ADVERTISEMENT

നിങ്ങള്‍ക്ക്‌ നേരിട്ടു പരിചയമില്ലാത്ത ഒരു വ്യക്തിയുമായി ബിസിനസ്‌, നെറ്റ്‌ വര്‍ക്കിങ്‌ അവസരങ്ങള്‍ക്കായി ഒരു ബന്ധം സ്ഥാപിക്കുന്നതിന്‌ അയയ്ക്കുന്ന ഇ– മെയിലുകളെയാണ്‌ ‘കോള്‍ഡ്‌ ഇ–മെയിലുകള്‍’ എന്ന്‌ പറയുന്നത്‌. നിങ്ങളെ ആ വ്യക്തിക്കു പരിചയപ്പെടുത്തുന്നതിനായി ഇത്തരം ഇ – മെയിലുകള്‍ ഉപയോഗിക്കുന്നു. സെയില്‍സ്‌ മേഖലയില്‍ മാത്രമല്ല, തൊഴില്‍ അന്വേഷണത്തിലും ഇത്തരം കോള്‍ഡ്‌ ഇ – മെയിലുകള്‍ നിർണായകമാണ്‌. നിങ്ങള്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനത്തിലെ സീനിയര്‍ തലത്തിലെ ജോലികള്‍ ചെയ്യുന്ന വ്യക്തികളെ കണ്ടെത്തിയാണ്‌ കോള്‍ഡ്‌ ഇ - മെയിലുകള്‍ അയയ്ക്കേണ്ടത്‌. ഇതിന്‌ അല്‍പം ഗവേഷണമൊക്കെ വേണ്ടിവരും. കമ്പനിയുടെ വെബ്‌സൈറ്റോ, സമൂഹ മാധ്യമങ്ങളോ ഒക്കെ തപ്പിയാല്‍ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുടെ ഇ – മെയില്‍ വിലാസം ലഭിക്കും. 

നിങ്ങള്‍ ആരാണെന്നും എന്തിനു വേണ്ടിയാണ്‌ മെയില്‍ അയയ്ക്കുന്നതെന്നും വ്യക്തമാക്കണം. നിങ്ങള്‍ നിലവില്‍ എവിടെ ജോലി ചെയ്യുന്നെന്നും എങ്ങനെയാണ്‌ അവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും എന്തുകൊണ്ടാണ്‌ പ്രസ്‌തുത കമ്പനിയുമായി ബന്ധപ്പെടാന്‍ താർപര്യപ്പെടുന്നതെന്നും കോള്‍ഡ്‌ ഇ – മെയിലുകളില്‍ വിശദീകരിക്കണം. ആദ്യ മെയിലുകളില്‍ തന്നെ ജോലിക്ക്‌ അഭ്യർഥിക്കണമെന്നില്ല. പിന്നീട്‌ അയയ്ക്കുന്ന തുടര്‍ മെയിലുകളിലോ നേരിട്ടുള്ള കൂടിക്കാഴ്‌ചയിലോ ഇതൊക്കെ ആകാം. വളരെ പതിയെ വേണം ബന്ധം വളര്‍ത്താനും ജോലിക്കായുള്ള അഭ്യർഥന നടത്താനും. വ്യക്തിഗതമായ സന്ദേശങ്ങളാകണം ഇ – മെയിലില്‍ ഉള്ളത്‌. അയയ്ക്കുന്ന വ്യക്തിയുടെ പേര്‌ ഉപയോഗിക്കാം. അവര്‍ അടുത്തിടെ ചെയ്‌ത, നിങ്ങള്‍ മതിക്കുന്ന ശ്രദ്ധേയമായ എന്തെങ്കിലും പ്രവൃത്തികളും പരാമര്‍ശിക്കാം. വെറുതേ ജോലി ചോദിക്കുക മാത്രമല്ല, സ്ഥാപനത്തില്‍ യഥാർഥമായ താൽപര്യം നിങ്ങള്‍ക്കുണ്ടെന്നും ഇതിലൂടെ വ്യക്തമാക്കാം. 

focusing-on-computer-screen-agrobacter-istock-photo-com
Representative Image. Photo Credit : Agrobacter / iStockPhoto.com

കോള്‍ഡ്‌ ഇ – മെയില്‍ അയച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ ഫോളോ അപ്പ്‌ മെയിലുകള്‍ അയയ്ക്കാം. ഇത്തരം മെയിലുകള്‍ രാത്രി വളരെ വൈകിയോ വെളുപ്പാന്‍ കാലത്തോ അയയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ആയാല്‍ ഏറ്റവും നല്ലത്‌. ആദ്യമായി നിങ്ങള്‍ ബന്ധപ്പെടുന്നതിനാല്‍ നീട്ടിവലിച്ച്‌ എഴുതരുത്‌. ഹ്രസ്വവും ലളിതവും കാര്യമാത്ര പ്രസക്തവുമാകണം മെയില്‍. നല്ലവണ്ണം വായിച്ചു നോക്കി ഗ്രാമര്‍, സ്‌പെല്ലിങ്‌ തെറ്റുകള്‍ ഇല്ലെന്ന്‌ ഉറപ്പാക്കി വേണം കോള്‍ഡ്‌ മെയില്‍ അയയ്ക്കാന്‍. ഇ – മെയില്‍ അയയ്ക്കപ്പെടുന്ന വ്യക്തിക്കും നിങ്ങള്‍ക്കും പൊതുവായി എന്തെങ്കിലും താൽപര്യങ്ങളുണ്ടെങ്കില്‍ അതു പരാമര്‍ശിക്കുന്നത്‌ വ്യക്തിപരമായ അടുപ്പം വളര്‍ത്താന്‍ സഹായിക്കും. പൊതുവേ അപരിചിതരില്‍ നിന്നുള്ള മെയിലുകള്‍ അവഗണിക്കാന്‍ സാധ്യത അധികമാണ്‌. ഇതിനാല്‍ മെയിലിന്റെ  സബ്‌ജക്ട്‌ ലൈനില്‍ തന്നെ ശ്രദ്ധ കവരാന്‍ ശ്രമിക്കുക. ആ വ്യക്തിയുമായി നേരിട്ട്‌ കൂടിക്കാഴ്‌ച നടത്താന്‍ താൽപര്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ ലഭ്യമായ ഒന്നിലധികം തീയതികളും സമയങ്ങളും രേഖപ്പെടുത്തുകയും ഇതില്‍നിന്നൊന്ന്‌ തിരഞ്ഞെടുക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുക. ടൈപ്ലി, കോള്‍ഡ്‌ സ്‌ക്രൈബ്‌, ഹണ്ടര്‍ ഐഒ പോലുള്ള നിർമിത ബുദ്ധി അധിഷ്‌ഠിത ടൂളുകളും കോള്‍ഡ്‌ ഇ – മെയിലുകള്‍ അയയ്ക്കാന്‍ സഹായകമാണ്‌. 

English Summary:

This guide provides a comprehensive overview of writing effective cold emails for job searching and networking. Learn how to personalize your message, find the right contacts, and follow up strategically.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com