽ സംസാരിക്കുവാൻ ശ്രദ്ധിക്കുക.

Representative Image : PeopleImages / iStockPhoto.com
Representative Image : PeopleImages / iStockPhoto.com

മികച്ച ഹോളിവുഡ് സിനിമകൾ കാണുന്നത് ഇംഗ്ലിഷ് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാം. ആദ്യവട്ടം കാണുമ്പോൾ സബ്ടൈറ്റിലുകളോടു കൂടിയും പിന്നീട് സബ് ടൈറ്റിലില്ലാതെയും സിനിമകൾ കാണുവാൻ ശ്രമിക്കാം. കഥാപാത്രങ്ങൾ ഓരോ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന വാക്കുകളും സംഭാഷണരീതിയുമെല്ലാം. സൂക്ഷ്മതയോടെ ശ്രദ്ധിച്ചു വേണം ഇത്തരത്തില്‍ സിനിമകൾ കാണേണ്ടത്. ഇത് ഒരു ശീലമാക്കി മാറ്റിയാൽ സംസാരിക്കുന്നതിനാവശ്യമായ ഫ്രേസുകളും മികച്ച സംസാര രീതിയും സ്വന്തമാക്കാനാകും. ആഗോളതലത്തിൽ സ്വീകാര്യമായ ഉച്ചാരണശൈലി സ്വായത്തമാക്കുക പ്രധാനപ്പെട്ടതാണ് എന്നോർക്കുക. ഇതിനോടൊപ്പം നല്ല വായനാരീതിയും ഭാഷയെ മികവുറ്റതാക്കും. നല്ല നോവലുകളിൽ നിന്നു തുടങ്ങി വായന ശീലമാക്കാൻ സാധിച്ചാൽ അദ്ഭുതകരമായ ഫലങ്ങൾ ലഭിക്കുമെന്നതിനു സംശയമില്ല. ലളിതമായ ഇംഗ്ലിഷ് പുസ്തകങ്ങൾ വായനയ്ക്കായി ആദ്യം തിരഞ്ഞെടുക്കുക.ഭാഷയെ പോഷിപ്പിക്കുന്നതിനോടൊപ്പം ജീവിതത്തിൽ പ്രചോദനവും ആത്മവിശ്വാസവും  പകരുന്ന ഡോ. എ. പി. ജെ അബ്ദുൾ കലാമിന്റെ ‘Wings of Fire’ പോലുളഅള പുസ്തകങ്ങളിൽ വായനാശീലം ആരംഭിക്കാം. ചേതൻ ഭഗത്, റോബിൻ ശർമ എന്നിവരുടെ പുസ്തകങ്ങളും തിരഞ്ഞെടുക്കാം. 

ചൈനയുടെ ഒരുൾഗ്രാമത്തിൽ ബാല്യം ചെലവഴിച്ച ഒരു ബാലന്‍ ചെറുപ്പകാലത്ത് ദിവസവും കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടി പട്ടണത്തിലെത്തിയിരുന്നു. പട്ടണത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഗൈഡായി ഈ ബാലൻ പ്രവർത്തിച്ചു. ഗൈഡ് സേവനത്തിന് എത്ര പണം വേണമെന്നു ടൂറിസ്റ്റുകൾ ചോദിക്കുമ്പോൾ തന്റെ സേവനം സൗജന്യമാണെന്നു പറയുന്ന ഈ ബാലനെ ആൾക്കാർ അദ്ഭുതത്തോടെ നോക്കിയിരുന്നു. വർഷങ്ങൾക്കു ശേഷം ലോകത്തെതന്നെ ഏറ്റവും സമ്പന്നനായ ഒരു വ്യവസായിയായി ഈ ബാലൻ മാറുകയുണ്ടായി ലോകത്തെ ഏറ്റവും വലിയ ഓൺലാൻ ഷോപ്പിങ് ശൃംഖലയായ Alibaba യുടെ തലപ്പത്തുള്ള ജാക്ക് മാ ആയിരുന്നു ആ ബാലൻ എന്തിനാണ് സൗജന്യ സേവനം നൽകുന്ന ഗൈഡായി പ്രവർത്തിച്ചതെന്ന് അദ്ദേഹത്തോടു പിന്നീടു ചോദിച്ചപ്പോൾ ജാക്ക് മായുടെ മറുപടി ഇതായിരുന്നു. ചൈനയിൽ തന്നെപ്പോലൊരു ബാലന് ഇംഗ്ലിഷ് പഠനം ലഭ്യമാകുക എന്നത് അസാധ്യമാണ്. ടൂറിസ്റ്റുകളുമായി ഇടപെടുന്നതിലൂടെ ഇംഗ്ലിഷ് പ്രാവീണ്യം നേടാൻ തനിക്കു കഴിഞ്ഞു. ഇതിനു പുറമേ ചൈനയ്ക്കു പുറത്തുള്ള വിശാലമായ ലോകത്തെക്കുറിച്ചും മറ്റു സംസ്കാരങ്ങളെക്കുറിച്ചും അറിയാനും സാധിച്ചു.

Representative Image. Photo Credit : Ankit Sah / iStockPhoto.com
Representative Image. Photo Credit : Ankit Sah / iStockPhoto.com

ഇന്റർവ്യൂകളിൽ മാത്രമല്ല. ചിലപ്പോൾ അഭിരുചിപ്പരീക്ഷകളിലും ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സനൽ ഇൻട്രൊഡക്ഷൻ എന്നീ റിക്രൂട്മെന്റ് കടമ്പകളിലും ഇംഗ്ലിഷ് പരിജ്ഞാനം പരിശോധിക്കപ്പെട്ടേക്കാം. നാമൊന്നാലോചിച്ചു നോക്കുക. സ്വയം വളരുന്നതിനായി ലോകം നമുക്കായി ഒരുക്കി വച്ചിരിക്കുന്ന നല്ല ഒരു നാളെയെ സ്വീകരിക്കുന്നതിനായി ജാക്ക് മാ ചെയ്തതിനോളം പോന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുവാൻ നാം തയാറാണോ? ഇംഗ്ലിഷ് പ്രാവീണ്യം നേടുവാൻ ഇനിയുമുണ്ട് മാർഗങ്ങൾ നങ്ങൾ ക്ലാസെടുക്കാറുള്ള ഒരു കോളജിലെ വിദ്യാർഥി പങ്കുവച്ച ഒരനുഭവത്തിൽ ഒരിക്കൽ ഏതോ ഒരാവശ്യത്തിനായി ഒരു മൊബൈൽ കസ്റ്റമര്‍ സ്പോർട്ടിൽ അയാൾക്കു വിളിക്കേണ്ടി വന്നു, ഭാഗ്യദോഷത്തിന് കോൾ ചെന്നെത്തിയത് ഇംഗ്ലിഷ് കസ്റ്റമർ കെയറിലായിരുന്നു. മലയാളത്തിൽ നമ്മുടെ സുഹൃത്ത് പറഞ്ഞുനോക്കിയെങ്കിലും മറുതലയ്ക്കലിരിക്കുന്ന വിദ്വാന് ഇംഗ്ലിഷും ഹിന്ദിയും മാത്രമേ അറിയൂ. സ്വതവേ ഇംഗ്ലിഷിൽ പരുങ്ങലായ നമ്മുടെ സുഹൃത്ത് എങ്ങനെയൊക്കെയോ കാര്യങ്ങൾ പറഞ്ഞൊപ്പിച്ചു. അന്നത്തെ ആ സംഭാഷണത്തിൽ നിന്ന് അയാൾക്ക് ഒരാശയം ലഭിച്ചു. ഇംഗ്ലിഷ് കോൾസെന്ററിലേക്കു വിളിച്ചാൽ ഇംഗ്ലിഷ് മികവുറ്റതാക്കാം. പണച്ചെലവുമില്ല. കാരണം ഒട്ടുമിക്ക കസ്റ്റമർ കെയർ നമ്പറുകളും ട്രോൾഫ്രീ ആണ്. പിന്നീടുള്ള ദിവസങ്ങളിൽ ഇയാളുടെ ലാപ്ടോപ് കമ്പനിയിലെ കസ്റ്റമർ കെയറിലേക്കും ടിവിയുടെയും ഫ്രിഡ്ജിന്റിയും വാട്ടർ പ്യൂരിഫയറിന്റെയും എന്തിന് പോപ്പിൻസ് മിഠായിയുടെ റാപ്പറിൽ കാണുന്ന പാർലെയുടെ വരെ കസ്റ്റമർ കെയറിലേക്കു പോലും നമ്മുടെ സുഹൃത്തിന്റെ കോളുകൾ പറന്നെത്തി. ചുറ്റുപാടും വീക്ഷിക്കുകയാണെങ്കിൽ അവസരങ്ങൾ അനവധിയാണ്.

ഉത്തരേന്ത്യയിൽ നിന്നു പലതരത്തിലുള്ള ജോലികൾ ചെയ്യുന്നതിനായി കേരളത്തിൽ താമസമാക്കിയിട്ടുള്ള തൊഴിലാളികളിൽ ഭൂരിപക്ഷവും നന്നായി മലയാളം സംസാരിക്കുന്നത്. അതിസമർഥരായതുകൊണ്ടല്ല. മറിച്ച് ആവശ്യകതയാണ് പുതിയ കഴിവുകള്‍ അവരിൽ വികസിക്കുന്നതിനാധാരം. ഇംഗ്ലിഷ് ഭാഷയിലുള്ള പരിജ്ഞാനം ഏതൊരു തൊഴിൽമേഖലയിലേക്കു പ്രവേശിക്കുന്ന ഉദ്യോഗാർഥിക്കും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ആഗോള തൊഴിൽമേഖലയെന്നത് ഇംഗ്ലിഷ് പരിജ്ഞാനമുള്ള ഉദ്യോഗാർഥിക്ക് അവസരങ്ങളുടെ ഒരു അക്ഷയഖനിയാണ്. ചൈനയിലും മറ്റും വൻതോതിൽ ഇംഗ്ലിഷ് പഠനം സ്കൂളുകളിലും കോളജുകളിലും ആരംഭിച്ചിരിക്കുന്നതിനാല്‍ ആഗോള തൊഴിൽമേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനായി നാം കൂടുതൽ സജ്ജരാകേണ്ടതുണ്ട്. ഇംഗ്ലിഷിനെ ഭയപ്പാടോടെ നോക്കിക്കാണാതെ വെറുമൊരു ഭാഷയായി മാത്രം കാണുക. ഇംഗ്ലിഷിൽ ഒരു ശാസ്ത്രജ്ഞനായി (Scientist) മാറാതെ ഇംഗ്ലീഷിൽ നല്ല ഒരു കലാകാരനാകുവാന്‍ (Artist) ശ്രമിക്കുക. യുദ്ധം ചെയ്തു കീഴ്പ്പെടുത്തേണ്ട ഒരു ശത്രുവല്ല ഇംഗ്ലീഷ്, എന്നാൽ സ്നേഹംകൊണ്ടു സ്വന്തമാക്കേണ്ട ഒരു കാമുകിയാണെന്നു മനസ്സിലാക്കുക. Stop saying ‘I Wish’, start saying ‘I will!’

English Summary:

How to Improve English Skills for Job Interviews and Global Careers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com