പണി തരും ‘വൈറ്റ് ഫോണ്ടിങ്’; സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന കരിയര്‍ ഉപദേശങ്ങളുടെ വാസ്തവമറിയാം
Mail This Article
മുന്‍പ് ടിക് ടോക്ക് ഉണ്ടായിരുന്നപ്പോള്‍ അതില്‍ നിന്നും ഇപ്പോള്‍ ഇന്‍സ്‌റ്റാഗ്രാം, യുട്യൂബ്, റെഡ്ഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നിന്നുമൊക്കെ കരിയര്‍ ഉപദേശം സ്വീകരിക്കുന്ന യുവാക്കളുണ്ട്. കരിയറിനായി തിരഞ്ഞെടുക്കപ്പെടാനുള്ള കുറുക്ക് വഴി, അഭിമുഖത്തില്‍ തൊഴില്‍ദാതാവിനോട് തിരികെ ചോദിക്കാനുള്ള ചോദ്യം എന്നിങ്ങനെ പലതരം ഉപദേശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചെന്നിരിക്കാം. എന്നാല്‍ ഇത്തരം പല ഉപദേശങ്ങളും അത്ര ശാസ്‌ത്രീയമല്ലെന്ന് മാത്രമല്ല, പാളി പോയാല്‍ നല്ല പണി കിട്ടുകയും ചെയ്യും. സമൂഹ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന മൂന്ന് കരിയര്‍ ഉപദേശങ്ങളും അവയുടെ പിന്നിലെ സത്യാവസ്ഥയും പരിശോധിക്കാം.
1. റെസ്യൂമെയില്‍ അദൃശ്യമായ കീവേര്‍ഡുകള്‍
ആപ്ലിക്കന്റ് ട്രാക്കിങ് സംവിധാനങ്ങളാണ് ഇപ്പോള്‍ ചില കീവേഡുകളുടെ അടിസ്ഥാനത്തില്‍ റെസ്യൂമേകള്‍ പരിശോധിച്ച് അനുയോജ്യമായവ തിരഞ്ഞെടുക്കാറുള്ളത്. ജോലിയെ കുറിച്ച് കമ്പനി നല്‍കുന്ന പരസ്യത്തില്‍ കാണുന്ന ഉത്തരവാദിത്തങ്ങളെയും ആവശ്യങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ കോപ്പി ചെയ്‌ത് റെസ്യൂമെയില്‍ പേസ്റ്റ് ചെയ്‌ത് അവയെ വെളുത്ത നിറത്തിലുള്ള ഫോണ്ടുകളായി ഒളിപ്പിക്കുന്ന ഏര്‍പ്പാടുണ്ട്. വൈറ്റ് ഫോണ്ടിങ് എന്നാണ് ഇതിന് പേര്. മനുഷ്യരുടെ കണ്ണില്‍പ്പെടാത്ത ഈ വിവരങ്ങള്‍ എടിഎസ് കാണുകയും നിങ്ങളുടെ റെസ്യൂമെ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത അധികരിക്കുകയും ചെയ്യുമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യൂകളുള്ള ചില പോസ്‌റ്റുകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ നൈതികമല്ലാത്ത ഈ കാര്യം തെറ്റിദ്ധാരണയുണ്ടാക്കുന്നതും വഴിതെറ്റിക്കുന്നതുമാണ്. നിങ്ങളുടെ യോഗ്യതകളെയും അനുഭവപരിചയത്തെയും തെറ്റായി പ്രതിഫലിപ്പിക്കുന്ന ഈ വൈറ്റ് ഫോണ്ടിങ് നിങ്ങളുടെ വിശ്വാസ്യതയെയും സല്‍പ്പേരിനെയും ബാധിക്കും. ചില താത്‌ക്കാലിക നേട്ടങ്ങള്‍ നല്‍കിയേക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് നിങ്ങളുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുന്നതാണ് വൈറ്റ് ഫോണ്ടിങ്.
2. താത്‌പര്യമല്ല പണം വാരുന്ന മേഖലകളില്‍ നോട്ടമിടണം
കരിയര്‍ കെട്ടിപ്പടുക്കുമ്പോള്‍ നിങ്ങളുടെ താത്‌പര്യവും അഭിരുചിയുമല്ല പ്രധാനം എന്ന് പറയുന്ന പോസ്‌റ്റുകളും നിരവധി സാമൂഹിക മാധ്യമങ്ങളില്‍ കാണാം. വളര്‍ന്നു കൊണ്ടിരിക്കുന്നതും പണം വാരുന്നതുമായ മേഖലകളിലാണ് കരിയര്‍ നോക്കേണ്ടത് എന്നാകും ഉപദേശം. സ്‌കൂള്‍ കാലഘട്ടം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ലെങ്കില്‍ ഈ പറയുന്ന ഉപദേശം ചിലപ്പോള്‍ സഹായിക്കും. നിങ്ങളുടെ ജീവിതത്തിന്റെ ഏതാണ്ട് പാതിയിലധികം സമയം നിങ്ങള്‍ ചെലവഴിക്കാന്‍ പോകുന്നത് നിങ്ങളുടെ കരിയര്‍ ഇടത്തിലാണെന്നത് ഓര്‍മ്മ വേണം. ദിവസത്തില്‍ എട്ട് പത്ത് മണിക്കൂറും തൊഴിലിടത്തില്‍ തന്നെയായിരിക്കും ചെലവഴിക്കേണ്ടി വരുക . തീരെ താത്‌പര്യമില്ലാത്ത ഒരു മേഖല പണം മാത്രം നോക്കി തിരഞ്ഞെടുത്താല്‍ ഇത്രയും സമയം ആ ജോലി ചെയ്‌തു കൊണ്ട് ഭാവിയില്‍ എങ്ങനെയിരിക്കും എന്നതും ചിന്തിക്കേണ്ടതാണ്.
3. അഭിമുഖത്തിന്റെ ഒടുവില്‍ ചോദിക്കേണ്ട ചോദ്യം
അഭിമുഖത്തിന്റെ അവസാനം അഭിമുഖ കര്‍ത്താവിനോട് തിരികെ ഈ ചോദ്യം ചോദിച്ചാല്‍ സത്യസന്ധമായ അഭിപ്രായം നിങ്ങളെ കുറിച്ച് ലഭിക്കും എന്ന മട്ടിലുള്ള പോസ്‌റ്റുകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ‘ഈ ജോലിക്ക് എന്നെ തിരഞ്ഞെടുക്കുന്നതില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വൈമനസ്യമുണ്ടോ’ എന്നതാണ് ചോദ്യം. എന്നാല്‍ ഇങ്ങനെ ചോദിക്കുമ്പോള്‍ നിങ്ങള്‍ അഭിമുഖം ചെയ്യുന്നയാളെ ഒരു പ്രതിസന്ധി ഘട്ടത്തിലാക്കാന്‍ സാധ്യതയുണ്ട്. അഭിമുഖം കഴിഞ്ഞെന്ന് വച്ച് നിങ്ങളെ കുറിച്ച് അവര്‍ ഇനിയും ഒരു തീരുമാനത്തില്‍ എത്തിയിട്ടുണ്ടാകില്ല. ഉണ്ടെങ്കിലും അത് നിങ്ങളോട് അപ്പോള്‍ പങ്കുവയ്‌ക്കാനുമാകില്ല. ഇതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ തിരികെ ചോദിക്കുന്നത് അത്ര ആശാസ്യകരമല്ല. ഇന്‍സ്‌റ്റയിലും യൂടൂബിലുമൊക്കെയുള്ള അക്കൗണ്ടുകളുടെ ഫോളോവേഴ്‌സിന്റെ എണ്ണം കണ്ടിട്ട് അവര്‍ പറയുന്നതെല്ലാം സത്യമാണെന്ന് കരുതി തൊണ്ട തൊടാതെ വിഴുങ്ങരുത്. ഇത്തരം പോസ്‌റ്റുകള്‍ കാണുമ്പോള്‍ ഇത് ഇടുന്നവര്‍ യോഗ്യതയുള്ള ആളാണോ എന്ന് ആദ്യം പരിശോധിക്കണം. അവര്‍ കരിയര്‍ കോച്ചോ, എച്ച്‌ആറോ, റിക്രൂട്ടറോ, ഹയറിങ് മാനേജറോ ഒക്കെയായി ജോലി ചെയ്‌തിട്ടുണ്ടോ എന്ന് നോക്കണം. ഉണ്ടെങ്കില്‍ എത്ര കാലമായി ചെയ്യുന്നു എന്നും ശ്രദ്ധിക്കണം. തരുന്ന ഉപദേശങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞ് നോക്കി അവയുടെ കൃത്യതയും പരിശോധിക്കണം. വിമര്‍ശനാത്മകമായി ചിന്തിച്ച് സ്വന്തം ബുദ്ധി ഉപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്.