ADVERTISEMENT

‘‘ചേട്ടാ...ഇവിടെ ഇന്ന് ഒരു കേറ്ററിങ് ടീം ഭക്ഷണം കൊണ്ടുവന്നിട്ടുണ്ട്. അത് കഴിച്ചിട്ടേ പോകാവൂ...’’ കണ്ണൂരിലെ റിസോർട്ടിലെ കെയർ ടേക്കർ സ്നേഹത്തോടെ പറഞ്ഞപ്പോൾ എനിക്കു സന്തോഷം തോന്നി. ഞാൻ താമസിക്കാൻ വന്നത് അറിഞ്ഞ് ആരാകും ഭക്ഷണം സ്നേഹത്തോടെ കൊടുത്തുവിട്ടിരിക്കുക? ഇൗ സംഭവം നടക്കുന്നത് ഒക്ടോബർ 13നാണ്. വിശദമായി തിരക്കിയപ്പോഴാണ് ഒരാൾക്കല്ല ഇരുന്നൂറ് പേർക്കുള്ള ഭക്ഷണമാണ് കൊടുത്തുവിട്ടിരിക്കുന്നത്! എന്തായാലും ഭക്ഷണം കഴിച്ചശേഷം കാരണം അന്വേഷിച്ചിറങ്ങിയ എനിക്കു കിട്ടിയത് നല്ലൊരു പാഠമായിരുന്നു. എനിക്ക് മാത്രമല്ല ബിസിനസ് രംഗത്തു പ്രവർത്തിക്കുന്ന ആർക്കും ഉപകാരപ്പെടുന്ന കാര്യം. കേറ്ററിങ് യൂണിറ്റ് മലബാർ മേഖലയിൽ നല്ല പേരുള്ളവർ. സീസണായാൽ തിരക്കോടുതിരക്ക്. ക്ലൈന്റിന്റെ സത്ക്കാരം നടക്കുന്ന തീയതി നവംബർ 13. രണ്ടു മാസം മുൻപു തന്നെ മെനു തീരുമാനിച്ചു അഡ്വാൻസ് തുകയും കൈമാറി. തിരക്കിനിടയിൽ മാസം പക്ഷേ തെറ്റായാണ് രേഖപ്പെടുത്തിയത്. കൃത്യസമയത്തു തന്നെ ഭക്ഷണം പറഞ്ഞ സ്ഥലത്ത് എത്തിച്ചു. തെറ്റായി ഒരു മാസം മുൻപ്. 

ഇൗ വരികൾ വായിക്കുമ്പോൾ ഇങ്ങനെയെല്ലാം സംഭവിക്കുമോ എന്നാകും ചോദ്യം. ഒന്ന് അന്വേഷിച്ചാൽ ഇങ്ങനെ എത്ര കഥകൾ നമ്മുടെ ചുറ്റിലും കാണും. ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇങ്ങനെ നഷ്ടം വരുന്നതെന്നു മാത്രം ധരിക്കരുത്. പലപ്പോഴും യാത്രകളുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും യാത്രാദിവസത്തെ തീയതി നമ്മുടെ ബുദ്ധിയെ പറ്റിക്കും. തൊട്ടടുത്ത ദിവസം യാത്ര ചെയ്യാൻ തീരുമാനിച്ചു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തിരക്കിൽ ചിലപ്പോൾ ബുക്ക് ചെയ്യുക അടുത്ത മാസത്തെ തീയതിയിലാകും. എന്റെ സഹപ്രവർത്തകർക്കു പലർക്കും അങ്ങനെ സംഭവിച്ചതു പിന്നീടു കൂട്ടചിരിക്കു വകയായിട്ടുണ്ട്. നമ്മുടെ റസ്റ്ററന്റ് ചെയിനുകളിലും ഇത്തരം തീയതികളുടെ കളികൾ സംഭവിക്കാറുണ്ട്. വളരെ അടുപ്പമുള്ളവർ പോലും തീയതിയും സമയവും കൃത്യമായി പറഞ്ഞ് ടേബിൾ മുൻകൂറായി ബുക്ക് ചെയ്യും. ബുക്ക് ചെയ്യുന്ന അതിഥിയുടെ മനസിൽ ഒരു സ്ഥലവും ബുക്ക് ചെയ്യുന്നത് വേറെ സ്ഥലവുമാണെങ്കിൽ സംഗതി കുളമാകും. ഉദാഹരണത്തിനു കൊച്ചിയിലെ ആർസിപി മനസിൽ കണ്ടിട്ട് ബെംഗളൂരുവിലെ ആർസിപിയിൽ വിളിച്ച് ടേബിൾ ബുക്ക് ചെയ്യതാൽ അതിഥി വരുമ്പോൾ ബുക്ക് ചെയ്ത ടേബിളിൽ മറ്റൊരു സംഘമാകും സ്ഥലം പിടിച്ചിരിക്കുന്നത്.

time-management-life-skill-oonal-istock-photo-com
Representative Image. Photo Credit : Oonal / IStockPhoto.com

ഇത്തരം സംഭവങ്ങളിൽ നിന്നും ഞാൻ പഠിച്ച പാഠമാണ് ഡേറ്റ് ഡിസിപ്ലിൻ. കാരണം നമ്മളെല്ലാം സാധരണ മനുഷ്യരാണ് സൂപ്പർ കംപ്യൂട്ടറുകളല്ല. അതു കൊണ്ട് ബിസിനസിലും വ്യക്തിജീവിതത്തിലും ഡേറ്റ് ഡിസിപ്ലിൻ അല്ലെങ്കിൽ ടൈം ഡിസിപ്ലിൻ വേണമെന്ന് ഞാൻ കരുതുന്നത്. നിങ്ങൾ പരിചയമില്ലാത്ത മറ്റൊരു സിറ്റിയില്‍ ഹോട്ടൽ ബുക്ക് ചെയ്യുമ്പോൾ ഡേറ്റ് റീകൺഫേം ചെയ്ത് ഇ – മെയിൽ അയയ്ക്കുന്നതും മറക്കരുത്. നമ്മൾ എത്ര ശ്രദ്ധിച്ചാലും തീയതികൾ നമ്മളെ കബളിപ്പിക്കും. കംപ്യൂട്ടറിൽ രേഖപ്പെടുത്തുന്നത് പോലെ ഡയറിയിലോ ഫോണിലോ പ്രധാനപ്പെട്ട കാര്യങ്ങൾ കുറിച്ചുവയ്ക്കുകയും കൃത്യമായി റീ–കൺഫേം ചെയ്യുന്നതും നല്ലതാണ്. വിളിച്ചു സംസാരിക്കുന്നതിനൊപ്പം കൃത്യമായി ഇ – മെയിലുകൾ അയയ്ക്കുന്നതും അഭികാമ്യം. ബിസിനസ് ഒാഡറുകൾ മുതൽ യാത്രകൾ വരെ ഇങ്ങനെ ചെയ്താൽ ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാം. 

English Summary:

Don't Let Dates Trick You: How to Avoid Costly Scheduling Mistakes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com