ജോലിസ്ഥലത്ത് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുന്നില്ലേ? ഇതാകാം കാരണങ്ങള്‍
Mail This Article
ഒരു ജോലി തൃപ്‌തികരമാകുന്നത് മെച്ചപ്പെട്ട ശമ്പളം, അര്‍ഹമായ അംഗീകാരങ്ങള്‍, ബോണസ് പോലുള്ള സാമ്പത്തിക നേട്ടങ്ങള്‍, കൃത്യസമയത്തെ സ്ഥാനക്കയറ്റം എന്നിങ്ങനെ പല കാര്യങ്ങള്‍ ഒത്തു വരുമ്പോഴാണ്. എന്നാല്‍ ഇക്കാര്യങ്ങളിലെ അപര്യാപ്‌തത മൂലം നന്നായി ജോലി ചെയ്യുന്ന പലര്‍ക്കും തങ്ങള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കമ്പനിയില്‍ ലഭിക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടായേക്കാം. ഇത് നിരാശ, ഉത്‌കണ്‌ഠ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ജോലിയിലെ നിങ്ങളുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യാം. ഇതിനെ പരിഹരിക്കാന്‍ ആദ്യം ചെയ്യേണ്ടത് ഒരു ആത്മവിചിന്തനമാണെന്ന് ഹാര്‍വാഡ് ബിസിനസ്സ് റിവ്യൂവില്‍ എഴുതിയ ലേഖനത്തില്‍ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സൈക്കോളജി പ്രഫസര്‍ ടെസ്സ വെസ്റ്റ് പറയുന്നു. അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന തോന്നലിലേക്ക് നിങ്ങളെ എത്തിച്ച സാഹചര്യങ്ങള്‍ കണ്ടെത്തണം. ചിലപ്പോള്‍ സ്ഥാനക്കയറ്റം ലഭിക്കാത്തത് നിങ്ങളുടേതായ കാരണങ്ങള്‍ കൊണ്ടാകണമെന്നില്ല. നിങ്ങളുടെ മാനേജര്‍ക്ക് അത് നേടിയെടുക്കാനുള്ള കഴിവ് ഇല്ലാത്തത് മൂലമാകാം. ചിലപ്പോള്‍ മാനേജറുടെയും കുറ്റമാകില്ല. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മോശമായത് മൂലമാകാം. കാരണങ്ങള്‍ കണ്ടെത്തിയാല്‍ സ്വയം പഴിക്കുന്നത് നിര്‍ത്തി കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടെ സമീപിക്കാന്‍ സാധിക്കുമെന്ന് ടെസ്സ ചൂണ്ടിക്കാട്ടി.
ചിലപ്പോള്‍ സഹായകരമല്ലാത്ത താരതമ്യങ്ങള്‍ നടത്തുന്നത് മൂലമാകാം നിങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരം ലഭിക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടാകുന്നത്. നിങ്ങളുടെ ഒപ്പം ജോലിക്ക് കയറിയവരോ സമപ്രായത്തിലുള്ളവരോ ഒക്കെ പ്രമോഷന്‍ നേടി മുകളിലേക്ക് പോകുകയും നിങ്ങള്‍ മാത്രം അതേ സ്ഥാനത്ത് തുടരുകയോ ചെയ്യുമ്പോള്‍ ഈ താരമത്യം സ്വാഭാവികമായും മനസ്സില്‍ ഉടലെടുക്കാം. ഇവിടെ താരതമ്യം നടത്തേണ്ടത് പ്രമോഷന്‍ ലഭിച്ച വ്യക്തി കൈവരിച്ച നൈപുണ്യശേഷികളും അനുഭവപരിചയവുമായിട്ടാണെന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു. പ്രമോഷന് പരിഗണിച്ചവരും നിങ്ങളും തമ്മില്‍ നൈപുണ്യങ്ങളുടെ കാര്യത്തില്‍ എന്തെങ്കിലും വിടവുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നത് സ്ഥാനക്കയറ്റ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും.
അധിക ജോലികള്‍ സ്ഥാനക്കയറ്റത്തിന് സഹായിക്കുന്നുണ്ടോ
ഒരു സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് പലപ്പോഴും കമ്പനിക്ക് വേണ്ടി അധികമായ പല ജോലികളും ചെയ്‌ത് കൊടുക്കേണ്ട സാഹചര്യം വരും. ഇത് ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നിങ്ങളെ ശ്രദ്ധിക്കാന്‍ സഹായിക്കുമെങ്കിലും അത്തരം അധിക ജോലികള്‍ നിങ്ങളുടെ സ്ഥാനക്കയറ്റത്തിന് ആവശ്യമായ നൈപുണ്യശേഷികളുമായി ഒത്തു പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അടുത്ത റോളിലേക്ക് ഉയരാന്‍ ആവശ്യമായ ശേഷികള്‍ നിങ്ങള്‍ക്ക് നേടിത്തരാന്‍ ഈ അധികമായി ചെയ്യുന്ന പണികള്‍ക്ക് സാധിച്ചാല്‍ മാത്രമേ അത് കൊണ്ട് പ്രയോജനമുള്ളൂ എന്നും ടെസ്സ് വ്യക്തമാക്കുന്നു. കമ്പനിയിലെ സീനിയറായ ആളുകളുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ സഹായകമാകും.
ടീമിന് വേണ്ടി ഓവറായി ജോലി ചെയ്യരുത്
നല്ലൊരു ടീം പ്ലേയറാണ് താനെന്ന് കാണിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ ജോലി കൂടി ഏറ്റെടുത്ത് ചെയ്യുന്നവരുണ്ട്. ഇതും നിങ്ങള്‍ക്ക് ജോലി സ്ഥലത്ത് അംഗീകാരം നേടിത്തരില്ല. എന്ന് വച്ച് ടീം അംഗങ്ങളെ സഹായിക്കുകയേ ചെയ്യരുതെന്നല്ല. എല്ലാത്തിനും ഒരു അതിര് വയ്‌ക്കണം എന്ന് മാത്രം. ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്‌ത് നിങ്ങള്‍ ടീമിന് വേണ്ടി ചെയ്യുന്ന അധിക ജോലിക്ക് ഒരു അതിര്‍ത്തി നിശ്ചയിക്കണം. ടീമിന്റെ വളര്‍ച്ചയ്‌ക്കൊപ്പം സ്വന്തം കരിയര്‍ വളര്‍ച്ചയ്‌ക്കുമുള്ള കാര്യങ്ങള്‍ ചെയ്യാനും സമയം കണ്ടെത്തണണെന്നും ടെസ്സ വെസ്റ്റ് കൂട്ടിച്ചേര്‍ക്കുന്നു.